വേടൻ പീഡിപ്പിച്ചതായി യുവഡോക്ടറുടെ പരാതി; ബലാത്സംഗത്തിന് കേസെടുത്തു

കൊച്ചി: റാപ്പർ വേടൻ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി. യുവഡോക്ടറുടെ പരാതിയിൽ കൊച്ചി തൃക്കാക്കര പൊലീസ് കേസെടുത്തു. 2021 ആഗസ്റ്റ് മുതൽ 2023 മാർച്ച് മാസം വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് വേടൻ പീഡിപ്പിച്ചു എന്നാണ് പരാതി.

ഐപിസി 376 (2) (n) വകുപ്പനുസരിച്ച് ഒരേ സ്ത്രീയെ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തെന്നാണ് കേസ്. വിവാഹ വാഗ്ദാനം നൽകിയാണ് പീഡനമെന്ന് പരാതിയിൽ പറയുന്നു. തുടർച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് വേടൻ പിൻമാറി. വേടന്റെ പിൻമാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നത് എന്നും യുവതി പൊലീസിനോട് വ്യക്തമാക്കി.

അതിനിടെ, പീഡന പരാതി തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്‍റെ ഭാഗമെന്ന് റാപ്പർ വേടൻ പ്രതികരിച്ചു. നേരത്തെ മീ ടു ആരോപണം ഉയർന്നതിനു പിന്നാലെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കേസിനെ നിയമപരമായി നേരിടും. കേസുമായി ബന്ധപ്പെട്ട സൂചന നേരത്തെ ലഭിച്ചിരുന്നു. ആസൂത്രിത നീക്കത്തിന് ഓഡിയോ ക്ലിപ് ഉൾപ്പെടെയുള്ള തെളിവ് കൈവശമുണ്ട്. ഇന്നുതന്നെ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുമെന്നും വേടൻ പറഞ്ഞു.

നേരത്തെ, പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്നാരോപിച്ച് വേടനെതിരെ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാർ എന്‍.ഐ.എക്കും ആഭ്യന്തരവകുപ്പിനും പരാതി നല്‍കിയിരുന്നു. മോദിയെ കപട ദേശീയ വാദിയെന്ന് വേടൻ അവഹേളിച്ചെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടത്.

നാല് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ‘വേടന്റെ വോയ്‌സ് ഓഫ് വോയ്‌സ് ലെസ്’ എന്ന പാട്ടില്‍ മോദിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നാണ് ആരോപണം. പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കല്‍, വിദ്വേഷം വളര്‍ത്തല്‍, ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന ജാതി അധിഷ്ടിത അപകീര്‍ത്തിപ്പെടുത്തല്‍, അക്രമവും വിദ്വേഷവും വളര്‍ത്തുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചാണ് പരാതി.



Tags:    
News Summary - rape case against rapper vedan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.