ന​ര​ബ​ലി: പി.ടി. തോമസ് നിയമസഭയിൽ അവതരിപ്പിച്ച ദുര്‍മന്ത്രവാദ നിരോധന ബിൽ വീണ്ടും ചർച്ചയാവുന്നു

കോഴിക്കോട്: പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​രി​ൽ മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ ര​ണ്ട്​ സ്ത്രീ​ക​ളെ ന​ര​ബ​ലി കൊടുത്ത സംഭവത്തിൽ പ്രതികൾ അറസ്റ്റിലായതിന് പിന്നാലെ കോൺഗ്രസ് നേതാവും തൃക്കാക്കര മുൻ എം.എൽ.എയുമായിരുന്ന പി.ടി. തോമസ് കേരള നിയമസഭയിൽ അവതരിപ്പിച്ച സ്വകാര്യ ബിൽ ചർച്ചയാവുകയാണ്. കേരള ദുര്‍മന്ത്രവാദവും അന്ധവിശ്വാസ പ്രവൃത്തികളും നിരോധിക്കല്‍ ബില്ലാണ് 2019 നവംബർ 15ന് പി.ടി തോമസ് സഭയിൽ അവതരിപ്പിച്ചത്.

ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളും കൊണ്ട് കേരളം നിറഞ്ഞെന്ന് ബില്‍ അവതരിപ്പിച്ച് കൊണ്ട് പി.ടി. തോമസ് ചൂണ്ടിക്കാട്ടി. ദുർമന്ത്രവാദവും അന്ധവിശ്വാസവും നിരോധിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടിയ പി.ടി അതിനായി നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നും അഞ്ചു പേർ ബില്ലിനെ അനുകൂലിച്ച് സംസാരിച്ചു. ചര്‍ച്ച നീണ്ടതോടെ എ. പ്രദീപ്കുമാര്‍ അവതരിപ്പിക്കാനിരുന്ന കളിസ്ഥലങ്ങളുടെ സംരക്ഷണവും പരിപാലനവും നിർമാണവും സംബന്ധിച്ച സ്വകാര്യബില്‍ അവതരിപ്പിക്കുന്നത് അന്ന് ഒഴിവാക്കിയിരുന്നു. ഗൗരവമേറിയ വിഷയമായതിനാല്‍ പി.ടി. തോമസിന്‍റെ ബില്ലിന്മേല്‍ നടന്ന ചർച്ചയിൽ പ്രദീപ്കുമാര്‍ പങ്കെടുക്കുകയും ചെയ്തു.

പി.ടി തോമസിന്‍റേത് സ്വകാര്യ ബില്ലായതിനാല്‍ പരിഗണിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എ.സി. മൊയ്തീന്‍ അന്ന് നിയമസഭയെ അറിയിച്ചത്. എന്നാൽ, പി.ടിയുടെ സ്വകാര്യ ബിൽ സര്‍ക്കാര്‍ ഔദ്യോഗിക ബില്ലായി പരിഗണിക്കുന്നത് ആലോചിക്കണമെന്ന് മന്ത്രിയോട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍ദേശിക്കുകയും ചെയ്തു. 

2019ൽ നിയമസഭയിൽ പി.ടി തോമസ് സ്വകാര്യ ബിൽ അവതരിപ്പിച്ച് സംസാരിക്കുന്നതിന്‍റെ വിഡിയോ ഭാര്യയും തൃക്കാക്കര എം.എൽ.എയുമായ ഉമ തോമസ് ആണ് ഇപ്പോൾ എഫ്.ബിയിലൂടെ പുറത്തുവിട്ടത്. ദുർമന്ത്രവാദത്തിന്‍റെയും അന്ധവിശ്വാസങ്ങളുടെയും പേരിൽ ഇന്ന് കേരളത്തിൽ നടക്കുന്നത് ഭയപ്പെടുത്തുന്ന കാര്യങ്ങളാണെന്ന് ഉമ തോമസ് ചൂണ്ടിക്കാട്ടുന്നു.

നിയമനിർമാണം നടത്തി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരോധിക്കേണ്ടത് അടിയന്തര പ്രാധാന്യമുള്ള വിഷയമായി മാറുകയാണ്. ഈ വിഷയങ്ങളെ പി.ടി വളരെ ഗൗരവപൂർവമാണ് നോക്കി കണ്ടിരുന്നത്. അത് കൊണ്ടാണ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കാൻ തയാറായത്. ഇത്തരം സാഹചര്യത്തിൽ സർക്കാർ അടിയന്തര നിയമ നിർമാണം നടത്താൻ തയാറാവണമെന്നും ഉമ തോമസ് ആവശ്യപ്പെട്ടു.

Tags:    
News Summary - P.T. Thomas bill against witchcraft introduced in the Kerala Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.