ചേരാനല്ലൂർ വാഹനാപകടം: മകൻ യൂട്യൂബ് നോക്കിയാണ് ഡ്രൈവിങ് പഠിച്ചതെന്ന് ജഡ്ജിയുടെ മൊഴി

കൊച്ചി: ചേരാനല്ലൂരിൽ കാറിടിച്ച് തട്ടുകട ഉടമ മരിച്ച കേസിൽ പ്രതിയായ 17കാരന്‍റെ പിതാവ് അഡീഷനൽ ജില്ല ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. വലിയ വിവാദങ്ങൾക്കും കുടുംബത്തിന്റെ സമ്മർദത്തിനും ഒടുവിലാണ് കേസിൽ ജഡ്ജിയെ പ്രതി ചേർത്തത്. അതിന് പിന്നാലെ അന്വേഷണ സംഘം ജഡ്ജിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.

അന്വേഷണത്തോട് കൃത്യമായി സഹകരിച്ചിരുന്നെങ്കിലും ഔദ്യോഗികമായി മൊഴി രേഖപ്പെടുത്താൻ ജഡ്ജി സമ്മതിച്ചിരുന്നില്ല. താൻ അറിയാതെയാണ് മകൻ ബെൻസ് കാറുമെടുത്ത് പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങിയതെന്നാണ് ജഡ്ജി പറയുന്നത്. മകന് ഡ്രൈവിങ് അറിയാമോ എന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു. യൂട്യൂബ് നോക്കിയാണ് മകൻ ഡ്രൈവിങ് പഠിച്ചത്. താൻ ഉറങ്ങുന്ന സമയത്താണ് മകൻ കാറുമെടുത്ത് പോയത്. ഞായറാഴ്ചകളിൽ വൈകി മാത്രമാണ് താൻ ഉറക്കമുണരാറുള്ളതെന്നും തന്റെ അറിവോടെയല്ല മകൻ കാറുമെടുത്ത് പോയതെന്നുമാണ് ജഡ്ജിയുടെ മൊഴി.

അതിനിടെ 17കാരന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തു. അമിത വേഗത്തിൽ വാഹനമോടിക്കുന്നതിന്റെ വീഡിയോകൾ ഉൾപ്പെടെ ഈ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരുന്നത്. ഇത് തെളിവായി ഉപയോഗിക്കാതിരിക്കാനാകാം അക്കൗണ്ട് ഡിലീറ്റ് ചെയ്തതെന്നാണ് പൊലീസ് നിഗമനം. അതേസമയം, കേസിൽ നിർണായകമായ എട്ട് സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ 17കാരന്റെ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കാർ 104 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നും പൊലീസ് പറയുന്നു.

അപകടം വരുത്തിയ വാഹനത്തിന്‍റെ ആർ.സി റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും പൊലീസ് പരിശോധിക്കുന്നുണ്ട്. കേസിന്റെ അന്വേഷണം ഇപ്പോൾ ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. ക്രൈം ബ്രാഞ്ച് സംഘം അന്വേഷണ നടപടികളുമായി അതിവേഗം മുന്നോട്ട് പോവുകയാണ്. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് ഇപ്പോൾ അന്വേഷണസംഘം ലക്ഷ്യമിടുന്നത്.

സംഭവത്തിൽ അഡീഷനൽ ജില്ല ജഡ്ജിക്കെതിരെ തിങ്കളാഴ്ച പൊലീസ് കേസെടുത്തിരുന്നു. ഇരിങ്ങാലക്കുട മോട്ടർ ആക്സി‍ഡന്‍റ് ക്ലെയിംസ് ട്രിബ്യൂണൽ ചുമതലയുള്ള അഡീഷനൽ ജില്ല ജഡ്ജിക്കെതിരെയാണ് കേസെടുത്തത്. കുടുംബത്തിന്‍റെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് കേസെടുത്തത്. മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. പ്രതി മണിക്കൂറിൽ 100 കിലോമീറ്ററിനു മുകളിൽ വേഗതയിലാണ് വാഹനമോടിച്ചിരുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് വ്യക്തമാക്കി.

Tags:    
News Summary - Judge Questioned In Cheranalloor Accident Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.