‘സി.പി.എം തീവ്രവലതുപക്ഷമായി’; പിണറായിയെ വീണ്ടും കടന്നാക്രമിച്ച് രാഹുൽ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയുള്ള കടന്നാക്രമണം തുടർന്ന് രാഹുൽ ഗാന്ധി. മുഖ്യമന്ത്രിക്കും മക്കൾക്കും എതിരായ കേസുകളിൽ കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന് രാഹുൽ തുറന്നടിച്ചു. കണ്ണൂരിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേസുകൾ എല്ലാം ഇല്ലാതാക്കുന്നത് മോദിയാണ്. മോദി പിണറായിയെയോ പിണറായി മോദിയെയോ വിമർശിക്കുന്നത് കേൾക്കാൻ ഇല്ല. ബി.ജെ.പി മുഖ്യമന്ത്രിയെ പിന്തുണക്കുന്നതിന് രണ്ട് തെളിവുകളുണ്ട്. പ്രധാനമന്ത്രി ശബരിമല വിഷയം ഉയർത്തുന്നില്ല, ശബരിമലയിലെ സ്വര്‍ണം സി.പി.എം മോഷ്ടിച്ചു. ഹിന്ദുവിന്‍റെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ കേരളത്തിലെത്തിയാൽ ഒന്നും പറയുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കേരളത്തിൽ ഇടതുപക്ഷം വിജയിക്കാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നു. ബി.ജെ.പിക്ക് സി.പി.എമ്മിനെ നിയന്ത്രിക്കാൻ സാധിക്കുന്നു. കേരളത്തിൽ കോൺഗ്രസിനെ നിയന്ത്രിക്കാൻ സാധിക്കില്ലെന്ന് ബി.ജെ.പിക്ക് അറിയാം. ട്രംപ് മോദിയെ നിയന്ത്രിക്കുന്ന പോലെ മോദി പിണറായിയെ നിയന്ത്രിക്കുന്നു. കേരളം വെറുപ്പിനെ അല്ല സ്നേഹത്തെയാണ് തെരഞ്ഞെടുക്കുക. ബി.ജെ.പിയും സി.പി.എമ്മും അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്. യു.എസുമായി ഊർജ കരാറുകളിൽ ഇന്ത്യ ഒപ്പിടുന്നു. ഇന്ത്യ ആരുടെ കൈയ്യിൽനിന്ന് ഇന്ധനം വാങ്ങണമെന്ന് യു.എസ് തീരുമാനിക്കുന്ന സാഹചര്യമുണ്ടാകും. ഈ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങൾ ജനം അനുഭവിക്കേണ്ടി വരും. ഗൾഫ് രാജ്യങ്ങളിൽ യുദ്ധം നടക്കുന്നതിനാൽ അടുത്തദിവസങ്ങളിൽ തന്നെ ഈ കരാറിന്റെ ഫലങ്ങൾ അറിയാമെന്നും രാഹുൽ പറഞ്ഞു.

തൊഴിലാളിവർഗ പാർട്ടിയായ സി.പി.എം തീവ്രവലതുപക്ഷമായി മാറിയെന്നും സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ കേരളത്തിൽ കൂട്ടുകച്ചവടമാണെന്നും കണ്ണൂരിൽ യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ വിമർശിച്ചു. സി.പി.എം യഥാർഥ ഇടതുപക്ഷം അല്ലാതെയായി. ബി.ജെ.പിയും സി.പി.എമ്മും കോര്‍പറേറ്റ് പാര്‍ട്ടികളാണെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു. സി.പി.എം യഥാർഥ ഇടതുപക്ഷമല്ലാതെയായി മാറിയെന്നതിന്‍റെ തെളിവാണ് രണ്ട് മുതിർന്ന ഇടത് നേതാക്കള്‍ ഇവിടെ വേദിയിലിരിക്കുന്നത്. എന്തുകൊണ്ടാണ് അവര്‍ മുഖ്യമന്ത്രിക്കൊപ്പം പ്രചാരണം നടത്താത്തതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. തളിപ്പറമ്പിൽ യു.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാഥി ടി.കെ ഗോവിന്ദൻ, പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണൻ എന്നിവരടക്കം വേദിയിലിരിക്കെയാണ് സി.പി.എമ്മിനെതിരെ രാഹുൽ ഗാന്ധി കടന്നാക്രമിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.