ഗായകൻ സോമദാസ്‌ അന്തരിച്ചു

കൊല്ലം: ഗാനമേളകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയനായ ഗായകൻ സോമദാസ്‌ (42) അന്തരിച്ചു. പുലർച്ചെ മൂന്നു മണിയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പാരിപ്പള്ളി മെഡിക്കൽ കോളജിൽ കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

കൊല്ലം ചാത്തന്നൂർ സ്വദേശിയാണ്. സ്റ്റാർ സിങ്ങർ (2008), ബിഗ് ബോസ് (2020) തുടങ്ങിയ ജനപ്രിയ റിയാലിറ്റി ഷോകളിലൂടെയാണ് സോമദാസ് തിളങ്ങിയത്. പ്രേക്ഷകരുടെ ഇഷ്ട മത്സരാർഥിയാകാൻ അദ്ദേഹത്തിന് സാധിച്ചു. അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റർ പെർഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങിയ ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായിരുന്ന സോമദാസിന് വിദേശത്ത് നിരവധി ഷോകളിൽ പാടാൻ അവസരം ലഭിച്ചിട്ടുണ്ട്. അന്തരിച്ച നടനും ഗായകനുമായിരുന്ന കലാഭവൻ മണിയുടെ ശബ്ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു. കലാഭവൻ മണിയുടെ ഇടപെടലിനെ തുടർന്നാണ് സോമദാസിന് സിനിമയിൽ അവസരം ലഭിച്ചത്.

കൊല്ലം സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, എസ്.എൻ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. രാവിലെ 11.30ന് ചാത്തന്നൂരിലെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങൾ നടക്കും. ഭാര്യയും നാല് പെൺമക്കളുമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.