പി.എസ്.സി ചെയർമാൻ ഇന്ന് എസ്ഐടിക്കു മുന്നിൽ; ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തേണ്ടത് രണ്ടു മണിക്ക്
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു ബുധനാഴ്ച പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മുമ്പിൽ ഹാജരാകും. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഉച്ചക്ക് രണ്ടിന് എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്.ഐ.ജി അജിതാബീഗത്തിന്റെ നേതൃത്വത്തിലാവും മൊഴിയെടുപ്പ്.
ഇല്ലാത്ത ഭരണഘടനാസംരക്ഷണം ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ ഹൈകോടതിയെ സമീപിച്ച പി.എസ്.സിക്ക് കനത്ത തിരിച്ചടിയേറ്റതിനു പിന്നാലെയാണ് ചെയർമാനും അംഗങ്ങളും എസ്.ഐ.ടിക്കു മുമ്പിൽ ഹാജരാകുന്നത്. പി.എസ്.സിക്ക് മാത്രമല്ല സർക്കാറിനെയും അന്വേഷണസംഘത്തെയും കോടതി വിമർശിച്ചിരുന്നു. പി.എസ്.സിയും സർക്കാറും ‘ഭായി ഭായി’ കളിക്കുകയാണോയെന്നായിരുന്നു കോടതിയുടെ വിമർശനം.
ഭരണഘടനാസ്ഥാപനമെന്ന നിലക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നായിരുന്നു പി.എസ്.സിയുടെ നിലപാട്. ആസൂത്രണ ബോർഡ് പരീക്ഷക്ക് പുറമെ 150ഓളം പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികളാണ് എസ്.ഐ.ടിയുടെ പരിഗണനയിലുള്ളത്. രണ്ടു ദിവസങ്ങളായി പി.എസ്.സി അംഗങ്ങളെ എസ്.ഐ.ടി ചോദ്യം ചെയ്തു. അതേസമയം, പരീക്ഷ തട്ടിപ്പ് കേസിൽ പി.എസ്.സി ചെയർമാനെതിരെ കമീഷനിലെ ഒരംഗം എസ്.ഐ.ടിക്ക് മൊഴി നൽകിയതായി വിവരമുണ്ട്. പരീക്ഷ കൺട്രോളറെ പോലും മറികടന്ന് പരീക്ഷ നടത്തിപ്പിന്റെ എല്ലാ മേഖലകളിലും ചെയർമാൻ ഇടപെടാറുണ്ടെന്നാണ് മൊഴിയെന്നാണറിയുന്നത്.
ആസൂത്രണ ബോർഡിലേക്ക് നടന്ന എഴുത്തുപരീക്ഷയുടെ മാർക്ക് ചെയർമാൻ മുൻകൂട്ടി അറിഞ്ഞിരിക്കാം. ചട്ടങ്ങള്‍ മറികടന്ന് എഴുത്തുപരീക്ഷകളുടെ മാർക്ക് പരീക്ഷാവിഭാഗം ഉദ്യോഗസ്ഥരോട് ചോദിച്ചറിയുന്ന ശീലം അദ്ദേഹത്തിനുണ്ട്. അഡീഷനൽ സെക്രട്ടറി ആർ. ഹരി എഴുത്തുപരീക്ഷകളുടെ മാർക്ക് ചെയർമാനെ മുൻകൂട്ടി അറിയിക്കാറുണ്ട്. ഇതിനെതിരെ ചില ജീവനക്കാർ തങ്ങളെ പരാതി അറിയിച്ചിരുന്നതായും അംഗം അന്വേഷണസംഘത്തെ അറിയിച്ചതായാണ് വിവരം. അതിനിടെ ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിനെച്ചൊല്ലി പി.എസ്.സിയിൽ കലഹമെന്ന വിവരവും പുറത്തുവരുന്നുണ്ട്. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകേണ്ടതില്ലെന്ന ചെയര്മാന് എം.ആര്. ബൈജുവിന്റെ നിർദ്ദേശം തള്ളിയാണ് അംഗങ്ങൾ മൊഴി നൽകിയത്.
ഹൈകോടതി സിംഗിൾ ബെഞ്ചിൽ നിന്ന് തിരിച്ചടിയുണ്ടായാൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോകാമെന്നായിരുന്നത്രേ ചെയർമാന്റെ നിർദ്ദേശം. മടിയിൽ കനമില്ലാത്തതിനാൽ അന്വേഷണത്തെ ഭയക്കുന്നില്ലെന്നും സഹകരിക്കാതിരുന്നാൽ കമീഷൻ ഒന്നാകെ പിരിച്ചുവിടുന്ന തീരുമാനത്തിലേക്ക് രാഷ്ട്രപതി എത്തിയേക്കുമെന്നും അംഗങ്ങൾ തുറന്നടിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത് ചെയര്‍മാന്റെ മാത്രം താല്‍പര്യമായിരുന്നുവെന്നുമാണ് അംഗങ്ങളുടെ വിമര്‍ശനം.
ഹൈകോടതി നിലപാട് ചർച്ചചെയ്യാൻ ചെയർമാൻ വിളിച്ച യോഗത്തിൽ നിന്ന് ഒരു വിഭാഗം കമീഷൻ അംഗങ്ങൾ വിട്ടുനിന്നത് പ്രതിഷേധ ഭാഗമായാണെന്ന വിവരവുമുണ്ട്. ചെയർമാൻ വിശേഷാധികാരം ദുരുപയോഗം ചെയ്തുവെന്ന് കാട്ടി ഒരു വിഭാഗം അംഗങ്ങൾ നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. സുപ്രധാന പരീക്ഷകളുടെ എഴുത്തുപരീക്ഷാ മാർക്കുകൾ ഇന്റർവ്യൂവിന് മുമ്പ് ക്രമവിരുദ്ധമായി ചെയര്മാന് മനസിലാക്കിയെന്നും, പ്രതിയായ അഡീഷനൽ സെക്രട്ടറി ഹരിയെ സെക്രട്ടറിയാക്കാമെന്ന് പ്രലോഭിപ്പിച്ചാണ് ഈ വിവരങ്ങൾ ചോർത്തിയതെന്നുമാണ് പ്രധാന ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.