ഖുർആൻ  മാനവതയുടെ മാർഗദർശനം

പരിശുദ്ധ ഖുർആനി​​​​െൻറ അവതരണംകൊണ്ട് അനുഗൃഹീതമായ മാസമാണ് റമദാൻ. മാനവതക്കാകമാനം മാർഗദർശനമായാണ് ഖുർആൻ അവതരിപ്പിച്ചത് എന്ന് അല്ലാഹു ഖുർആനിൽ പലയിടങ്ങളിലായി പ്രഖ്യാപിക്കുന്നുണ്ട്. ഖുർആൻ വരച്ചുകാണിക്കുന്നത് ഏറ്റവും നേരായ പാതയാണ്, ജനങ്ങളെ അന്ധകാരങ്ങളിൽ നിന്ന് മോചിപ്പിച്ച് പ്രകാശത്തിലേക്ക് നയിക്കുന്ന ഗ്രന്ഥമാണ്, സദുപദേശമാണ്, കാരുണ്യമാണ്, മനസ്സുകൾക്ക് ശമനമാണ് എന്നിങ്ങനെ ഒട്ടനവധി വിശേഷണങ്ങൾ അല്ലാഹു വിശുദ്ധ വേദഗ്രന്ഥത്തിന് നൽകുന്നുണ്ട്.

സയ്യിദ് മുഹമ്മദ് ശാക്കിർ
 

അധർമങ്ങളിൽ ആപതിച്ച മനുഷ്യരെ ധർമത്തി​​​​െൻറ ഋജുപാതയിലേക്ക് ആനയിച്ച ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ എന്നതിന് ചരിത്രം സാക്ഷി. സത്യവും അസത്യവും വ്യക്തമാവാതെ, ശരിയും തെറ്റും വേർതിരിച്ചറിയാതെ അന്ധകാരങ്ങളിൽ തപ്പിത്തടഞ്ഞ ജനങ്ങൾക്ക് സന്മാർഗത്തി​​​​െൻറ വിശദാംശങ്ങൾ പകർന്നുനൽകി, വെളിച്ചത്തി​​​െൻറ വഴികാട്ടിയ മഹദ്ഗ്രന്ഥം. ഖുർആനിലെ വചനങ്ങളും സൂക്തങ്ങളും അധ്യായങ്ങളും അവതരിപ്പിക്കപ്പെട്ട കാലഘട്ടത്തിൽ അവയെല്ലാം പൂർണമായും ഉൾക്കൊള്ളുന്ന ഒരു സമൂഹം അവിടെ വളർന്നുവന്നു. ഗോത്രവർഗീയതയും യുദ്ധക്കൊതിയും മദ്യാസക്തിയും ജീവിതത്തി​​​െൻറ അവിഭാജ്യഘടകമായി കണ്ടിരുന്ന ജനത സ്നേഹത്തി​​​െൻറയും സാഹോദര്യത്തി​​​െൻറയും ഉദാത്ത മൂല്യങ്ങൾ വാരിപ്പുണർന്നു. പ്രവാചകൻ മുഹമ്മദ് നബിയെ വധിക്കാൻ ഊരിപ്പിടിച്ച വാളുമായി പുറപ്പെട്ട ഉമറുബ്നുൽ ഖത്താബിന് മാനസാന്തരം വരുത്തി ഇസ്​ലാമി​​​െൻറ മുന്നണിപ്പോരാളിയാക്കിമാറ്റിയ ആശയവിസ്മയമാണ് വിശുദ്ധ ഖുർആൻ. ജനമനസ്സുകളിൽ ഖുർആൻ സൃഷ്​ടിച്ച പരിവർത്തനത്തി​​​െൻറ അത്ഭുതകരമായ സംഭവങ്ങൾ നിരവധിയാണ്. 

വിശുദ്ധ ഖുർആൻ പാരായണവും പഠനവും അതീവ ശ്രേഷ്​ടകരമായ പുണ്യപ്രവൃത്തിയാണ്. പരിശുദ്ധ റമദാനിൽ ഇത് പതിന്മടങ്ങ് പ്രതിഫലം നേടിത്തരുന്ന സൽകർമമായി ഇസ്​ലാം ഗണിക്കുന്നു. കേവല പാരായണത്തിലുപരി ആശയപഠനവും പ്രയോഗവത്​കരണവും മുഖ്യമായി കാണാൻ കഴിയണം. അവതരണകാലം മുതൽ ഖുർആൻ വരുത്തിയ മാനസിക പരിവർത്തനത്തി​​​െൻറയും സാമൂഹിക മാറ്റത്തി​​​െൻറയും മുഖ്യഹേതു ഈ വിശുദ്ധ ഗ്രന്ഥത്തി​​​െൻറ ആശയപരമായ ധന്യതതന്നെയാണല്ലോ.

പൊതുവെ ഖുർആനിനെക്കുറിച്ച് സമൂഹം ധരിച്ചുപോരുന്നത് അത് മുസ്​ലിംകളുടെ ഒരു മതഗ്രന്ഥം എന്നാണ്. ജനങ്ങൾക്കാകമാനം അവതീർണമായ സത്യസന്ദേശമാണ് ഖുർആൻ എന്നാണ് അല്ലാഹു പ്രഖ്യാപിക്കുന്നത്. അത് മുസ്​ലിംകളു​െടതു മാത്രമല്ല, മാനവതയുടെ മൊത്തം അവകാശമാണ്. വർഗീയവും വിഭാഗീയവുമായ ചിന്തകൾക്കതീതമായി വൈജ്ഞാനികമായ ആശയപ്രസരണം വഴി ഖുർആൻ സമർപ്പിക്കുന്ന ഉൽകൃഷ്​ട വീക്ഷണങ്ങൾ സമൂഹ മധ്യേ പ്രചരിപ്പിക്കപ്പെടേണ്ടതുണ്ട്. ഖുർആനി​​​െൻറ ആളുകൾ എന്നറിയപ്പെടുന്ന മുസ്​ലിംസമൂഹംതന്നെ ഖുർആൻ പഠനത്തിലും പ്രയോഗവത്​കരണത്തിലും പിന്നാക്കംപോകുന്നത് ഒരിക്കലും ശുഭകരമല്ല. ഖുർആൻ പ്രഖ്യാപിക്കുന്ന ഉദാത്ത മൂല്യങ്ങളും സ്വഭാവഗുണങ്ങളും സാംസ്കാരികോന്നതിയും കൈവരിക്കുന്നിടത്ത് മുസ്​ലിംസമൂഹം ഇനിയും ഏറെ കാതം സഞ്ചരിക്കേണ്ടതുണ്ട്. ഖുർആൻ സമർപ്പിക്കുന്ന മാർഗദർശനം ജീവിതത്തി​​​െൻറ ഭാഗമാക്കാൻ റമദാൻ പ്രചോദനമേകട്ടെ.

Tags:    
News Summary - Quran - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.