തിരുവനന്തപുരം: പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. കൃഷ്ണകുമാറിനെതിരായ ലൈംഗികാരോപണ പരാതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുൽ ഗാന്ധിയുടെ ആറ്റംബോംബും വി.ഡി. സതീശന്‍റെ ബോംബും നമ്മളെല്ലാം ഒരു ലെവലിൽ കണ്ടാൽ മതി. ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ അവരുടെ ഒരു സ്ട്രാറ്റജി. ചെയ്യട്ടെ... നമസ്കാരം... -ഇതായിരുന്നു അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദീകരിക്കാൻ നടത്തിയ വാർത്തസമ്മേളനത്തിലെ ചോദ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്നലെയാണ്, വർഷങ്ങൾക്ക് മുമ്പ് കൃഷ്ണകുമാർ പീഡിപ്പിച്ചെന്നും മുമ്പ് ബി.ജെ.പി നേതാക്കളോട് പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്നും എറണാകുളത്ത് താമസിക്കുന്ന പാലക്കാട് സ്വദേശിനിയായ യുവതി വെളിപ്പെടുത്തിയത്. പീഡനത്തിനിരയായെന്ന് കാണിച്ച് രാജീവ് ചന്ദ്രശേഖറിന്റെ ഓഫിസിലേക്ക് യുവതി ഇ മെയിലിൽ പരാതി അയക്കുകയും ചെയ്തു. ‘‘സി. കൃഷ്ണകുമാര്‍ ലൈംഗികാതിക്രമം നടത്തിയെന്ന പരാതി എളമക്കര ആർ.എസ്.എസ് സംസ്ഥാന കാര്യാലയത്തിലെ ഗോപാലൻകുട്ടി മാസ്റ്റർ, ബി.ജെ.പി നേതാക്കളായ വി. മുരളീധരൻ, എം.ടി. രമേശ്, അന്നത്തെ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി സുഭാഷ് എന്നിവരെ അറിയിച്ചിരുന്നു. ശക്തമായ നടപടി ഉണ്ടാകുമെന്നും നീതി ലഭിക്കുമെന്നും അവർ അറിയിച്ചു. എന്നാൽ, നടപടി ഉണ്ടായില്ല. പരാതി അവഗണിക്കപ്പെട്ടു. ഞാൻ അപമാനിതയായി.’’-പരാതിക്കാരി പറയുന്നു.
എന്നാൽ, തനിക്കെതിരായ പരാതി സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായി ഉയര്‍ന്നതാണെന്നും ഇത് കോടതി തന്നെ തള്ളിക്കളഞ്ഞതാണെന്നുമാണ് കൃഷ്ണകുമാറിന്‍റെ വാദം. കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരാണ് വീണ്ടും ഇതുയര്‍ത്തിക്കൊണ്ടുവന്നതെന്നും 2015 ലും 2020 ലും ഇതേ പരാതി തനിക്കെതിരെ ഉപയോഗിച്ചിരുന്നു എന്നുമാണ് പറയുന്നത്. സ്വത്ത് തർക്കത്തിലും ലൈംഗികപീഡന പരാതിയിലും തനിക്ക് അനുകൂലമായ ഉത്തരവാണുണ്ടായത്. 2023 ൽ സ്വത്ത് തർക്ക കേസിലും 2024 ൽ ലൈംഗിക പീഡനക്കേസിലുമാണ് കോടതിയിൽനിന്ന് അനുകൂല ഉത്തരവ് ലഭിച്ചത്. പാർട്ടിയും അന്ന് അന്വേഷണം നടത്തി കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണ്. ഏത് തരം അന്വേഷണത്തിനും തയാറാണെന്നും സി. കൃഷ്ണകുമാർ
പാലക്കാട്: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. കൃഷ്ണകുമാറിനെതിരെ പരാതിക്കാരി വീണ്ടും രംഗത്ത്. 11 വർഷമായി നീതി ലഭിച്ചിട്ടില്ലെന്ന് മാധ്യമപ്രവർത്തകർക്ക് എഴുതിയ തുറന്ന കത്തിൽ അവർ പറഞ്ഞു. സി. കൃഷ്ണകുമാറിന്‍റെ മർദനത്തിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ചെന്നും സുരേഷ് ഗോപിയാണ് അന്ന് ശസ്ത്രക്രിയയുടെ തുക തന്ന് സഹായിച്ചതെന്നും പരാതിക്കാരി പറയുന്നു. സുരേഷ്ഗോപി ഇല്ലായിരുന്നെങ്കിൽ എഴുന്നേറ്റുനിൽക്കാൻ പോലുമാകില്ലായിരുന്നു. പൊലീസിന്റെ കഴിവില്ലായ്മയും സത്യസന്ധതയില്ലായ്മയും രാഷ്ട്രീയ സ്വാധീനവും അന്വേഷണത്തെ സാരമായി ബാധിച്ചു.
നിയമത്തെക്കുറിച്ചുള്ള അജ്ഞത മൂലമാണ് താൻ 11 വർഷമായി വേദന അനുഭവിച്ചത്. അന്ന് എനിക്കൊരു അഭിഭാഷകനില്ലായിരുന്നു. സ്വന്തമായി വീടുമില്ലായിരുന്നു. ഈ കാര്യങ്ങളെല്ലാം ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രന് അറിയുന്നതാണെന്നതിനാൽ അവർ എനിക്കുവേണ്ടി ശബ്ദമുയർത്തണം. സംസ്ഥാന അധ്യക്ഷരായിരുന്ന വി. മുരളീധരനും കെ. സുരേന്ദ്രനും പീഡിപ്പിച്ചയാൾക്ക് സംരക്ഷണം നൽകി. സംസ്ഥാന പ്രസിഡന്റിന് പുതിയ പരാതി നല്‍കിയതിന്റെ പേരില്‍ തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സി. കൃഷ്ണകുമാറാകുമെന്നും കത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.