ആശുപത്രി വരാന്തയിൽ കഴിയുന്ന രാജമ്മയെ കണ്ട് വിവരങ്ങൾ ശേഖരിക്കുന്ന പൊലീസ്

കുടുംബ പ്രശ്‌നങ്ങൾക്കൊടുവിൽ വീട്ടില്‍ നിന്ന് പുറത്ത്​; രാജമ്മക്കിനി 'തണൽ' അഭയം

നെടുമങ്ങാട്: ആശുപത്രി വരാന്തയില്‍ അഗതിയായിക്കഴിഞ്ഞിരുന്ന രാജമ്മക്കിനി തണൽ വീട്ടിൽ അഭയം. നെടുമങ്ങാട് ജില്ല ആശുപത്രി വരാന്തയിൽ കഴിഞ്ഞിരുന്ന രാജമ്മയെന്ന വയോധികയെ നെടുമങ്ങാട് ജനമൈത്രി പൊലീസാണ് ശാന്തിവിളയിലുള്ള തണല്‍ വീട്ടിലേക്ക് മാറ്റിയത്. ആരുടെയും സഹായമില്ലാതെ ഒറ്റപ്പെട്ട് നെടുമങ്ങാട് ജില്ലാ ആശുപത്രി പരിസരത്ത് കഴിയുകയായിരുന്നു രാജമ്മ (70).

സഹോദരനോടൊപ്പം താമസിച്ചിരുന്ന രാജമ്മ കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് വീട്ടില്‍ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. പകല്‍സമയങ്ങളില്‍ ആശുപത്രിയില്‍ വരുന്നവരോട് യാചിച്ച് കിട്ടുന്നതുകൊണ്ട് ഭക്ഷണം കഴിച്ചും രാത്രിയിൽ കാര്‍ഡ്‌ബോര്‍ഡ് കഷണങ്ങള്‍ കിടക്കയാക്കി ആശുപത്രി വരാന്തയില്‍ തന്നെ അന്തിയുറങ്ങുകയായിരുന്നു ഇവർ. സങ്കടകഥയറിഞ്ഞ് നെടുമങ്ങാട് ജനമൈത്രി പൊലീസ് സി.ഐ. രാജേഷ്‌കുമാറിന്‍റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി വിവരങ്ങള്‍ മനസിലാക്കി.

തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകനായ അജു. കെ. മധുവിന്‍റെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥരായ രാജേഷ്, ലീല എന്നിവരുടെ സഹായത്തോടെ ആശുപത്രിയില്‍ നിന്ന് രാജമ്മയെ തിരുവനന്തപുരം ശാന്തിവിളയിലുള്ള 'തണല്‍ വീട്' എന്ന അഗതിമന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തു. ഈ മാസം നെടുമങ്ങാട് നിന്നും അഗതിമന്ദിരത്തിലെത്തിക്കുന്ന രണ്ടാമത്തെ വയോധികയാണ് രാജമ്മ.

Tags:    
News Summary - Rajamma was given shelter by the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.