തിരുവനന്തപുരം: സ്കൂളുകളിലെ സുംബ പദ്ധതിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. സുംബ ചെയ്യുന്നതിൽ എന്താ തെറ്റെന്നും, കാലത്തിനനുസരിച്ച് എല്ലാവരും ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു.
കുട്ടികൾ സുംബ ചെയ്യുന്നത് അവർക്കും പൊതുസമൂഹത്തിനും വളരെ ഗുണകരമാണ് എന്നത് ഏത് ആൾക്കും പ്രഥമദൃഷ്ട്യാ മനസ്സിലാകുന്ന കാര്യമാണ്. അത് ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. ശാരീരക ആരോഗ്യവും മാനസികാരോഗ്യവും ഉറപ്പാക്കാൻ കഴിയുന്നതാണ്. വളരെ ആഹ്ലാദപൂർവം, ഉല്ലാസപൂർവമാണ് സ്കൂള്‍ സമൂഹമാകെ അത് ഏറ്റെടുത്തിട്ടുള്ളത്. അതിലെന്താ തെറ്റ്? -മന്ത്രി ചോദിച്ചു.
നമ്മൾ 21-ാം നൂറ്റാണ്ടിന്‍റെ ആദ്യ പാദം പിന്നിടുകയാണ്. 2025 ആയി. 19-ാം നൂറ്റാണ്ടിലോ പ്രാകൃത മധ്യകാലത്തോ ഒന്നുമല്ലല്ലോ നിൽക്കുന്നത്. കാലത്തിനനുസരിച്ച് എല്ലാവരും ചിന്തിക്കണമെന്നും ആർ. ബിന്ദു പറഞ്ഞു.
സ്കൂളുകളിലെ സുംബക്കെതിരെ സമസ്ത യുവജന വിഭാഗം രംഗത്തുവന്നിരുന്നു. കുട്ടികൾ സ്കൂളുകളിൽ പഠിക്കുമ്പോൾ ധാർമികത നിലനിർത്തണം എന്നാഗ്രഹിക്കുന്ന ഒരു സമൂഹമുണ്ടെന്നും അവർക്ക് മാനസിക പ്രയാസമുണ്ടാകുമെന്നും എസ്.വൈ.എസ് നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു.
സുംബ ഡാൻസ് എന്നത് ഒരു ഫിറ്റ്നസ് പ്രോഗ്രാമാണ്. പശ്ചാത്യ നൃത്ത സംഗീതം ഉൾപ്പെട്ട, സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചുചേർന്ന് ആടിപ്പാടിയുള്ള വിനോദമാണ്. ഇത് സ്കൂളിലാകെ ഒരു ആരോഗ്യ പദ്ധതിയായി വരുമ്പോൾ ചില കുട്ടികൾ അതിൽനിന്ന് മാറി നിൽക്കുമ്പോൾ അവർക്ക് മാനസിക പ്രയാസമുണ്ടാകും. കുട്ടികൾ സ്കൂളുകളിൽ പഠിക്കുമ്പോൾ ധാർമികത നിലനിർത്തണം എന്നാഗ്രഹിക്കുന്ന ഒരു സമൂഹമുണ്ട്. ഇത്തരം നൃത്തത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിൽ ചില രക്ഷിതാക്കൾക്ക് താൽപര്യമില്ലെങ്കിൽ ഇത് സ്കൂളുകളിൽ നടപ്പാക്കേണ്ട കാര്യമെന്ത്? ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നുള്ള ഒരു സംവിധാനമായിട്ടാണ് ഇന്‍റർനെറ്റിൽ ഇതേക്കുറിച്ച് പരിശോധിച്ചാൽ ലഭിക്കുന്ന വിവരം. അതിൽ ബെല്ലി ഡാൻസിന്‍റെ ഭാഗങ്ങൾ വരെയുണ്ട്. ഇത് നിർബന്ധമായി നടപ്പാക്കണം എന്ന് സർക്കാർ പറഞ്ഞതായി അറിവില്ല. പക്ഷേ, ഇത് നടന്നുവന്നാൽ പിന്നീട് അതൊരു പൊതുവായ കാര്യമായി മാറും -അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.