ഗാന്ധിനഗർ (കോട്ടയം): ഗവ. നഴ്സിങ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥികൾ റാഗിങ്ങിനിരയായ സംഭവത്തിൽ പ്രിൻസിപ്പൽ പ്രഫ. എ.ടി. സുലേഖ, അസിസ്റ്റൻറ് വാർഡന്‍റെ ചുമതലയുള്ള അസി. പ്രഫസർ അജീഷ് പി. മാണി എന്നിവർ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തൽ. പ്രത്യേക അന്വേഷണസംഘം നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇരുവരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത് വെള്ളിയാഴ്ച ഉത്തരവിറക്കിയിരുന്നു. ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെയും അടിയന്തരമായി നീക്കി.
ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്‍റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. പ്രത്യേക അന്വേഷണസംഘം വെള്ളിയാഴ്ചതന്നെ കോളജിൽ എത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലെ ജോയന്‍റ് ഡയറക്ടർ (നഴ്സിങ്) ഡോ. ടി. പ്രേമലത, തിരുവനന്തപുരം മെഡിക്കൽ കോളജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം അസി. പ്രഫസർ ഡോ. എ. ഷാനവാസ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ അഡ്മിനിസ്ട്രേറ്റിവ് അസി. എൽ.ആർ. ചിത്ര എന്നിവരാണ് എത്തിയത്. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരുന്നതെങ്കിലും വൈകീട്ടുതന്നെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ആരോഗ്യ വകുപ്പ് അധികൃതർക്ക് കൈമാറുകയും രാത്രിയോടെ അഡീഷനൽ ചീഫ് സെക്രട്ടറി സസ്പെൻഷൻ ഉത്തരവ് ഇറക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.