തിരുവനന്തപുരം: സംസ്ഥാനത്ത് നഷ്ടത്തിലുള്ളത് 27 പൊതുമേഖല വ്യവസായ സ്ഥാപനങ്ങൾ. വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള 49ല്‍ പകുതിയിലധികം സ്ഥാപനങ്ങളും നഷ്ട പട്ടികയിലാണ്. ഓഹരികള്‍ വില്ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യില്ലെന്നാണ് സർക്കാർ നിലപാട്.
22 പൊതുമേഖല സ്ഥാപനങ്ങള്‍ മാത്രമാണ് ലാഭത്തിലുള്ളത്. ഇവയുടെ മൊത്തം വിറ്റുവരവ് 5119.18 കോടിയും ലാഭം 65.56 കോടിയുമാണ്. കൂടാതെ കെ.എസ്.ഐ.ഡി.സി, കിൻഫ്ര എന്നിവ കൂടി ചേര്‍ത്താൽ 24 സ്ഥാപനങ്ങള്‍ ലാഭത്തിലെന്ന് പറയാം. 24 പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തന നഷ്ടം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കുറക്കാൻ കഴിഞ്ഞെന്നാണ് സർക്കാർ വാദം. നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ മത്സരക്ഷമമാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുത്ത എട്ട് സ്ഥാപനങ്ങളിൽ വിദഗ്ധരുടെ സഹായത്തോടെ സാധ്യത പഠനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാർ സ്വകാര്യവത്കരിക്കാൻ തീരുമാനിച്ച കേരളത്തിലെ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ കൂടി ഏറ്റെടുത്ത് ബദൽ വികസന നയമാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ്, സംയുക്ത സംരംഭമായ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ് എന്നിവ ഏറ്റെടുത്ത് കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ്, കെൽ-ഇ.എം.എൽ എന്നിങ്ങനെ പുനർനാമകരണം ചെയ്തത്.
സംസ്ഥാനത്തെ 131 പൊതുമേഖല സ്ഥാപനങ്ങളിൽ 77 എണ്ണവും നഷ്ടത്തിലെന്നായിരുന്നു കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) ഒടുവിലത്തെ റിപ്പോർട്ട്. 18,026.49 കോടി രൂപയാണ് നഷ്ടം. 44 സ്ഥാപനങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. 1986 മുതല്‍ 18 പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നും ഇവ പൂട്ടാനുള്ള നടപടി ഊര്‍ജിതമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
എന്നാൽ, അടച്ചുപൂട്ടലുകൾക്ക് പകരം റിപ്പോര്‍ട്ടിൽ പരാമർശിച്ച ന്യൂനതകൾ പരിഹരിക്കാൻ നടപടിയെടുക്കാനാണ് സർക്കാർ തീരുമാനം. 2020 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കണക്കുകളാണ് ഈ വർഷം മാർച്ചിൽ സമർപ്പിച്ച സി.എ.ജി റിപ്പോര്‍ട്ടിലുള്ളത്. നിലവിലെ ബിസിനസ് മോഡലുകൾ പരിശോധിച്ച് സാങ്കേതികവിദ്യകളിൽ നവീകരണം കൊണ്ടുവന്നാൽ മാത്രമേ നഷ്ടത്തിൽനിന്ന് കരകയറാൻ സാധ്യമാകൂവെന്നും വിലയിരുത്തലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.