‘ഇത് പ്രത്യേക പരിഗണനയുടെ ഭാഗം’; റെയ്ഹാന് വാദ്രയെ മുഖ്യമന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചതിനെതിരെ ബി.ജെ.പി
തിരുവനന്തപുരം: പ്രിയങ്ക ഗാന്ധിയുടെ മകന് റെയ്ഹാന് വാദ്രയെ ചിത്രപ്രദര്‍ശനത്തിനായി കേരളത്തിലേക്ക് ക്ഷണിച്ച മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി. ഡല്‍ഹിയില്‍ റെയ്ഹാന് വാദ്ര നടത്തിയ പ്രദർശനത്തിന് വിലക്ക് നേരിട്ടതിന് തൊട്ടുപിന്നാലെ ഇത്തരമൊരു ക്ഷണം നടത്തിയത് ആ ചെറുപ്പക്കാരന് മാത്രം നല്കുന്ന പ്രത്യേക പരിഗണനയുടെ ഭാഗമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു.
സമാധാനപരമായി പ്രതിഷേധിക്കുന്ന സാധാരണ മലയാളി യുവാക്കളെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പോലീസ് കണ്ണീർവാതകവും ഗ്രനേഡുമെറിഞ്ഞ് മർദ്ദിക്കുമ്പോൾ, ചില പ്രത്യേക വ്യക്തികൾക്ക് മാത്രം അതിരുകടന്ന പരിഗണന നൽകുന്നത് അനീതിയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ജനാധിപത്യവും മനുഷ്യാവകാശങ്ങളും കുടുംബവാഴ്ചക്കാർക്കും അവരുടെ കുടുംബങ്ങൾക്ക് മാത്രമായി തീറെഴുതി നൽകിയതാണോയെന്നും മറ്റാർക്കും ഇത് ബാധകമല്ലേയെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ശൈലിക്കെതിരെയും പോസ്റ്റിൽ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. രാഹുൽ ഗാന്ധി നടപ്പിലാക്കുന്ന രാഷ്ട്രീയം ഒന്നടങ്കം കാപട്യത്തിലും നുണകളിലും അരാജകത്വത്തിലും പടുത്തുയർത്തിയതാണെന്നും അദ്ദേഹം ഒരു തട്ടിപ്പുകാരനാണെന്നുമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.
പ്രത്യേക ചിത്രങ്ങൾ യാതൊരു ഒഴിവാക്കലുകളോ മറ്റോ കൂടാതെ കേരളത്തില്‍ പ്രദര്‍ശനം നടത്താമെന്നും അതിൽ അഭിമാനമാണ് ഉള്ളതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അതിനെ വിമർശിച്ചാണ് ബി.ജെ.പി രംഗത്തെത്തിയത്. 'നോ ഐഡിയ ഈസ് ഫൈനല്‍' എന്ന പേരിൽ ഡല്‍ഹി ബിക്കാനീര്‍ ഹൗസില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ നിന്ന് റെയ്ഹാന്റെ 70ലധികം ചിത്രങ്ങള്‍ അധികൃതര്‍ നീക്കം ചെയ്തത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ആകെ പ്രദര്‍ശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന 105 ചിത്രങ്ങളില്‍ 74 എണ്ണമാണ് ഒഴിവാക്കിയിരുന്നത്.
രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മുഖ്യമന്ത്രി വി.ഡി. സതീശൻ കേരളത്തിലേക്ക് ഏതെങ്കിലും പ്രദർശനം കൊണ്ടുവരുന്നതിലോ, എന്തിന് വയനാട് എംപിയുടെ മകനെ ക്ഷണിക്കുന്നതിൽപ്പോലും എനിക്ക് യാതൊരു പ്രശ്നവുമില്ല.
എന്നാൽ ഇതിലെ അനീതി ഇതാണ്— സമാധാനപരമായി പ്രതിഷേധിക്കുന്ന സാധാരണ മലയാളി യുവാക്കളെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പോലീസ് കണ്ണീർവാതകവും ഗ്രനേഡുമെറിഞ്ഞ് ക്രൂരമായി മർദ്ദിക്കുമ്പോൾ, ഈയൊരു ചെറുപ്പക്കാരന് മാത്രം നൽകുന്ന പ്രത്യേക പരിഗണന!
അവരുടെ അവകാശങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്?
തൊഴിലില്ലായ്മയും രാഷ്ട്രീയ അഴിമതിയും മൂലം പൊറുതിമുട്ടുന്ന കേരളത്തിലെ യുവതയുടെ അവകാശങ്ങൾ എവിടെപ്പോയി?
പോക്സോ (POCSO) നിയമങ്ങൾ കാറ്റിൽപ്പറത്തി, പ്രായപൂർത്തിയാകാത്ത ഒരു മുസ്ലിം പെൺകുട്ടിയെ നിർബന്ധിത വിവാഹത്തിന് ഇരയാക്കുമ്പോൾ അവളുടെ അവകാശങ്ങൾക്ക് എന്ത് വിലയാണുള്ളത്?
അതുകൊണ്ട് പൊതുവിൽ കോൺഗ്രസിനോടും, പ്രത്യേകമായി Rahul Gandhi യോടും വി ഡി സതീശനോടുമുള്ള എന്റെ ചോദ്യമിതാണ്: ജനാധിപത്യവും മനുഷ്യാവകാശങ്ങളും കുടുംബവാഴ്ചക്കാർക്കും അവരുടെ കുടുംബത്തിനും മാത്രമായി തീറെഴുതി നൽകിയിട്ടുള്ളതാണോ? മറ്റാർക്കും ഇതൊന്നും ബാധകമല്ലേ?
രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തിലെ ഏറ്റവും നിന്ദ്യമായ വശവും ഇതുതന്നെയാണ്.
അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഒരു തട്ടിപ്പുകാരനാണെന്നും, അദ്ദേഹത്തിന്റെ രാഷ്ട്രീയം ഒന്നടങ്കം കാപട്യത്തിലും നുണകളിലും അഴിമതിയിലും അരാജകത്വത്തിലും വഞ്ചനയിലും പടുത്തുയർത്തിയതാണെന്നും ഞാൻ ഉറപ്പിച്ചു പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.