എലിപ്പനി: ആറ് മരണം കൂടി; രോഗബാധിതരുടെ എണ്ണം കൂടുന്നു
ആശങ്കക്ക് വകയില്ലെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ച് അറിയിക്കുേമ്പാഴും എലിപ് പനി മരണവും രോഗബാധിതരുടെ എണ്ണവും കൂടുന്നു. തിങ്കളാഴ്ച വിവിധ ജില്ലകളിൽ നിന്ന് ഏഴു മരണം റിപ്പോർട്ട് ചെയ്തു. ഇതിൽ രണ്ടുപേർ പ്രളയമേഖലയിൽ ശുചീകരണത്തിനിറങ്ങിയവരാണ്. ആഗസ്റ്റ് 20 മുതൽ എലിപ്പനി ബാധിച്ച് മരിച്ചവർ ഇതോടെ 51ആയി. വിവിധ ജില്ലകളിൽ 71 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു.
- കോഴിക്കോട്: ജില്ലയിൽ എലിപ്പനി ബാധിച്ച് രണ്ടുമരണം കൂടി. വടകര പഴങ്കാവിലെ തെക്കെപഴങ്കാവില് നാരായണി അമ്മ (84), എരഞ്ഞിക്കൽ നെട്ടോടിത്താഴത്ത് അനില്‍കുമാര്‍ (52) എന്നിവരാണ് തിങ്കളാഴ്ച മരിച്ചത്. നാരായണിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അനിൽകുമാറിന് എലിപ്പനിയെന്ന് സംശയിക്കുന്നു. ഇതോടെ ജില്ലയിൽ പ്രളയത്തിനുശേഷം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി. ഇതിൽ ഏഴുപേർക്കാണ് സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. 104 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. തിങ്കളാഴ്ച മാത്രം 20 പേർക്ക് സ്ഥിരീകരിച്ചു.
- പത്തനംതിട്ട: പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന യുവാവും സെക്യൂരിറ്റി ജീവനക്കാരനും എലിപ്പനി ബാധിച്ച് മരിച്ചു. മേഖലയിൽ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമായിരുന്ന അയിരൂര്‍ സൗത്ത് മേലേമാടത്തുപറമ്പില് രാജുവിെൻറ മകന് എം.ആര്. രഞ്ജു (31), സെക്യൂരിറ്റി ജീവനക്കാരന് ഇലന്തൂര്‍ നിരന്നനിലത്ത് പുരുഷോത്തമൻ (54) എന്നിവരാണ് മരിച്ചത്.
- കോട്ടയം: എലിപ്പനി ബാധിച്ച് ചികിത്സയിലായ വീട്ടമ്മയും എറണാകുളം സ്വദേശിയും മരിച്ചു. പാലാ വള്ളിച്ചിറ ചെറുകര മങ്കൊമ്പ് മാവേലിത്തയ്യിൽ ബനഡിക്ടിെൻറ (മോറിസ്) ഭാര്യ ഏലിയാമ്മ (സാലിയമ്മ -48), എറണാകുളം വടക്കൻപറവൂർ കുത്തിയതോട് തേലാതുരുത്ത് പുഞ്ചക്കൽ പി.കെ. ഉത്തമൻ (48) എന്നിവരാണ് മരിച്ചത്.
- കണ്ണൂർ ജില്ലയിൽ എലിപ്പനി ബാധിച്ചതായി സംശയിക്കുന്ന ആറുപേരിൽ ഒരാൾ മരിച്ചു. എടക്കാട് ആറ്റടപ്പയിൽ പ്രകാശൻ (55) ആണ് ആശുപത്രിയിൽ മരിച്ചത്.
- തൊടുപുഴ: ശുചീകരണത്തിനിറങ്ങിയ മധ്യവയസ്കൻ പനി ബാധിച്ച് മരിച്ചു. ഒളമറ്റം പനയോലപ്പറമ്പിൽ ജോസഫ് മത്തായിയാണ് (58) മരിച്ചത്. ഒളമറ്റം മാരിയിൽ കലുങ്ക് ഭാഗത്ത് വെള്ളം കയറിയ വീടുകളിൽ ജോസഫ് ശുചീകരണത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് കടുത്ത പനിയുണ്ടായി തൊടുപുഴ ജില്ല ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. എന്നാൽ, മരണകാരണം എലിപ്പനിയല്ലെന്ന് ജില്ല മെഡിക്കൽ ഒാഫിസർ ഡോ. എൻ. പ്രിയ പറഞ്ഞു.
