‘നീ ചത്തില്ലല്ലോ...’ -സ്കൂട്ടറിന് നേരെ ബസ്​ ഓടിച്ചുകയറ്റി ഡ്രൈവറുടെ ചോദ്യം

തലശ്ശേരി: ‘നിലം തൊ​ടാതെ പറക്കുന്ന’ സ്വകാര്യ ബസ്സുകൾ നിരവധി ജീവനുകൾ കവർന്ന കണ്ണൂർ -കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസിന്റെ മരണയാത്രയെ കുറിച്ച് സ്കൂട്ടർ യാത്രികന്റെ കുറിപ്പ് വൈറലാകുന്നു. സ്കൂട്ടറിലേക്ക് ഓടിച്ചു കയറ്റിയ ബസിൽനിന്ന് തലനാരിഴക്കാണ് താൻ രക്ഷപ്പെട്ടതെന്നും അമിതവേഗതയെ ചോദ്യം ചെയ്തപ്പോൾ ‘നീ ചത്തില്ലല്ലോ...’ എന്നായിരുന്നു ഡ്രൈവറുടെ മറുപടിയെന്നും അപകടത്തിൽനിന്ന് രക്ഷപ്പെട്ട സ്കൂട്ടർ യാത്രികനും മാധ്യമപ്രവർത്തകനുമായ ലിബാസ് മങ്ങാട് പറയുന്നു.

ന്യൂമാഹി ടൗണിന് സമീപം മോട്ടോർ വാഹന വകുപ്പിന്റെ കാമറക്ക് മുന്നിൽ ഞായറാഴ്ചയായിരുന്നു സംഭവം. കാമറക്ക് മുന്നിലെ വളവിലൂടെ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ലിബാസ് സഞ്ചരിച്ച സ്കൂട്ടറിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. മഴയുള്ളതിനാലും സ്കൂട്ടർ വേഗത കുറവായതിനാലും റോഡിൽ നിന്ന് പുറത്തേക്ക് വെട്ടിക്കാൻ സാധിച്ചതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

അതിനിടെ, തിങ്കളാഴ്ച അമിത​വേ​ഗം ചോദ്യംചെയ്തതിന് വടകരയിൽ ബസ് ജീവനക്കാരൻ നാട്ടുകാരന്റെ തലയടിച്ച് പൊട്ടിച്ചിരുന്നു. കണ്ണൂർ -കോഴിക്കോട് റൂട്ടിലോടുന്ന ‘ചീറ്റപ്പുലി’ ബസിലെ ജീവനക്കാരാണ് കല്ല് ഉപയോഗിച്ച് തലക്കിടിച്ചത്. 

ലിബാസ് എഴുതിയ കുറിപ്പ് വായിക്കാം:

ആ വിറയൽ മാറിയിട്ടില്ല സർ

2023 ഒക്ടോബർ 1

ന്യൂമാഹി ടൗണിന് സമീപം കേരള സർക്കാർ - മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറക്ക് മുന്നിൽ.

നന്നായി

മഴ പെയ്ത് ചോർന്നുകൊണ്ടിരിക്കുന്നു.

റോഡിന്റെ വശം ചേർന്ന് തലശേരി ഭാഗത്തേക്ക് Honda Activa സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ഞാൻ.

ക്യാമറക്ക് മുന്നിലെ വളവിലൂടെ മറ്റൊരു വാഹനത്തെ മറികടന്ന് ഞാൻ സഞ്ചരിച്ച സ്കൂട്ടറിലേക്ക് ഒരു ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഓടിച്ചു കയറ്റുകയായിരുന്നു. മഴയുള്ളതിനാലും സ്കൂട്ടർ വേഗത കുറവായതിനാലും റോഡിൽ നിന്ന് പുറത്തേക്ക് വെട്ടിക്കാൻ സാധിച്ചതിനാൽ ഇപ്പോൾ ഞാൻ ജീവനോടെയുണ്ട്.

ഉള്ള ധൈര്യം സംഭരിച്ച് വന്നവഴി മാഹിപ്പാലത്തേക്ക് ബസ്സിന്റെ പിറകെ പോയി. ഡ്രൈവറോട് ഏന്തൊരു പോക്കാണെന്ന് ചോദിച്ചപ്പോൾ KL 59 M 5400 നമ്പർ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിലെ ഡ്രൈവറുടെ പ്രതികരണം ശ്രദ്ധേയമായി.

‘നീ ചത്തില്ലല്ലോ’ എന്ന്.

ചാവാത്തതിനാലാണല്ലോ

തെറ്റുകൾ ചോദ്യം ചെയ്യപ്പെടുന്നതെന്ന് മനസ്സിലാക്കാൻ സ്വബോധമുള്ളവർക്ക് മാത്രമെ സാധിക്കുകയുള്ളൂ ...

നിയമ സംവിധാനം വളരെ കർക്കശമാക്കി നടപ്പാക്കുന്ന നാട്ടിലെ ഡ്രൈവറുടെ മറുപടി. തികച്ചും പ്രശംസനീയമാണ്.

കാരണം അമിത വേഗതനിയന്ത്രിക്കേണ്ട സംവിധാനത്തിന് മുന്നിലൂടെയാണല്ലോ ഒരു സ്വകാര്യ ബസ് മനുഷ്യന്റെ ജീവന് ഒരു തരി വില കൽപ്പിക്കാതെ ഓടിച്ചു കയറ്റുന്നത്.

പ്രശ്നം ശ്രദ്ധയിൽ പെട്ട ന്യൂമാഹി പൊലീസ് എയിഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനു നേരെയും ബസ് കയറ്റാൻ ശ്രമം നടത്തിയ ബസ് ഡ്രൈവർക്ക് ഉചിത മായ പുരസ്കാരം നൽകാൻ മോട്ടോർ വാഹന വകുപ്പും അധികൃതരും തയ്യാറായാൽ അത് നാടിന് നാളെ മാതൃകയാവും. സ്വബോധമില്ലാതെ മഴക്കാലത്ത് മനുഷ്യ ജീവന് വില കൽപ്പിക്കാത്ത ബസ് ഡ്രൈവർക്കെതിരെയും ബസ്സിനെതിരെയും കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം. സർ.

ജീവിക്കാൻവേണ്ടിയുള്ള പെടാപ്പാടിലാണ് സർ

സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെയുള്ള ജന സമൂഹം ഈ കോരിച്ചൊരിയുന്ന മഴയിലും ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നത്. നമുക്ക് നീതി വേണം സർ.

‘വീട്ടിൽ കാത്തിരിക്കാൻ കുടുംബമുണ്ട്’ മോട്ടോർ വാഹന വകുപ്പിന്റെ ഈ സന്ദേശം റോഡരികിൽ ഭിത്തികളിൽ എഴുതിച്ചേർക്കാൻ മാത്രമാകരുത്. പരിമഠം മുതൽ മാഹിപ്പാലം വരെയുള്ള ഭാഗങ്ങളിൽ ദേശീയ പാത അപകടാവസ്ഥയിലായിട്ട് മാസങ്ങൾ കഴിഞ്ഞു.

ഈ പാതയിലൂടെയാണ് അർധബോധാവസ്ഥയിൽ ചിലർ ബസ്സുകളിൽ നിറയെ യാത്രക്കാരുമായി മരണക്കുണ്ടിലെ സർക്കസ് നടത്തുന്നത്.

ലിബാസ് മങ്ങാട്

മാധ്യമപ്രവർത്തകൻ

Full View

Full View


Tags:    
News Summary - Rash driving, overspeeding by Private bus in Kozhikode -kannur route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.