പി.എ. മുഹമ്മദ് റിയാസ്

റെയ്ഡ് രാഷ്ട്രീയ പ്രേരിതം; കമ്മ്യൂണിസ്റ്റുകാരെ പേടിപ്പിക്കാൻ വരണ്ട -പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട്: മാസപ്പടി കേസിൽ കോഴിക്കോട് കോട്ടൂളിയിലെ തന്റെ വീട്ടിൽ അടക്കമുള്ള ഇ.ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ മന്ത്രിയും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ്. പരിശോധന അവസാനിപ്പിച്ച് ഇ.ഡി സംഘം മടങ്ങിയതിനു പിന്നാലെ വീട്ടിലെത്തിയപ്പോഴായിരുന്നു റിയാസിന്റെ പ്രതികരണം.

സംഘപരിവാരിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്നവരെ മോദി സർക്കാർ ദേശീയ അന്വേഷണ ഏജൻസികളെ വെച്ച് വേട്ടയാടുന്ന കാഴ്ചയാണ് സമീപകാലത്ത് കണ്ടുവരുന്നത്. സി.പി.എമ്മിൽ പ്രവർത്തിക്കാൻ തീരുമാനിച്ചപ്പോൾ ജനപ്രതിനിധിയാവുമെന്നോ മന്ത്രിയാവണമെന്നോ കരുതിയിരുന്നില്ല. പക്ഷേ, മത നിരപേക്ഷതക്ക് വേണ്ടി സ്വന്തം ജീവൻ വരെ നൽകി പോരാടുമെന്ന് കരുതിയിരുന്നു. ആ പോരാട്ടം ശക്തമായി മുന്നോട്ടുപോകും. ഇത്തരം സംഗതികളുമായി കമ്മ്യൂണിസ്റ്റുകാരെ പേടിപ്പിക്കാൻ വരണ്ട എന്നും റിയാസ് പറഞ്ഞു. സംഘപരിവാരും കേന്ദ്ര സർക്കാരും സ്വീകരിക്കുന്ന തെറ്റായ നയങ്ങളെ ഇനിയും ചൂണ്ടിക്കാണിക്കും. ഇ.ഡിയല്ല അതിലും വലിയ ഡി വന്നാലും ആ പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്നും റിയാസ് പറഞ്ഞു. വീണയുടെ കമ്പനി നിയമപരമായി നടത്തിയ ഇടപാടാണെന്നും കേസിന്റെ രാഷ്ട്രീയ വശം അന്ന് തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും റിയാസ് പറഞ്ഞു. പനി ബാധിച്ചിരുന്നതിനാൽ രണ്ടു ദിവസമായി ഗസ്റ്റ് ഹൗസിലായിരുന്നു താമസിച്ചിരുന്നത്. വീട്ടിൽ മാതാപിതാക്കൾ മാത്രമാണ് പരിശോധന സമയത്ത് ഉണ്ടായിരുന്നതെന്നും റിയാസ് പറഞ്ഞു. കേസിന്റെ മറ്റ് വശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

Tags:    
News Summary - Raid politically motivated: Not to scare communists - P.A. Muhammad Riyaz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.