രാഹുൽ മാങ്കൂട്ടത്തിൽ

'രാഹുൽ ലൈംഗിക വേട്ടക്കാരൻ, ഇത്രയും കാലം മിണ്ടാതിരുന്നത് സൈബർ ആക്രണം ഭയന്ന്' മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതിയുടെ വിശദാംശങ്ങൾ പുറത്ത്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേരളത്തിന് പുറത്ത് താമസിക്കുന്ന യുവതി നൽകിയ പരാതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. രാഹുൽ വിവാഹവാഗ്ദാനം നൽകിയാണ് ഹോംസ്റ്റേയിൽ വെച്ച് തന്നെ ക്രൂരമായി പീഡിപ്പിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. രാഹുൽ ലൈംഗിക വേട്ടക്കാരനാണെന്നും യുവതി കോൺഗ്രസ് നേതൃത്വത്തിന് നൽകിയ പരാതിയിൽ ആരോപിക്കുന്നുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ 2023ൽ സെപ്തംബറിൽ രാഹുൽ ഇൻസ്റ്റഗ്രാം വഴിയാണ് ബന്ധപ്പെട്ടെന്നും പിന്നീട് ടെലഗ്രാം നമ്പർ ചോദിച്ചുവെന്നും പരാതിയിൽ പറയുന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ട് സുരക്ഷിതമല്ലെന്നും അതിനാൽ സ്വകാര്യത വേണമെന്നും പറഞ്ഞാണ് ടെലിഗ്രാം നമ്പർ ചോദിച്ചത്. രാഹുലിനെ വിശ്വസിച്ച് നമ്പർ നൽകുകയായിരുന്നു.

ടെലിഗ്രാം വഴി അദ്ദേഹം സന്ദേശങ്ങൾ അയക്കുകയും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതം തന്‍റെ തൊഴിൽപരമായ ആഗ്രഹങ്ങൾക്ക് ഒരു തടസമാവില്ലെന്ന് ഉറപ്പുനൽകി. അദ്ദേഹത്തിന്‍റെ നിരന്തരമായ നിർബന്ധത്തെ തുടർന്ന് വിവാഹാലോചനയെക്കുറിച്ച് കുടുംബത്തോട് പറഞ്ഞുവെങ്കിലും ആദ്യഘട്ടത്തിൽ കുടുംബം എതിർത്തു. അദ്ദേഹം കേരളത്തിലെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായതോടെ ബന്ധവുമായി മുന്നോട്ട് പോകാൻ സമ്മതിച്ചു. ഇക്കാര്യം അറിയിച്ചപ്പോൾ അടുത്ത അവധിക്കാലത്ത് ബന്ധുക്കളോടൊപ്പം വീട്ടിൽ വരുമെന്ന് അദ്ദേഹം ഉറപ്പുനൽകിയെന്നും പരാതിയിൽ പറയുന്നു.

അവധിക്ക് നാട്ടിലെത്തിയപ്പോൾ കുടുംബത്തെ കാണുന്നതിന് മുൻപായി ഭാവികാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി തന്നെ തനിച്ച് കാണണമെന്ന് രാഹുൽ നിർബന്ധം പിടിച്ചു. ഫെനി നൈനാൻ എന്ന സുഹൃത്തിനൊപ്പമാണ് രാഹുൽ വന്നത്. നഗരത്തിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള ഒറ്റപ്പെട്ട ഒരു ഹോംസ്റ്റേ പോലെയുള്ള കെട്ടിടത്തിലേക്കാണ് അവർ എന്നെ കൊണ്ടുപോയത്. ആ സ്ഥലം ഒരു സുഹൃത്തിന്‍റേതാണെന്ന് പറഞ്ഞു. അദ്ദേഹത്തെ വിശ്വസിച്ച് കൂടെപ്പോയി. മുറിക്കുള്ളിൽ കടന്നയുടൻ രാഹുൽ കടന്നുപിടിച്ചെന്നും താൻ എതിർത്തെങ്കിലും ക്രൂരമായി ആക്രമിച്ച് പീഡിപ്പിച്ചെന്നും യുവതി ആരോപിക്കുന്നു. പിന്നീട് വിവാഹ വാഗ്ദാനത്തെക്കുറിച്ച് പറ‍യുമ്പോൾ ആരെയും വിവാഹം കഴിക്കാൻ തനിക്ക് താൽപര്യമില്ലെന്ന് മറുപടി നൽകിയതായുമാണ് യുവതി ആരോപിക്കുന്നത്.

ഇത് കടുത്ത മാനസിക സംഘർഷമുണ്ടാക്കി. പൊതുജനങ്ങളുമായി, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളുമായി, ഇടപഴകേണ്ടി വരുന്ന പദവി വഹിക്കുന്നതിൽ നിന്ന് രാഹുലിനെ തടയണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്രയും കാലം മിണ്ടാതിരുന്നത് സൈബർ ആക്രമണം ഭയന്നാണെന്നും പരാതിയിൽ പറയുന്നു.

രാഹുലുമായിഏറ്റവും അടുപ്പമുള്ള പത്തനംതിട്ടയിലെ വ്യക്തിയേയും കുറിച്ച് പരാതിയിൽ പറയുന്നുണ്ട്. അയാളുടെ അറിവോട് കൂടിയാണ് പീഡനം നടന്നത്. ഹോസ്റ്റേയിലേക്ക് കൂട്ടിക്കൊണ്ടുപോയതും തിരിച്ചുകൊണ്ടുവന്നതും ഇയാളാണ്. ഇതിന് ശേഷം മാനസികമായും ശാരീരികമായും തകർന്നു. ​ഗർഭിണിയാവണമെന്ന് രാഹുൽ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പരാതി പൊലീസ് മേധാവിക്ക് കൈമാറിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ് അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും കെ.പി.സി.സി പ്രസിസിഡന്‍റിനും യുവതി പരാതി അയച്ചിരുന്നു. ബം​ഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി എത്തിയത്.

Tags:    
News Summary - Rahul is a sexual predator, was afraid of cyber attacks, details of new complaint against Rahul Mamkoottathil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.