റെയില്‍വേ വികസനത്തിന് 3593 കോടിയുടെ പദ്ധതി

കോട്ടയം: കോട്ടയം-ആലപ്പുഴ വഴി കായംകുളത്തേക്കുള്ള പാതകളുടെ ഇരട്ടിപ്പിക്കലിനു 313 കോടിയും അലൈന്‍മെന്‍റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ വര്‍ഷങ്ങളായി നിര്‍മാണം പാതിവഴിയില്‍ അവസാനിപ്പിച്ച അങ്കമാലി-എരുമേലി ശബരി റെയില്‍വേ ലൈനിന് 213 കോടിയും ഉള്‍പ്പെടെ വിവിധ റെയില്‍വേ വികസന പദ്ധതികള്‍ക്കായി കേന്ദ്ര റെയില്‍വേ ബജറ്റില്‍ കേരളത്തിനു അനുവദിച്ചത് 3593 കോടി.  ശബരി പാതക്കായി ബജറ്റില്‍ ഒറ്റയടിക്ക് 213.59  കോടി ഉള്‍പ്പെടുത്തിയതോടെ തുടര്‍ന്നുള്ള നിര്‍മാണ ജോലികളും സ്ഥലം ഏറ്റെടുക്കലും ഉടന്‍ ആരംഭിക്കുമെന്ന പ്രതീക്ഷയും കൈവന്നു.

നിലവില്‍ അങ്കമാലിയില്‍നിന്ന് കാലടിവരെ എട്ട് കി.മീ. പാതയും പെരിയാറിനു കുറുകെ കാലടിയില്‍ പാലം നിര്‍മാണവും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന (പ്രഗതി പദ്ധതി) ഏതാനും റെയില്‍വേ വികസന പദ്ധതിയില്‍ ശബരിപാതയും ഉള്‍പ്പെടുത്തിയതോടെ 116 കി.മീ. വരുന്ന പാതയുടെ നിര്‍മാണം വേഗത്തിലാകുമെന്ന് റെയില്‍വേ അധികൃതരും ജനപ്രതിനിധികളും വ്യക്തമാക്കുന്നു. മൂന്നു മാസത്തിനകം ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്ന് പാത കടന്നുപോകുന്ന കോട്ടയം-ഇടുക്കി-എറണാകുളം ജില്ല ഭരണകൂടങ്ങളും അറിയിച്ചു. ഫാസ്റ്റ്ട്രാക് സംവിധാനത്തില്‍ ഭൂമി ഏറ്റെടുക്കാനാണ് തീരുമാനം. 

എറണാകുളം ജില്ലയില്‍ ഭൂമി ഏറ്റെടുക്കല്‍ 80 ശതമാനത്തിലധികം പൂര്‍ത്തിയായിട്ടുണ്ട്. ഇടുക്കി-കോട്ടയം ജില്ലകളിലാണ് ഭൂമി ഏറ്റെടുക്കല്‍ അധികൃതര്‍ക്ക് തലവേദനയാകുന്നത്. എരുമേലിയില്‍നിന്ന് പുനലൂര്‍ വഴി തമിഴ്നാട്ടിലേക്ക് പാത നീട്ടിയാല്‍ ശബരിപാത ലാഭകരമാകുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. നിലവില്‍ അനുവദിച്ച 213 കോടിയില്‍ 100 കോടി കാലടി മുതല്‍ എറണാകുളം ജില്ലയിലെ ഭൂമി ഏറ്റെടുക്കലിനു വിനിയോഗിക്കും.  
1997ല്‍ 550 കോടി എസ്റ്റിമേറ്റ് തയാറാക്കി നിര്‍മാണം തുടങ്ങിയ ശബരിപാതയുടെ പരിഷ്കരിച്ച എസ്റ്റിമേറ്റ് 2300-2500 കോടിയാണ്. ഏറ്റവും ഒടുവില്‍ തയാറാക്കിയ അലൈന്‍മെന്‍റിനു റെയില്‍വേ അംഗീകാരം നല്‍കിയതോടെയാണ് ബജറ്റില്‍ 213 കോടി ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ കുറെ ബജറ്റുകളില്‍ പാതക്കായി ഉള്‍പ്പെടുത്തിയിരുന്നത് വെറും 20 കോടി മാത്രമായിരുന്നു. 

കോട്ടയം വഴി 114 കിലോമീറ്ററും ആലപ്പുഴ വഴി 100 കിലോമീറ്ററും വരുന്ന കായംകുളം പാതയുടെ ഇരട്ടിപ്പിക്കലിനായി 313 കോടിയും ബജറ്റില്‍ വകയിരുത്തി. തിരുവനന്തപുരം-കന്യാകുമാരി പാതയുടെ ഇരട്ടിപ്പിക്കലിനു 50 കോടിയും ഗതാഗത പരിഷ്കാരത്തിനായി 14 കോടിയും സംസ്ഥാന പങ്കാളിത്തത്തോടെയുള്ള റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍ക്കായി 297 കോടിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാര്‍ക്കായുള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ഇത്തവണ 25 കോടി ഉള്‍പ്പെടുത്തിയതിന്‍െറ പ്രയോജനം ഏറ്റവുമധികം ലഭിക്കുന്നത് കോഴിക്കോട്-എറണാകുളം-ചെങ്ങന്നൂര്‍-കോട്ടയം സ്റ്റേഷനുകള്‍ക്കാവും.  
കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പാത ഇരട്ടിപ്പിക്കലടക്കമുള്ള റെയില്‍വേ വികസന പദ്ധതികള്‍ അടുത്തവര്‍ഷം മാര്‍ച്ചിന് മുമ്പ് പൂര്‍ത്തിയാക്കുമെന്നാണ് റെയില്‍വേ കേന്ദ്രറെയില്‍വേ മന്ത്രാലയത്തിനു നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട്. 

Tags:    
News Summary - railway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.