ജൈവ വളം വാങ്ങൽ: ഇടുക്കിയിലെ കൃഷി ഭവനുകൾ മാർഗ നിർദേശം ലംഘിച്ചുവെന്ന് റിപ്പോർട്ട്

കോഴിക്കോട് : ജൈവവളം വാങ്ങി കർഷകർക്ക് വിതരണം നടത്തുന്നതിൽ ഇടുക്കിയിലെ കൃഷി ഭവനുകൾ മാർഗ നിർദേശം ലംഘിച്ചുവെന്ന് ധനകാര്യ റിപ്പോർട്ട്. ചിന്നക്കനാൽ, പള്ളിവാസൽ, കൊന്നത്തടി കൃഷി ഭവനുകളിലാണ് ഉത്തരവ് അട്ടിമറിച്ചതായി പരിശോധനയിൽ കണ്ടെത്തിയത്. പതിനാലാം പഞ്ചവത്സര പദ്ധതിയിലെ സബ്‌സിഡി മാനദണ്ഡങ്ങൾ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ച 2022ലെ ഉത്തരവിലെ നിർദേശങ്ങളും വാങ്ങൽ നടപടി ക്രമങ്ങളും പാലിച്ചില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായി.

ചിന്നക്കനാൽ കൃഷി ഓഫീസർ നിർവഹണ ഉദ്യോഗസ്ഥനായി 2022-23 സാമ്പത്തിക വർഷം 55,00,000 രൂപ ജൈവവളം വിതരണം ചെയ്ത ഇനത്തിൽ ഉടുമ്പൻചോല സർവീസ് സഹകരണ ബാങ്കിന് കൈമാറി. ചിന്നക്കനാൽ കൃഷി ഭവനിൽ നടത്തിയ പരിശോധനയിൽ കൃഷി ഓഫീസിൽ നിന്ന് അനുവദിക്കുന്ന പെർമിറ്റ് മുഖേനയാണ് ബാങ്കിൽ നിന്ന് കർഷകർ ജൈവവളം വാങ്ങിയത്. കൃഷി ഭവന്റെ സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തി. സബ്‌സിഡി മാർഗരേഖ പ്രകാരം കർഷകർ ജൈവവളം വാങ്ങുകയാണെങ്കിൽ കർഷകരുടെ അക്കൗണ്ടിലേക്കാണ് തുക അനുവദിക്കേണ്ടത്. എന്നാൽ സബ്സിഡി മാർഗരേഖക്ക് വിരുദ്ധമായി ബാങ്കിൻറെ അക്കൗണ്ടിലേക്കാണ് തുക അനുവദിച്ചത്.

പള്ളിവാസൽ കൃഷി ഓഫീസർ നിർവ്വഹണ ഉദ്യോഗസ്ഥനായി 2022-23 സാമ്പത്തിക വർഷത്തെ പദ്ധതിയും 2023-24 സാമ്പത്തിക വർഷത്തിലെ സ്പിൽ ഓവർ പ്രോജക്ട് ഉൾപ്പെടെ 22,21,275 രൂപയുടെ ജൈവവളത്തിനായുള്ള തുകകളാണ് കല്ലാർ സർവീസ് സഹകരണ ബാങ്കിന് കൈമാറി. ഈ തുകയും പദ്ധതി മാർഗരേഖയിലെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായിട്ടാണ് നൽകിയത്.

കൊന്നത്തടി കൃഷി ഓഫീസർ നിർവഹണ ഉദ്യോഗസ്ഥനായി 2022-23 സാമ്പത്തിക വർഷം നടപ്പിലാക്കിയ പദ്ധതികളിൽ ജൈവവളം, ജൈവ കുമിൾനാശിനി എന്നിവ വാങ്ങിയ ഇനത്തിൽ 27,51,000 രൂപ പാറത്തോട് സർവ്വീസ് സഹകരണ ബാങ്കിന് കൈമാറി. പദ്ധതി മാർഗ രേഖയിലെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായിട്ടാണ് തുക കൈമാറിയത്.

സഹകരണ ബാങ്കുകൾ നൽകുന്ന ബില്ലുകൾ പ്രകാരം തുക സഹകരണ ബാങ്കുകളിലേക്ക് കൈമാറുകയാണ് ചെയ്തത്. നിർവഹണ ഉദ്യോഗസ്ഥൻ ജൈവവളം സ്റ്റോക്ക് എടുക്കുകയോ സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തുകയോ ചെയ്തില്ല. ഈ സാഹചര്യത്തിൽ ബാങ്ക് സമർപ്പിക്കുന്ന ബില്ലുകൾ പ്രകാരം ജൈവവളം മുഴുവൻ കർഷകർക്ക് വിതരണം ചെയ്യോ എന്ന് ഉറപ്പ് വരുത്തുവാൻ നിർവഹണ ഉദ്യോഗസ്ഥന് സാധിച്ചില്ല.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവവളം വാങ്ങുമ്പോൾ പദ്ധതി മാർഗരേഖയിലെ നിർദേശം നിർബന്ധമായും പാലിക്കേണ്ടതാണെന്ന കർശന നിർദേശം ഭരണവകുപ്പ് നൽകണം. ഈ നിർദേശത്തിന് വിരുദ്ധമായി പദ്ധതി നിർവഹണം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കണെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

കാർഷിക സർവകലാശാല, റെയ്‌ഡ്കോ, കയർഫെഡ്, എഫ്.പി.ഒ എന്നിവയിലെ ജൈവവളങ്ങളോ, കാർഷിക കർമസേനകൾ, കർഷക ഗ്രൂപ്പുകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, ജോയിൻറ് ലയബിലിറ്റി ഗ്രൂപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യസംസ്കരണ പ്ലാന്റുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവ ഉത്പാദിപ്പിക്കുന്ന ജൈവവളങ്ങൾ വാങ്ങി വിതരണം ചെയ്യാമെന്നായിരുന്നു നിർദേശം.

നിർവഹണ ഉദ്യോഗസ്ഥർ കൺവീനറായ പർച്ചേസ് കമ്മിറ്റിയുടെ തീരുമാന പ്രകാരം വാങ്ങൽ നടപടി ക്രമങ്ങൾ പാലിച്ച് ജൈവവളങ്ങളും മറ്റും വാങ്ങി വിതരണം ചെയ്യണം. അനിവാര്യ സാഹചര്യങ്ങളിൽ സഹകരണ സംഘങ്ങളിൽ നിന്നോ മറ്റ് അംഗീകൃത ഏജൻസികളിൽ നിന്നോ കൃഷിക്കാർ ജൈവവളങ്ങളും മറ്റും നേരിട്ട് വാങ്ങി അതിൻറെ ബിൽ നിർവഹണ ഉദ്യോഗസ്ഥർക്ക് നൽകുന്ന മുറക്ക് സബ്‌സിഡി അനുവദിക്കാവുന്നതാണെന്നും നിർദേശിച്ചിരുന്നു. ഇതെല്ലാം ചിന്നക്കനാൽ, പള്ളിവാസൽ, കൊന്നത്തടി കൃഷി ഓഫിസർമാർ അട്ടിമറിച്ചു. 

Tags:    
News Summary - Purchase of organic manure: Reportedly, farm houses in Idukki have violated the guidelines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.