തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പീഡിപ്പിച്ചെന്നും ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നുമുള്ള ശബ്ദസന്ദേശങ്ങൾക്ക് പിന്നാലെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ, തദ്ദേശ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ കോൺഗ്രസിനും യു.ഡി.എഫിനും അപ്രതീക്ഷിത തിരിച്ചടി. അന്തിമ സ്ഥാനാർഥി ചിത്രം തെളിയുകയും പ്രചാരണം ചൂടുപിടിക്കുകയും ചെയ്തപ്പോഴാണ് കോൺഗ്രസിന് വീണ്ടും ‘രാഹുകാലം’.
ശബരിമല സ്വർണക്കൊള്ളയിലെ നേതാക്കളുടെ അറസ്റ്റുണ്ടാക്കിയ പരിക്കിനെ മറികടക്കാൻ രാഹുലിനെതിരായ പരാതി സി.പി.എം ആയുധമാക്കും. പരാതി ഉയർന്ന ഘട്ടത്തിൽതന്നെ രാഹുലിനെ പാർട്ടിയിൽനിന്നും നിയമസഭാപാർട്ടിയിൽനിന്നും കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, രാഹുൽ എം.എൽ.എ സ്ഥാനം രാജിവെച്ചില്ല. രാഹുലിനെതിരെ പുറത്തുവന്ന ശബ്ദസന്ദേശങ്ങളിലെ പെൺകുട്ടി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതോടെ സർക്കാർ അതിവേഗം നിയമനടപടികളിലേക്ക് കടന്നിട്ടുണ്ട്.
രാഹുലിന്റെ അറസ്റ്റ് ഉൾപ്പെടെ ലക്ഷ്യമിട്ടാണ് നീക്കങ്ങൾ. ഇത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ല. നിയമപ്രകാരം നടപടിയെടുക്കട്ടെയെന്നും പാർട്ടി നേരത്തേ നടപടിയെടുത്തെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഗോദയിൽ വിഷയം കത്തിച്ചുനിർത്താനായിരിക്കും സർക്കാറിന്റെയും സി.പി.എമ്മിന്റെയും ശ്രമം. പാർട്ടി നടപടിക്ക് വിധേയനായിട്ടും പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കുവേണ്ടി രാഹുൽ പ്രചാരണത്തിനിറങ്ങിയത് ചർച്ചയായിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കോൺഗ്രസിനകത്തുതന്നെ അഭിപ്രായങ്ങളുണ്ടായി. ഇടത് കേന്ദ്രങ്ങളും രാഹുലിന്റെ പ്രചാരണം ചർച്ചയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.