വി.ഡി. സതീശന്‍ എത്തുന്നതിന് മുമ്പ് ആശ സമര സമാപന വേദി വിട്ട് രാഹുൽ മാങ്കൂട്ടത്തിൽ; സതീശന്‍ പോയപ്പോൾ തിരിച്ചെത്തി

തിരുവനന്തപുരം: ആശ സമരത്തിന്റെ സമാപന വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ എത്തി. വിവാദ ശേഷം തലസ്ഥാനത്ത്‌ ആദ്യമായാണ്‌ രാഹുൽ പൊതുവേദിയിൽ എത്തുന്നത്‌. കൈ കൊടുത്തും ആശ്ലേഷിച്ചുമാണ്‌ ആശ പ്രവര്‍ത്തകര്‍ രാഹുലിനെ വരവേറ്റത്. നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം സമരവേദിയില്‍ എത്തിയത്. സമ്മേളനം തുടങ്ങുമ്പോഴും സമരവേദിയില്‍ ഉണ്ടായിരുന്നു. ഉദ്‌ഘാടനത്തിന്‌ തൊട്ടു മുൻപ്‌ മടങ്ങിയെങ്കിലും പിന്നീട് തിരിച്ചെത്തി.

രാഹുൽ എത്തിയതിൽ ഉദ്‌ഘാടകനായ പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശന്‌ കടുത്ത അതൃപ്‌തിയുണ്ടെന്നും ഇത്‌ സമരസമിതി നേതാക്കളെ അറിയിച്ചതിനെ തുടർന്നാണ്‌ വേദി വിട്ടതെന്നുമുള്ള വാർത്തകൾ പുറത്തുവന്നു. ഉദ്‌ഘാടന വേളയിൽ രാഹുൽ വേദിയിലുണ്ടായിരുന്നില്ല. സതീശൻ ഉദ്‌ഘാടനം ചെയ്‌തയുടൻ മടങ്ങുകയും ചെയ്‌തു. മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ രമേശ് ചെന്നിത്തല സമരവേദിയില്‍ എത്തിയതിനു പിന്നാലെ രാഹുല്‍ വീണ്ടും എത്തി.

സമരവേദിയില്‍നിന്ന് ആരും ഇറക്കിവിട്ടില്ലെന്നും ട്രെയിനില്‍ മടങ്ങാനാണ് ഇറങ്ങിയതെന്നും രാഹുല്‍ വിശദീകരിച്ചു. എന്നാൽ, ഇറക്കിവിട്ടുവെന്ന വാര്‍ത്ത കണ്ടാണ് തിരിച്ചുവന്നത്. അമ്മമാര്‍ ക്ഷണിച്ചതു കൊണ്ടാണ് എത്തിയത്. അമ്മമാര്‍ മക്കളെ ഇറക്കിവിടില്ലെന്ന് രാഹുല്‍ പറഞ്ഞു. ആശ സമരത്തെ തുടക്കം മുതൽ പിന്തുണച്ച വ്യക്‌തിയാണ്‌ രാഹുൽ.

ആശമാർ അവസാനിപ്പിച്ചത് 266 ദിവസം നീണ്ട രാപ്പകൽ സമരം

തിരുവനന്തപുരം: 266 ദിവസം നീണ്ട രാപ്പകൽ സമരം ആശമാർ അവസാനിപ്പിച്ചു. ഒന്നാം വാർഷികമാചരിക്കുന്ന 2026 ഫെബ്രുവരി 10ന്‌ മഹാറാലിയായി സെക്രട്ടേറിയറ്റിനു മുന്നിൽ എത്തുമെന്ന്‌ ഓർമിപ്പിച്ച് സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തൽ പൊളിച്ചു. ഏറെ വൈകാരികമായാണ് സമരപ്രതിജ്ഞ റാലിക്കു ശേഷം സമരം അവസാനിപ്പിച്ചത്.

ഇത്രയും ദിവസം അധിക്ഷേപങ്ങളും പ്രതിസന്ധികളും മറികടന്ന് ഒരു കുടുംബം പോലെയാണ് ഇവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിലയുറപ്പിച്ച് അവകാശപ്പോരാട്ടം നടത്തിയതെന്ന് സമരസമിതി നേതാവ് എം.എ. ബിന്ദു പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ്‌ സർക്കാർ അധികാരത്തിൽ വരുമ്പോൾ മന്ത്രിസഭ ആദ്യ തീരുമാനം ആശമാരുടെ ഓണറേറിയം വർധനയാകുമെന്ന്‌ ഒരിക്കൽ കൂടി ഉറപ്പിച്ച്‌ പറഞ്ഞ സതീശൻ ഇത് സ്ത്രീശക്തിയുടെ മഹാ വിജയമാണെന്ന് കൂട്ടിച്ചേർത്തു. ഓണറേറിയ വർധന തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന്‌ പറഞ്ഞവർ തന്നെ 1000 രൂപ കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.

എം.എൽ.എമാരായ രമേശ്‌ ചെന്നിത്തല, പി.സി. വിഷ്ണുനാഥ്, കെ.കെ. രമ, രാഹുൽ മാങ്കൂട്ടത്തിൽ, മുൻ മന്ത്രി വി.എസ്‌ ശിവകുമാർ, ബി.ജെ.പി നേതാവ്‌ വി.വി രാജേഷ്‌, സി.എം.പി നേതാവ്‌ സി.പി. ജോണ്‍, ജോസഫ് എം. പുതുശേരി, ജെ. ദേവിക, ഡോ. എസ്‌.എസ്‌ ലാൽ, എസ്‌. രാജീവൻ തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു.

കേരള ആശ ഹെൽത്തര വർക്കേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ വി.കെ സദാനന്ദൻ അധ്യക്ഷത വഹിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പ്രാദേശിക തല സമരം തുടരുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയം വര്‍ധിപ്പിച്ചതും കേന്ദ്രസര്‍ക്കാര്‍ വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിച്ചതും സമര നേട്ടമാണെന്ന് സമരസമിതി നേതാക്കളായ എം.എ ബിന്ദു, എസ്‌. മിനി എന്നിവർ പറഞ്ഞു.

Tags:    
News Summary - rahul mamkootathil at asha workers protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.