യു.പിയിൽ ആറുകോടി പേർ ദാരിദ്ര്യ മുക്തിനേടിയപ്പോൾ കേരളത്തിൽ വെറും 2. 72 ലക്ഷം പേർ മാത്രം -രാജീവ് ചന്ദ്രശേഖർ; ‘സ്റ്റിക്കര്‍ ഒട്ടിച്ച് ക്രെഡിറ്റ് അടിച്ചുമാറ്റുകയാണ് പിണറായി സർക്കാർ’

തിരുവനന്തപുരം: സംസ്ഥാന സർക്കാർ അവകാശപ്പെടുന്ന കേരളത്തിലെ അതിദാരിദ്ര്യ നിർമാർജനം യാഥാർത്ഥ്യമാക്കിയത് കേന്ദ്ര പദ്ധതികളിലൂടെയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാർ വരുത്തിയ കാലതാമസമാണ് അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാൻ പത്തുവർഷം കേരളത്തിൽ എടുക്കാൻ കാരണം. മറ്റ് സംസ്ഥാനങ്ങൾ അതിവേഗം ദാരിദ്ര്യം നിർമാർജ്ജനം ചെയ്യുമ്പോൾ കേരള സർക്കാർ ഒന്നും ചെയ്യാതെ ഇപ്പോൾ ക്രെഡിറ്റ് എടുക്കാൻ വന്നിരിക്കുകയാണെന്നും ബിജെപി സംസ്ഥാനഅധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലോകബാങ്കിന്റെ കണക്ക് അനുസരിച്ച് ഇന്ത്യയില്‍ 27 കോടി ജനങ്ങള്‍ അതിദാരിദ്ര്യത്തില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്. കേരളത്തില്‍ 10 വര്‍ഷം കൊണ്ട് അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചത് 2.72 ലക്ഷംപേരെ മാത്രമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ജനങ്ങളെ അതി ദാരിദ്ര്യത്തിൽനിന്ന് മുക്തമാക്കിയത് കേന്ദ്ര പദ്ധതികളാണ്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയില്‍ കേരളത്തിലെ 6 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നു. 58 ലക്ഷം പേര്‍ക്ക് തൊഴിലുറപ്പ് പദ്ധതി വഴി തൊഴില്‍ നല്‍കുന്നു. ഇതെല്ലാം കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

പത്തുവർഷംകൊണ്ട് ഉത്തർപ്രദേശിൽ 6 കോടി ജനങ്ങളും ബീഹാറിൽ 3.77 കോടിയും മധ്യപ്രദേശിൽ 2.30 കോടിയാളുകളും രാജസ്ഥാനിൽ 1.87 കോടിയും മഹാരാഷ്ട്രയിൽ 1.59 കോടി ആളുകളും ദാരിദ്ര്യ മുക്തി നേടിയപ്പോഴാണ് കേരളം കേവലം 2. 72 ലക്ഷം പേരുടെ ദാരിദ്ര്യ മുക്തിക്കായി പത്തുവർഷം എടുത്തത്.

കേന്ദ്രപദ്ധതികള്‍ പേരുമാറ്റി, സ്റ്റിക്കര്‍ ഒട്ടിച്ച് ക്രഡിറ്റ് അടിച്ചുമാറ്റുകയാണ് പിണറായി സർക്കാർ ചെയ്യുനതെന്നും അദ്ദേഹം ആരോപിച്ചു. പത്ത് വര്‍ഷമായി പിണറായി സര്‍ക്കാര്‍ ഈ അടിച്ച് മാറ്റൽ തുടരുകയാണ്. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്ന അവകാശവാദം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. പിഎംശ്രീ പദ്ധതി രാജ്യത്തെ കുട്ടികളേയും യുവാക്കളേയും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ്. ഈ പദ്ധതിയെയും പിണറായി സര്‍ക്കാര്‍ അഞ്ച് വര്‍ഷം ചവിട്ടി വെച്ചെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Tags:    
News Summary - rajeev chandrasekhar against kerala govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.