ജീവിതമാണ് സാർ.. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രേട്ടറിയറ്റിനു മുന്നിൽ സമരം നടത്തുന്ന എൽ.എസ്.ജി റാങ്ക് ഹോൾഡർമാർ പൊലീസ് ജീപ്പിനടിയിൽ കിടന്ന് പ്രതിഷേധിക്കുന്നു
തിരുവനന്തപുരം: തൊഴിലിനു സമരം ചെയ്യുന്നവർക്ക് സ്വന്തം രാഷട്രീയംകൂടി പരസ്യമായി പറയേണ്ടിവരുന്നത് ഗതികേടാണെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രതിനിധികൾ. സെക്രേട്ടറിയറ്റിനു മുന്നിലെ സമരത്തിനു പിന്നിൽ പ്രതിപക്ഷമാണെന്ന സർക്കാർ വാദത്തോട് വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു ഉദ്യോഗാർഥികൾ. തങ്ങൾ പ്രതിപക്ഷത്തിെൻറ ചട്ടുകമല്ലെന്നും ഇടതുപക്ഷ പ്രവര്‍ത്തകരായതില്‍ അഭിമാനിക്കുന്നവരാണെന്നും ലാസ്റ്റ് ഗ്രേഡ് സര്‍വൻറ്സ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് അംഗങ്ങള്‍ പറഞ്ഞു.
സമരം ചെയ്യുന്നവര്‍ സൈബര്‍ ആക്രമണം നേരിടുകയാണ്. അതിനാലാണ് രാഷ്ട്രീയം തുറന്നുപറയേണ്ട അവസ്ഥയിലെത്തിയത്. രാഷ്ട്രീയം കൊണ്ട് നേട്ടമുണ്ടാക്കാന്‍ ലക്ഷ്യമില്ല. പാര്‍ട്ടിയെ ചതിച്ചെന്ന് ചിന്തിക്കരുത്. ജോലി കിട്ടുകമാത്രമാണ് ലക്ഷ്യമെന്ന് ഇടുക്കി ജില്ലയിലെ എല്‍.ജി.എസ് റാങ്ക് പട്ടികയില്‍ 346ാം റാങ്കുകാരനായ വിജേഷ് പറഞ്ഞു. തങ്ങളെ പ്രതിപക്ഷം ഇളക്കിവിട്ടതും ക്ഷണിച്ചതുമല്ല. മന്ത്രി മേഴ്സിക്കുട്ടിയമ്മ, ചിന്ത ജെറോം എന്നിവരെ നേരിട്ടുകണ്ട് മുമ്പ് പരാതി ധരിപ്പിച്ചിരുന്നു. നടപടിയില്ലാത്തതിനാണ് സമരമെന്ന് കൊല്ലം സ്വദേശി രമ്യ പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണ് താനും കുടുംബവുമെന്ന് കോട്ടയം എല്‍.ജി.എസ് റാങ്ക് പട്ടികയില്‍ 715ാം റാങ്കുകാരിയായ തിരുവനന്തപുരം സ്വദേശി സോഫിത പറഞ്ഞു.
സൈബര്‍ ആക്രമണം അസഹനീയമായപ്പോൾ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായി ലയാ രാജേഷ് പറഞ്ഞു. രാഷ്ട്രീയ പകപോക്കല്‍ നടത്താതെ കൂടുതല്‍ നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് റിജു കെ.കെയും മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ 20ന് ശേഷം ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.