കനൽവഴികൾ താണ്ടി ഡോക്​ടറാകാൻ രാഗി

പുൽപള്ളി: പുറമ്പോക്കുഭൂമിയിലെ ചോർന്നൊലിക്കുന്ന കൂരയിൽനിന്ന്​ ഡോക്ടറാകാനൊരുങ്ങുകയാണ്​ ആദിവാസി വിദ്യാർഥിനിയായ രാഗി. പൂതാടി പഞ്ചായത്തിലെ ഇരുളം വനഭൂമിയിൽ കുടിൽകെട്ടി താമസിക്കുന്ന രാജു^ബീന ദമ്പതികളുടെ മകളാണ്​ ഈ കൊച്ചുമിടുക്കി.
കണ്ണൂർ പരിയാരം ആയുർവേദ മെഡിക്കൽ കോളജിൽ ബി.എ.എം.എസ്​ നാലാംവർഷ വിദ്യാർഥിനിയാണ്. തിരുവനന്തപുരം മോഡൽ ​െറസിഡൻഷ്യൽ സ്​കൂളിലും ഹോസ്​റ്റലിലും നിന്നാണ് രാഗി ഒന്നാം ക്ലാസ്​ മുതൽ പ്ലസ്​ ടു വരെ പഠിച്ചത്. ഉയർന്ന മാർക്ക് ലഭിച്ചതിനെത്തുടർന്ന് പാലായിലെ എൻട്രൻസ്​ കോച്ചിങ്​ സ​െൻററിൽ തുടർപഠനം. മെഡിക്കൽ പ്രവേശനപരീക്ഷ​ എഴുതി മികച്ച റാങ്കോ​െടയാണ് സീറ്റ് ഉറപ്പിച്ചത്.
കോവിഡ് വ്യാപനത്തെത്തുടർന്ന് രാഗി ഇപ്പോൾ ഇരുളത്തെ കുടിലിൽ മാതാപിതാക്കളോടൊപ്പമാണ്​ താമസിക്കുന്നത്​​. പരീക്ഷ നവംബറിലാണ്. എന്നാൽ, പരീക്ഷഫീസടക്കം​ കണ്ടെത്താനാവാതെ വിഷമിക്കുകയാണ് കുടുംബം. 2000 രൂപയിലധികം ഫീസിനും പഠനസാമഗ്രിക്കൾക്കുമായി ചെലവ് വരും. ഇൗ തുക സ്വയം കണ്ടെത്തണം. പിന്നീടാണ്​ സർക്കാറിൽനിന്ന്​ ഈ പണം ലഭിക്കുക.

സൗകര്യങ്ങൾ ഒന്നും ഇവരുടെ കുടിലിൽ ഇല്ല. സ്വന്തമായി ഒരുതുണ്ട് ഭൂമി ലഭിക്കാനായി മാതാപിതാക്കൾ മുത്തങ്ങ വന്യജീവിസങ്കേതത്തിലെ ആലത്തൂർ കോളനിയിൽനിന്നും ഇരുളത്തെ വനഭൂമിയിൽ കുടിൽകെട്ടി സമരരംഗത്താണ്. ഒമ്പതു വർഷമായി ഇവിടെയാണ് താമസം. വന്യജീവികളുടെ വിഹാരകേന്ദ്രമാണ് ഇവിടം. മണ്ണെണ്ണവിളക്ക് മാത്രമാണ് രാത്രിയിൽ ആശ്രയം. മഴ പെയ്താൽ കുടിൽ ചോർന്നൊലിക്കും. ഭയത്തോടെയാണ് ഇവരുടെ വാസം. എന്നാൽ, കൂലിപ്പണിപോലും ഇപ്പോഴത്തെ സാഹചര്യത്തിൽ ലഭിക്കുന്നില്ല. അതിനാൽ പഠനച്ചെലവുകൾക്കും പരീക്ഷഫീസടക്കമുള്ള കാര്യങ്ങൾക്കും തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണ്.

സ്വന്തമായൊരു വീടാണ് രാഗിയുടെ സ്വപ്നം. സർക്കാറിന് അപേക്ഷ നൽകിയിട്ടുണ്ട്. സർക്കാർ കൈവിടില്ലെന്നാണ് പ്രതീക്ഷ. ഇല്ലെങ്കിൽ പഠിപ്പ് കഴിഞ്ഞ് സ്വന്തമായി അധ്വാനിച്ച് വീടുവെക്കും. മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയും നന്നായി നോക്കണം. ഡോക്ടറായി കാണാൻ ആഗ്രഹിച്ച കുറെ ആളുകളുണ്ട്. അവരൊക്കെ വലിയ പ്രതീക്ഷയിലാണ് -രാഗി നിറഞ്ഞ മനസ്സോടെ പറയുന്നു.

News Summary - Ragi, pulpally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.