Representational Image 

യൂണിഫോം ധരിച്ചില്ല; പി.ടി.എ പ്രസിഡന്‍റ് ക്ലാസ് മുറിയിലെത്തി ഏഴാംക്ലാസുകാരനെ ഉപദ്രവിച്ചതായി പരാതി

അടൂർ: യൂണിഫോം ധരിക്കാത്തതിന് പി.ടി.എ പ്രസിഡന്‍റ് ക്ലാസ് മുറിയിൽവെച്ച് ഏഴാംക്ലാസുകാരനെ ഉപദ്രവിച്ചതായി പരാതി. കടമ്പനാട് കെ.ആർ.കെ.പി.എം.ബി.എച്ച്.എസ് സ്കൂളിലെ പി.ടി.എ പ്രസിഡൻ്റും സി.പി.ഐ നേതാവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ എസ്. രാധാകൃഷ്ണനെതിരെയാണ് മണ്ണടി സ്വദേശിയായ വിദ്യാർഥിയുടെ രക്ഷിതാക്കൾ ഏനാത്ത് പൊലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മൂന്നിന് ആറാം പീരിയഡിൽ അധ്യാപിക ക്ലാസെടുത്തു കൊണ്ടിരിക്കുമ്പോൾ രണ്ട് കുട്ടികൾ യൂണിഫോം ധരിച്ചിട്ടില്ലെന്നു ശ്രദ്ധയിൽപ്പെട്ട അധ്യാപിക പി.ടി.എ പ്രസിഡന്‍റിനെ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പി.ടി.എ പ്രസിഡന്‍റ് വിദ്യാർഥിയുടെ ദേഹത്ത് പിടിച്ച് വേദനിപ്പിച്ചതായി വീട്ടിൽ ചെന്നു പറഞ്ഞതിനെ തുടർന്ന് രക്ഷിതാക്കൾ സ്കൂളിലെത്തി ഇതിനെ ചോദ്യം ചെയ്തു. എന്നാൽ, ഇരുഭാഗത്തു നിന്നും ഒത്തുതീർപ്പിനു തയാറാകാത്തതിനെ തുടർന്ന് ബുധനാഴ്ച പൊലീസിൽ പരാതി നൽകുകയായിരുന്നു. വ്യാഴാഴ്ച അടൂർ ജനറൽ ആശുപത്രിയിൽ വിദ്യാർഥിയെ എത്തിച്ച് പരിശോധന നടത്തി.

അതേസമയം, ക്ലാസിൽ കയറി താൻ വിദ്യാർഥിയെ ചോദ്യംചെയ്തുവെന്നത് സമ്മതിച്ച പി.ടി.എ പ്രസിഡന്‍റ് ഉപദ്രവിച്ചുവെന്ന പരാതി നിഷേധിച്ചു. ക്ലാസിൽ കയറി പി.ടി.എ പ്രസിഡൻ്റിന് വിദ്യാർഥിയെ ചോദ്യം ചെയ്യേണ്ട അവകാശമില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. വിദ്യാർഥിയെ ഉപദ്രവിച്ചുവെന്ന കേസിൽ പൊലീസും വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല. അധ്യാപിക്കും പി.ടി.എ പ്രസിഡൻ്റിനുമെതിരെ നടപടി എടുക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് രക്ഷിതാക്കൾ 'മാധ്യമ'ത്തോടു പറഞ്ഞു. 

Tags:    
News Summary - PTA president harassed 7th grade student for not wearing uniform -Complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.