കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ യു.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തി പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. എൽ.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ വൈകുന്നതിനെ ചൊല്ലി യുവ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ പ്രമുഖ നേതാക്കൾ സി.പി.എമ്മിനെതിരെ പരിഹാസവുമായി രംഗത്തുവന്നിരുന്നു. ‘പ്രമുഖ പാർട്ടി സിറ്റിങ് സീറ്റിലേക്ക് സ്ഥാനാർഥിയെ അന്വേഷിക്കുന്നു’ എന്ന കളിയാക്കലിൽ തുടങ്ങി എം. സ്വരാജിനെ മത്സരിപ്പിക്കാൻ ‘ധൈര്യമുണ്ടോ’ എന്നുൾപ്പെടെയുള്ള പരിഹാസ പോസ്റ്റുകളാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്.
അപ്രതീക്ഷിതമായി എം.സ്വരാജിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് വെല്ലുവിളിച്ചവരെ ഞെട്ടിച്ചിരിക്കുകയാണ് സി.പി.എം. സിറ്റിങ് സീറ്റിൽ ജയിക്കും എന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂരുകാരനും നിലമ്പൂരിന്റെ ചുമതലക്കാരനുമായ എം.സ്വരാജിനെ മത്സരിപ്പിക്കാൻ പാർട്ടി തയ്യാറാവുകയും അദ്ദേഹം അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്യുമല്ലോയെന്നുമായിരുന്നു രാഹുൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞത്. ‘സഖാവ് കുഞ്ഞാലിയുടെ മണ്ണാണ് സഖാവ് കുഞ്ഞാലിയുടെ മണ്ണാണ്’ എന്ന് ആണയിട്ട് പറയുന്നന്നതിന് പകരം ആ മണ്ണിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ ധൈര്യമുണ്ടോ എന്ന പരിഹാസത്തിന് അതേ നാണയത്തിലാണ് സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ സി.പി.എം മറുപടി നൽകിയത്.
സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ വെല്ലുവിളി ഉയർത്തിയവരോട് വൈരാഗ്യമില്ലെന്നും താൻ മത്സരിക്കാൻ യോഗ്യനായതിനാലാണല്ലോ അത്തരം പരാമർശം വന്നതെന്നായിരുന്നു സ്വരാജിന്‍റെ പരാമർശം. ആദ്യ പ്രതികരണത്തിൽ ആരെയും വ്യക്തിപരമായി കടന്നാക്രമിക്കാതെ കരുതലെടുക്കാനും സ്വരാജിനു കഴിഞ്ഞു. എൽ.ഡി.എഫിന്‍റെ പോരാട്ടം ഇടതുപക്ഷ വിരുദ്ധ ശക്തികളോടാണ്. അൻവറിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെ കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിനായില്ല. ആരോടും വ്യക്തിവിരോധമില്ലെന്നും, ഇത് ഗുസ്തി മത്സരമൊന്നുമല്ലല്ലോയെന്നും സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ സ്വരാജ് പറഞ്ഞു.
സ്വരാജിന്‍റെ സ്ഥാനാർഥി പ്രഖ്യാപനത്തോടെ നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുകയാണ്. രണ്ടാം പിണറായി സർക്കാർ നാലാം വാർഷികത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് സർക്കാറിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. സ്ഥാനാർഥിയായി കരുത്തനായ നേതാവിനെ തന്നെ അവതരിപ്പിക്കുന്നതിലൂടെ ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വ്യക്തമാക്കുകയാണ് സി.പി.എം. 58 വർഷത്തിനു ശേഷമാണ് നിലമ്പൂരിൽ സി.പി.എം ചിഹ്നത്തിൽ ഒരു സ്ഥാനാർഥി മത്സരിക്കുന്നത്. തൃപ്പൂണിത്തുറ മുൻ എം.എൽ.എയായ സ്വരാജ് സ്വന്തം നാട്ടിൽ മത്സരത്തിന് ഇറങ്ങുന്നതും ആദ്യമായാണ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ സ്വരാജ് വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.