രാജീവ് ചന്ദ്രശേഖർ
കൊച്ചി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ താൽപര്യം കാട്ടാതെ ബി.ജെ.പി. സ്ഥാനാർഥിയെ നിർത്തുന്ന കാര്യത്തിലും പാർട്ടിയിൽ തീരുമാനമായില്ല. തെരഞ്ഞെടുപ്പ് കമീഷൻ നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഓൺലൈനായി ബി.ജെ.പി കോർ കമ്മിറ്റി യോഗം ചേർന്നുവെങ്കിലും സ്ഥാനാർഥിയെ നിർത്തണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനായില്ല. വിശദമായ ചർച്ചകൾക്കൊടുവിലാകും ബി.ജെ.പി ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
ആർക്കും ഗുണകരമല്ലാത്ത അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേതെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിലമ്പൂർ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്രടീയത്തിൽ ഒരു മാറ്റവും ഉണ്ടാക്കില്ല. ആറ് മാസം മാത്രമായിരിക്കും പുതിയ എം.എൽ.എയുടെ കാലാവധി.
നിലമ്പൂരിൽ സ്ഥാനാർഥിയെ നിർത്തണോയെന്ന് പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കും. ഇതിനായി കോർ കമ്മിറ്റി യോഗം ചേരും. സംസ്ഥാനത്തെ മാറുന്ന രാഷ്ട്രീയത്തിന്റെ ഫലം നിലമ്പൂരിലും ലഭിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന് നടക്കും. 23നാണ് ഫലപ്രഖ്യാപനം. പി.വി. അൻവർ രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂരിനെ കൂടാതെ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലെ നാല് നിയമസഭ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഗുജറാത്തിലെ കാദി, വിസാവദാർ, പഞ്ചാബിലെ ലുധിയാന വെസ്റ്റ്, പശ്ചിമബംഗാളിലെ കാളിഗഞ്ച് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.