രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്: വിമർശനത്തോട് പ്രതികരിക്കാനില്ലെന്ന് കെ. സുധാകരൻ

കണ്ണൂർ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസിനെതിരെയുള്ള വിമർശനത്തോട് പ്രതികരിക്കാനില്ലെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. രാമക്ഷേത്ര ഉദ്ഘാടനം സംബന്ധിച്ച് നിലപാട് സ്വീകരിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. ഈ വിഷയത്തിൽ അഭിപ്രായം ചോദിച്ചാൽ പാർട്ടിയെ അറിയിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

ഇന്നലെ ഇതേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാൻ കെ.സി. വേണുഗോപാലും തയാറായിരുന്നില്ല. മാധ്യമപ്രവർത്തകർ ചോദ്യം ആവർത്തിച്ചപ്പോൾ കോൺഗ്രസ് ജനറൽ സെക്രട്ടറി മറുപടി പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ കൃത്യസമയത്ത് ഉത്തരം കിട്ടുമെന്നായിരുന്നു വേണുഗോപാലിന്‍റെ പ്രതികരണം.

പ്രതിഷ്ഠ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുതെന്നാണ് കേരള ഘടകത്തിന്‍റെ നിലപാടെന്ന് കെ. മുരളീധരൻ എം.പി. ഇക്കാര്യം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. ഇൻഡ്യ മുന്നണിയിലെ ഘടകകക്ഷികളുമായി ആലോചിച്ച് കോൺഗ്രസ് നേതൃത്വം തീരുമാനിക്കുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

പങ്കെടുക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഒരു നിലപാടും ഇതുവരെ എടുത്തിട്ടില്ല. ജനുവരി 22നാണ് ചടങ്ങ് നടക്കുക. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ സമയം ഇനിയുമുണ്ട്. കോൺഗ്രസ് ഒരു ദേശീയ പാർട്ടിയാണ്. ഇൻഡ്യ മുന്നണിയെ നയിക്കുന്ന പാർട്ടി കൂടിയാണ്. പാർട്ടിക്കുള്ളിലും ഇൻഡ്യ മുന്നണിക്കുള്ളിൽ വിഷയം ചർച്ച ചെയ്ത് ഉചിതമായ തീരുമാനം കോൺഗ്രസ് സ്വീകരിക്കുമെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Ram Temple Inauguration: K. Sudhakaran will not respond to Samasta's criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.