പേവിഷ ബാധ: വാക്സിൻ വീണ്ടും സംശയമുനയിൽ

തിരുവനന്തപുരം: പേവിഷ ബാധക്കെതിരായ വാക്സിനെടുത്ത പത്തനംതിട്ടയിലെ 12 വയസ്സുകാരിക്ക് പേവിഷ ലക്ഷണങ്ങൾ സ്ഥിരീകരിച്ചതോടെ വാക്സിൻ സംബന്ധിച്ച സംശയങ്ങൾ വീണ്ടും ബലപ്പെടുന്നു. സംസ്ഥാനത്ത് പേവിഷ പ്രതിരോധ വാക്‌സിനും ഇമ്യൂണോഗ്ലോബുലീനും പരാജയപ്പെടുന്ന ഈ വർഷത്തെ അഞ്ചാമത്തെ സംഭവമാണിത്. ഇതുവരെ 20 പേവിഷ മരണങ്ങൾ ഉണ്ടായിട്ടും കൃത്യമായ ഡെത്ത് ഓഡിറ്റിങ് നടന്നിട്ടില്ല.

മരിച്ച പകുതിയിലേറെപേരും വാക്സിനെടുത്തിരുന്നുവെന്നാണ് വിവരമെങ്കിലും ആരോഗ്യവകുപ്പ് സ്ഥിരീകരിക്കുന്നില്ല.അതേസമയം വാക്സിൻ പരാജയപ്പെട്ട നാലുസംഭവങ്ങൾ ഈവർഷം ഉണ്ടായതായി ആരോഗ്യമന്ത്രി തന്നെ കഴിഞ്ഞദിവസം നിയമസഭയിൽ വെളിപ്പെടുത്തിയിരുന്നു. സർക്കാർ നിയോഗിച്ച വിദഗ്ധസമതി അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

അതിനൊപ്പം വാക്സിന്‍റെ ഫലശേഷിയും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.2021 ഒക്ടോബറിൽ തന്നെ ഈ ആശങ്ക 'മാധ്യമം' പുറത്തുകൊണ്ടുവന്നിരുന്നു. അതിന്മേൽ ഒരന്വേഷണവും ആരോഗ്യവകുപ്പ് അന്ന് നടത്തിയില്ല. ഇപ്പോഴും വാക്സിനിൽ കുഴപ്പമില്ലെന്ന നിലപാടിൽ തന്നെയാണ് ആരോഗ്യവകുപ്പും വാക്സിൻ വിതരണം നടത്തുന്ന കേരള മെഡിക്കൽ സർവിസസ് കോർപറേഷനും (കെ.എം.എസ്.സി.എൽ).കേന്ദ്ര ഡ്രഗ്ടെസ്റ്റിങ് ലബോറട്ടറിയുടെ ബാച്ച് റിലീസ് സർട്ടിഫിക്കറ്റോടുകൂടിയാണ് കെ.എം.എസ്.സി.എൽ പേവിഷ ബാധക്കെതിരായ റാബീസ് വാക്‌സിനും റാബീസ് ഇമ്യൂണോഗ്ലോബുലിനും വിതരണം ചെയ്യുന്നതെന്നാണ് മാനേജിങ് ഡയറക്ടർ ഡോ. ചിത്ര എസ് അറിയിച്ചത്.

ഉത്തരം വേണ്ടത് മൂന്ന് ചോദ്യങ്ങൾക്ക്

വാക്സിനെടുത്തിട്ടും പേവിഷ മരങ്ങൾ സംഭവിക്കുന്നതിൽ മൂന്ന് ചോദ്യങ്ങൾക്ക് അടിയന്തരമായി ഉത്തരം കാണണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.ഒന്ന്: ശരിയായ ഗുണനിലവാരമുള്ള വാക്സിനും ഇമ്യൂണോഗ്ലോബുലിനുമാണോ സംസ്ഥാനത്ത് നൽകുന്നത്.രണ്ട്: ശരിയായ രീതിയിലും താപനിലയിലും ആണോ ഈ വാക്‌സിനുകൾ സൂക്ഷിക്കപ്പെടുന്നത്.

മൂന്ന്: ശരിയായ രീതിയിലാണോ ഇത് കുത്തിവെക്കുന്നത് എന്നിവക്കാണ് മറുപടി വേണ്ടത്.ഇതിനൊപ്പം വാക്സിനേഷനിൽ നിലവിൽ പിന്തുടരുന്ന രീതി മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന വൈറോളജിസ്റ്റ് ഗഗൻദീപ് കാങ്ങിന്‍റെ അഭിപ്രായം ഗൗരവമായി കാണണമെന്ന വാദവും ഉയർന്നിട്ടുണ്ട്.

Tags:    
News Summary - Rabies:Vaccine back in doubt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.