രാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ട: ലൈംഗികാരോപണം ഉൾപ്പടെയുള്ള വിവാദങ്ങൾക്കിടെ ശബരിമല ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ഇന്ന് രാവിലെയാണ് രാഹുൽ ശബരിമലയിലെത്തിയത്. പുലർച്ചെ നടന്ന തുറന്നപ്പോൾ നിർമാല്യം തൊഴുതതിന് ശേഷം 7.30ന്റെ ഉഷപൂജയിലും രാഹുൽ പങ്കെടുത്തു. പമ്പയിൽ നിന്ന് കെട്ടുനിറച്ചാണ് രാഹുൽ അയ്യപ്പസന്നിധിയിലെത്തിയത്. സുഹൃത്തുക്കൾക്കൊപ്പമാണ് മല ചവിട്ടിയത്. ദർശനത്തിനും മറ്റ് വഴിപാടുകൾക്കും ശേഷം എംഎൽഎ ഉടൻ മലയിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
എം.എൽ.എ ബോർഡുവെച്ച കാറിൽ പത്തനംതിട്ട അടൂരിലെ വീട്ടിൽ നിന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ശബരിമല ദർശനത്തിനായി പുറപ്പെട്ടത്. കഴിഞ്ഞ ദിവസം വി.ഡി സതീശന്റെ നിലപാടിനെ അവഗണിച്ചാണ് രാഹുൽ നിയമസഭയിൽ എത്തിയത്. നിയമസഭ തുടങ്ങി 18-ാം മിനിറ്റിൽ എംഎൽഎ ബോർഡില്ലാത്ത കാറിൻ്റെ മുൻ സീറ്റിലിരുന്ന് രാഹുൽ നിയമസഭയുടെ കവാടം കടന്നു. ചരമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പ്രസംഗിച്ചു കൊണ്ടിരിക്കെ, സഭയ്ക്കകത്തെത്തി പുതിയ സീറ്റിലിരുന്നു.
പ്രത്യേക ബ്ലോക്കിലായ രാഹുലിൻ്റെ അടുത്തേക്ക് കോൺഗ്രസുകാർ ആരും എത്തിയില്ല. എന്നാൽ ലീഗ് എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, നജീബ് കാന്തപുരം, യു.എ. ലത്തീഫ്, എ.കെ.എം. അഷ്റഫ് എന്നിവർ അടുത്തുചെന്ന് സംസാരിച്ചു. ഇതിനിടെ രാഹുലിന്റെ അടുത്ത് ഉദ്യോഗസ്ഥൻ കുറിപ്പ് എത്തിച്ചു. അത് വായിച്ച് മറുപടി നൽകിയതിന് പിന്നാലെ സഭാ ഹാളിൽ നിന്ന് പുറത്തേക്ക്. മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറാകാതിരുന്ന രാഹുൽ, നേരെ പട്ടം ഭാഗത്തേക്ക് പാഞ്ഞു. അവിടുന്ന് തിരിച്ച് എം.എൽ.എ ഹോസ്റ്റലിലേക്ക്.
അതേസമയം, നിയമസഭയിൽ മാത്രമല്ല വരും ദിവസങ്ങളിൽ മണ്ഡലത്തിലും സജീവമാകാൻ രാഹുലിന്റെ തീരുമാനം. വൈകാതെ പാലക്കാട് നിയമസഭ മണ്ഡലത്തിലേക്ക് രാഹുൽ മാങ്കൂട്ടത്തിൽ എത്തുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.