ഭയക്കേണ്ട സാഹചര്യമില്ല -കെ.കെ. ശൈലജ
കണ്ണൂർ: സംസ്ഥാനത്ത് എലിപ്പനി നിയന്ത്രണവിധേയമാണെന്നും ഭയക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി കെ.കെ. ശൈലജ. എലിപ്പനി ബാധിച്ച് 50ഒാളം പേർ മരിച്ച സാഹചര്യത്തിൽ മുഴുവൻ ജില്ലകളിലും ആരോഗ്യവകുപ്പ് അതീവജാഗ്രത പുലർത്തുന്നുണ്ടെന്നും മന്ത്രി കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മലിനജല സമ്പർക്കമുണ്ടായവർ എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടർമാരെ സമീപിക്കണം. സ്വകാര്യ ആശുപത്രികളിലും രോഗപരിശോധനക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
‘ഒഴുകിയെത്തിയ’ എലിപ്പനിയിൽ വിറച്ച് നാട്
കോഴിക്കോട്: പ്രളയക്കെടുതിയിലെ കൈമെയ് മറന്ന രക്ഷാപ്രവർത്തനത്തിനിടെ പകർച്ചവ്യാധി ഭീഷണികൾ അവഗണിച്ചത് വിനയായി. ആഗസ്റ്റ് 15 മുതൽ തുടങ്ങിയ കനത്ത മഴയിൽ രക്ഷാപ്രവർത്തനം നടത്തിയവരും എലിപ്പനി ബാധിച്ച് മരിച്ചതാണ് ആശങ്കയുണ്ടാക്കുന്നത്. സംസ്ഥാനത്ത് അഞ്ചു പേർക്കാണ് ദുരിതാശ്വാസ പ്രവർത്തനത്തിനിടെ എലിപ്പനി ബാധിക്കുകയും ജിവൻ നഷ്ടമാകുകയും ചെയ്തത്.
പ്രളയശേഷം സാംക്രമികരോഗങ്ങൾ പടരുെമന്ന് ആരോഗ്യവകുപ്പ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇക്കാര്യം പലരും ഗൗരവമായിയെടുത്തില്ലെന്നാണ് മരണനിരക്ക് സൂചിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിർദേശങ്ങൾ താേഴത്തട്ടിലെത്തിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഒാടകൾ നിറഞ്ഞൊഴുകിയ റോഡിലൂടെ നടന്നുപോയവർക്കുവരെ എലിപ്പനി ബാധിച്ചിരുന്നു. വീണതിനെ തുടർന്ന് വെള്ളം കുടിച്ച് പോയവർക്കും അസുഖം ബാധിച്ചിട്ടുണ്ട്.
ഇത്രയും കനത്ത വെള്ളക്കെട്ടിലും ഒഴുക്കിലും എലിമൂത്രത്തിലൂടെ രോഗം പകരില്ലെന്ന മിഥ്യാധാരണയും രോഗം പടരാൻ ഇടയാക്കി. പ്രളയം കനത്തനാശം വിതക്കാത്ത കോഴിക്കോട്ടാണ് ഏറ്റവും കൂടുതൽ എലിപ്പനി മരണങ്ങളുണ്ടായതെന്നതും ആശങ്ക വർധിപ്പിച്ചു. ഒാടകൾ വൃത്തിയാക്കാത്തതിനാൽ എലികൾ പെരുകിയതാണ് കോഴിക്കോട് കോർപറേഷൻ പരിധിയിലും സമീപ പ്രദേശങ്ങളിലും രോഗം വർധിക്കാനിടയാക്കിയത്. എലിപ്പനി പ്രതിരോധമരുന്നായ ഡോക്സി സൈക്ലിൻ ഗുളികകൾ കഴിക്കാൻ പലരും തയാറാവുന്നില്ലെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു. ആരോഗ്യമന്ത്രി െക.കെ. ശൈലജയും ഇക്കാര്യമാണ് എടുത്തുപറയുന്നത്.
പനി ബാധിച്ച ചുരുക്കം ചില രോഗികൾ പാരെസറ്റമോൾ കഴിച്ച് സ്വയം ചികിത്സ നടത്തിയതും പ്രശ്നം ഗുരുതരമാക്കി. കോഴിക്കോട് മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികളിലെ രോഗികളുടെ ബാഹുല്യവും മെച്ചപ്പെട്ട ചികിത്സക്ക് തിരിച്ചടിയായി. അതിനിടെ, ഡോക്സി സൈക്ലിൻ ഗുളികയുടെ പ്രചാരണത്തിനായി സർക്കാർ ട്രോളുകളുമായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.