ആർ. ബാലകൃഷ്ണപിള്ള അന്തരിച്ചു

കൊല്ലം: മുൻ മന്ത്രിയും കേരളാ കോൺഗ്രസ്​-ബി ചെയർമാനുമായ ആർ. ബാലകൃഷ്​ണപിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്, കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്‍റെ അന്ത്യം തിങ്കളാഴ്ച പുലർച്ചെയായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട പൊതുജീവിതത്തിനും കേരളത്തിൽ മറ്റാർക്കും അവകാശപ്പെടാനാവാത്ത ഒ​േട്ടറെ പ്രത്യേകതകൾ നിറഞ്ഞ രാഷ്​ട്രീയ ജീവിതത്തിനുമാണ്​ ഇതോടെ തിരശ്ശീല വീണത്​. 

ബാലകൃഷ്​ണപിള്ളയുടെ ഭൗതികശരീരം രാവിലെ ഒമ്പത്​ മണി വരെ കൊട്ടാരക്കരിയിലെ വസതിയിലും ഒമ്പത്​ മണി മുതൽ പത്തനാപുരം എൻ.എസ്​.എസ്​ താലൂക്ക്​ യൂനിയൻ ആസ്​ഥാനത്തും പൊതുദർശനത്തിന്​ വെക്കും. വൈകീട്ട്​ അഞ്ചിന്​ വാളകത്തെ തറവാട്ട്​ വീട്ടിലാണ്​ സംസ്​കാരം.

1935 മാർച്ച്​ എട്ടിന്​ കൊട്ടാരക്കര വാളകം കീഴൂട്ട് രാമൻ പിള്ള-കാർത്ത്യായനിയമ്മ ദമ്പതികളുടെ മകനായാണ്​ ബാലകൃഷ്​ണപിള്ളയുടെ ജനനം. കോൺഗ്രസിലൂടെയാണ് സജീവ രാഷ്​ട്രീയ പ്രവർത്തകനായി മാറിയത്. തുടർന്ന് കേരളാ കോൺഗ്രസ്സിലേക്കും അവിടെ നിന്ന് സ്വന്തം പാർട്ടിയുണ്ടാക്കിയുമായിരുന്നു പൊതുപ്രവർത്തനം. 16-ാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിൽ അംഗത്വമെടുത്തിരുന്നു. കേരളാ കോൺഗ്രസിന്‍റെ സ്ഥാപകനേതാക്കളിൽ ഒരാളും പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു. രാഷ്​ട്രീയത്തിനൊപ്പം സമുദായ പ്രവർത്തനത്തിലും സജീവമായിരുന്നു. ആറ്​ പതിറ്റാണ്ടിലേറെ പത്തനാപുരം താലൂക്ക് എൻ.എസ്.എസ് യൂനിയൻ പ്രസിഡൻറായിരുന്നു. എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

25-ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിട്ടാണ് ആദ്യമായി പത്തനാപുരത്ത് നിന്ന് നിയമസഭയിലെത്തുന്നത്. സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം എന്ന അദ്ദേഹത്തിെൻറ ബഹുമതി ഇനിയും തിരുത്തപ്പെട്ടിട്ടില്ല. ഇടമലയാർ കേസിൽ സുപ്രീം കോടതി ഒരു വർഷത്തേക്കു തടവുശിക്ഷക്ക് വിധിച്ചതോടെ, അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയുമായി. ഇടമലയാർ കേസിൽ, പിള്ളയെ വെറുതെ വിട്ട ഹൈകോടതി വിധിയ്‌ക്കെതിരെ വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹരജിയിലായിരുന്നു സുപ്രീം കോടതി ശിക്ഷ. എന്നാൽ, ശിക്ഷാകാലാവധി പൂർത്തിയാകും മോചിപ്പിച്ചു. 'പഞ്ചാബ് മോഡൽ പ്രസംഗം' എന്ന പേരിൽ വിവാദമായ പ്രസംഗത്തിന്‍റെ പേരിൽ മന്ത്രിസഭയിൽ നിന്ന് രാജിവെക്കേണ്ടി വന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാ സാമാജികനുമാണ് ഇദ്ദേഹം. ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവും വഹിച്ചിരുന്നു.

കേരളാ കോൺഗ്രസ്സിൽ എത്തും മുമ്പ് കെ.പി.സി.സി എക്സിക്യൂട്ടീവ്, എ.ഐ.സി.സി എന്നിവയിൽ അംഗമായിരുന്നു.1960ൽ പത്തനാപുരത്ത് നിന്ന് ആദ്യമായി നിയമസഭയിലെത്തിയതിനെ തുടർന്ന് എട്ടു തവണ കൂടി നിയമസഭയിലെത്തി.1975 ൽ മാവേലിക്കരയിൽ നിന്നുള്ള ലോക്സഭാംഗമായിരിക്കെ, സി. അച്യുതമേനോൻ മന്ത്രിസഭയിൽ ആദ്യമായി മന്ത്രിസ്ഥാനത്തെത്തി. ഗതാഗത, എക്സൈസ്, ജയിൽ വകുപ്പുകളുടെ ചുമതലയാണ് വഹിച്ചത്. പിന്നീട്,1980-82, 82-85, 86-87 കാലയളവിൽ വൈദ്യുതി മന്ത്രിയായും 1991-95, 2001-2004 കാലഘട്ടത്തിൽ ഗതാഗത മന്ത്രിയായും സേവനമനുഷ്ഠിച്ചു. 1960, 1965, 1977, 1980, 1982, 1987, 1991, 1996, 2001 വർഷങ്ങളിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ തവണയൊഴിച്ചുള്ള തെരഞ്ഞെടുപ്പുകളിൽ കൊട്ടാരക്കരയിൽ നിന്നാണ് ജയിച്ചത്. 2006ൽ സി.പി.എമ്മിലെ അഡ്വ. െഎഷാ പോററിയോട് തോറ്റു.

തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചില്ല. പിന്നീട് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കാബിനറ്റ് പദവിയിൽ മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനായി നിയമിച്ചു. കാബിനറ്റ് പദവി നൽകിയതിനെ അന്നത്തെ പ്രതിപക്ഷമായ എൽ.ഡി.എഫ് ശക്തമായി എതിർത്തുവെങ്കിലും തുടർന്നു വന്ന പിണറായി വിജയൻ സർക്കാരും അദ്ദേഹത്തെ ഇതേ പദവിയിൽ നിയമിച്ചു. 'മാധ്യമം' വാരികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ച 'പ്രിസണർ 5990' ആത്മകഥയാണ്.

ഭാര്യ വത്സലകുമാരി 2018ൽ നിര്യതയായി. മക്കൾ: കെ.ബി. ഗണേഷ്കുമാർ എം.എൽ.എക്കു പുറമേ, ഉഷ, ബിന്ദു. മരുമക്കൾ: മുൻ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി കെ. മോഹൻദാസ്, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണൻ, ബിന്ദു മേനോൻ.

Tags:    
News Summary - R. Balakrishnapillai passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.