കോഴിക്കോട്: കൂത്തുപറമ്പ് സമര നായകൻ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ (54) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആഗസ്റ്റ് രണ്ടിന് വൈകിട്ടാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായി വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് അന്ത്യം.
1994 നവംബര്‍ 25ന് കൂത്തുപറമ്പില്‍ അർബൻ സഹകരണ ബാങ്ക് സായാഹ്‌നശാഖ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം.വി. രാഘവനെ ഇടത് യുവജന സംഘടനകളുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. തുടർന്നാണ് പുഷ്പൻ അടക്കമുള്ളവർക്ക് നേരെ പൊലീസ് വെടിയുതിർത്തത്. സംഭവത്തിൽ കെ.കെ. രാജീവന്‍, കെ.വി. റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നിവർ കൊല്ലപ്പെട്ടിരുന്നു. തലക്ക് വെടിയേറ്റ പുഷ്പന്റെ സുഷുമ്നനാഡി തകര്‍ന്നു. തലശ്ശേരി ജനറൽ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും വിദഗ്ദ ചികിത്സതേടിയെങ്കിലും ശരീരം തളർന്ന് ഇരുപത്തിനാലാം വയസില്‍ കിടപ്പിലായി.
ചൊക്ലി മേനപ്രത്തെ കർഷകതൊഴിലാളികളായ പുതുക്കുടിയിൽ കുഞ്ഞൂട്ടിയുടെയും ലക്ഷ്മിയുടെയും ആറുമക്കളിൽ അഞ്ചാമനായാണ് പുഷ്പന്റെ ജനനം. ചൊക്ലി രാമവിലാസം ഹൈസ്കൂളിൽ പഠിക്കവെ ബാലസംഘത്തിലൂടെയാണ് പൊതുരംഗത്തേക്ക് വരുന്നത്. പിന്നീട് എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും അംഗമായി. ദാരിദ്ര്യം കാരണം പഠനം നിര്‍ത്തി ആണ്ടിപീടികയിലെ പലചരക്ക് കടയില്‍ ജോലിക്കാരനായി. മൈസൂരുവിലും ബംഗളൂരുവിലും കടകളില്‍ ജോലി ചെയ്തു. ബംഗളൂരുവിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് കൂത്തുപറമ്പ് സമരത്തിൽ പങ്കെടുക്കുന്നതും വെടിയേൽക്കുന്നതും.
മൂന്നു വർഷമായി തറവാടിനോട് ചേർന്ന് ഡി.വൈ.എഫ്.ഐ നിര്‍മിച്ചുനല്‍കിയ വീട്ടിലായിരുന്നു താമസം. സി.പി.എം നോര്‍ത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു. ജീവിക്കുന്ന രക്തസാക്ഷിയായി രാഷ്ട്രീയ ചർച്ചകളിലും സി.പി.എം വേദികളിലും സജീവമായിരുന്നു പുഷ്പൻ. രാജ്യത്തിനകത്തും പുറത്തുമുള്ള കമ്യൂണിസ്റ്റ് പ്രവർത്തകരും നേതാക്കളും പുഷ്പനെ കാണാനെത്താറുണ്ട്. സഹോദരങ്ങള്‍: ശശി, രാജന്‍, അജിത (പുല്ലൂക്കര), ജാനു, പ്രകാശന്‍ (താലൂക്ക് ഓഫിസ്, തലശ്ശേരി).
പുഷ്പന്റെ മൃതശരീരം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഞായറാഴ്ച രാവിലെ എട്ടിന് വിലാപയാത്രയായി തലശ്ശേരിയിലേക്ക് കൊണ്ടുവരും. കോഴിക്കോട്, ഇലത്തൂർ, പൂക്കാട്, കൊയിലാണ്ടി, നന്തി, വടകര, നാദാപുരം റോഡ്, മാഹി, മാഹി പാലം, പുന്നോൽ വഴി 10ന് തലശ്ശേരി ടൗൺ ഹാളിൽ എത്തിക്കും. 10 മുതൽ 11.30 വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം. 12 മുതൽ വൈകീട്ട് 4.30 വരെ ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുദർശനത്തിന് ശേഷം അഞ്ചിന് ചൊക്ലി മേനപ്രം വീട്ടുപരിസരത്ത് സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.