തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിനിടെ രാഹുൽ മാങ്കൂട്ടത്തിൽ സഭ വിട്ടിറങ്ങിയത് കുറിപ്പടിയെത്തിയതിന് പിന്നാലെ. നിയമസഭയിലെ ഓഫിസ് അസിസ്റ്റന്റിന്റെ കൈവശം ആരാണ് കുറിപ്പ് നൽകിയതെന്നും എന്താണ് ഉള്ളടക്കമെന്നതുമായി പിന്നെ ചർച്ച. പല കഥകളും പ്രചരിക്കുകയും ചെയ്തു.
ജാമറുകളുള്ളതിനാൽ നിയമസഭക്കുള്ളിൽ മൊബൈൽ ഫോണുകൾക്ക് സിഗ്നൽ ലഭിക്കില്ല. പുറത്തുള്ള സ്റ്റാഫിനോ ഉദ്യോഗസ്ഥർക്കോ മറ്റുള്ളവർക്കോ സഭക്കുള്ളിലെ എം.എൽ.എമാർക്ക് സന്ദേശം കൈമാറണമെങ്കിൽ കടലാസിൽ കുറിച്ച് ഇതിനായി ചുമതലപ്പെടുത്തിയ ഓഫിസ് അസിസ്റ്റന്റുമാരുടെ കൈവശം ഏൽപിക്കണം.
ചരമോപചാരവേള അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെയാണ് കുറിപ്പുമായി ഓഫിസ് അസിസ്റ്റന്റ് രാഹുലിനടുത്തെത്തിയത്. വാങ്ങി വായിച്ച ശേഷം തിരക്കിട്ട് എന്തൊക്കെയോ എഴുതി ഓഫിസ് അസിസ്റ്റന്റിനെ തിരികെ ഏൽപിച്ചു. തന്നയച്ചയാളിന് തന്നെ നൽകണമെന്ന് നിർദേശിക്കുകയും ചെയ്തു.
ഓഫിസ് അസിസ്റ്റന്റ് കുറിപ്പുമായി സഭക്ക് പുറത്തിറങ്ങിയതിന് പിന്നാലെ രാഹുലും ഇരിപ്പിടം വിട്ടെഴുന്നേറ്റു. മടങ്ങിപ്പോകുന്നതിന് വാഹനം തയാറാക്കട്ടെ എന്ന വിവരം കൈമാറുന്നതിന് രാഹുലിന് ഒപ്പമെത്തിയവരാണ് കുറിപ്പ് കൊടുത്തയച്ചതെന്നാണ് സൂചന.
അതേസമയം, കോൺഗ്രസിനുള്ളിൽ നിന്നാണ് കുറിപ്പ് നൽകിയതെന്ന തരത്തിലുണ്ടായ സ്ഥിരീകരണമില്ലാത്ത പ്രചാരണങ്ങളാണ് ചർച്ചകൾക്കിടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.