തൃശൂർ: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് നിയമസഭ കക്ഷിയിൽനിന്ന് സസ്പെൻഡ് ചെയ്തത് രേഖാമൂലമോ വാക്കാലോ അറിയിച്ചിട്ടില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ. നിയമസഭ സമ്മേളനത്തിൽനിന്ന് വിട്ടുനിൽക്കുന്നതിന് രാഹുൽ അവധി അപേക്ഷ നൽകിയിട്ടില്ല. പ്രത്യേക ബ്ലോക്കായി ഇരിക്കുന്നതിനുള്ള അപേക്ഷയും സ്പീക്കർക്കോ ഓഫിസിലോ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കത്ത് ലഭിച്ചാൽ വേണ്ടതുപോലെ ചെയ്യും. നിയമസഭ ചേരുക സെപ്റ്റംബർ 15നാണ്.
രാഹുലിന് സാമാജികനെന്ന നിലയിൽ അറസ്റ്റിൽനിന്ന് സംരക്ഷണമുണ്ടോയെന്ന ചോദ്യത്തിന് നിയമസഭ സമുച്ചയത്തിനകത്തു വെച്ചാണെങ്കിൽ മാത്രമേ അനുമതി ആവശ്യമുള്ളൂവെന്നായിരുന്നു മറുപടി. രാഹുലിനെതിരെ സ്പീക്കർക്ക് ആരും പരാതി നൽകിയിട്ടില്ലെന്നും അതിനാൽ അന്വേഷണമൊന്നും നടത്തിയിട്ടില്ലെന്നും എ.എൻ. ഷംസീർ പറഞ്ഞു. പരാതി ലഭിച്ചാൽ എത്തിക്സ് കമ്മിറ്റിക്ക് ശിപാർശ ചെയ്യാൻ മാത്രമേ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ജനപ്രതിനിധികൾക്കുനേരെ പ്രതിഷേധിക്കാനുള്ള അധികാരം ജനങ്ങൾക്കുണ്ടെന്നും അതേ രീതിയിൽ ജനങ്ങൾ തെരഞ്ഞെടുത്തവർക്ക് പ്രതികരിക്കാനുള്ള അധികാരമില്ലെന്നും ഷാഫി പറമ്പിൽ എം.പിയെ വടകരയിൽ തടഞ്ഞതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഇത്തരം പ്രതിഷേധങ്ങളോട് പക്വതയോടെ പ്രതികരിക്കണം. ജനങ്ങളോട് അനുസരണയോടെ പെരുമാറേണ്ടവരാണ് ജനപ്രതിനിധികളെന്നും പൊതുസേവകന്‍റെ പക്വതയും പാകതയും കാണിക്കണമെന്നും എ.എൻ. ഷംസീർ പറഞ്ഞു.
ന്യൂഡൽഹി: രാഹുലിനെതിരായ കേസ് അന്വേഷിക്കുന്ന സംഘത്തിൽ സൈബർ വിദഗ്ധരും. രാഹുലിനെതിരെ പുറത്ത് വന്ന വാട്സാപ്പ്, ടെലിഗ്രാം ചാറ്റുകളും ഓഡിയോ സന്ദേശങ്ങളും വിശദപരിശോധനക്ക് വിധേയമാക്കാനാണ് സൈബർ വിദഗ്ധരുടെ സംഘത്തെ ഉൾപ്പെടുത്തിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ മൂന്ന് പേരുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
അവന്തിക, റിനി ജോർജ്, ഹണി ഭാസ്കരൻ എന്നിവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഇവർ കേസ് നൽകാൻ തയാറായാൽ തുടർ നടപടികൾ ക്രൈംബ്രാഞ്ച് സ്വീകരിക്കും. കേസ് നൽകാൻ ഇവർ തയാറായില്ലെങ്കിൽ എന്താകും തുടർ നടപടിയെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.