പി.എസ്.സിയില്‍ പോര്‍മുഖം തുറന്ന് സി.പി.ഐ

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വിസ് കമീഷന്‍റെ നയപരമായ തീരുമാനങ്ങളിലും ഔദ്യോഗിക പരിപാടികളിലും സി.പി.ഐക്കാരായ കമീഷന്‍ അംഗങ്ങളെ മൂലക്കിരുത്തുന്ന ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീറിന്‍റെ നീക്കങ്ങളില്‍ കമീഷനുള്ളില്‍ കടുത്ത ഭിന്നത. അംഗങ്ങളുമായി കൂടിയാലോചനയില്ലാതെ ചെയര്‍മാനടക്കമുള്ള മൂന്നംഗ 'അടുക്കള കാബിനറ്റ്' ആണ് തീരുമാനങ്ങളെടുക്കുന്നതെന്നാണ് സി.പി.ഐ പ്രതിനിധികളുടെ ആക്ഷേപം. ഔദ്യോഗിക പരിപാടികളിലടക്കം അവഗണന നേരിട്ടതോടെ തിങ്കളാഴ്ച ചേരുന്ന കമീഷന്‍ യോഗം ശക്തമായ വാദ പ്രതിവാദങ്ങള്‍ക്ക് വേദിയായേക്കും.

തൃശൂര്‍ ജില്ല പി.എസ്.സി ഓണ്‍ലൈന്‍ കേന്ദ്രത്തിന്‍റെ ഉദ്ഘാടനചടങ്ങിലുണ്ടായ പ്രോട്ടോകോള്‍ ലംഘനമാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ചെയര്‍മാന്‍ എം.കെ. സക്കീറായിരുന്നു ഉദ്ഘാടകന്‍. എന്നാല്‍, പി.എസ്.സി അംഗങ്ങള്‍ ചടങ്ങില്‍ ഉണ്ടായിട്ടും പട്ടികജാതി-വര്‍ഗ വികസന കോർപറേഷൻ ചെയർമാനും സി.പി.എം മുന്‍ എം.എല്‍.എയുമായ യു.ആര്‍. പ്രദീപിനെയാണ് അധ്യക്ഷപദവിയിൽ ഇരുത്തിയത്.

തൃശൂര്‍ ജില്ല പി.എസ്.സി ഓഫിസ് ചുമതലക്കാരനും മുതിര്‍ന്ന പി.എസ്.സി അംഗവും സി.പി.ഐക്കാരനുമായ ടി.ആര്‍. അനില്‍കുമാറിനെ തഴഞ്ഞുകൊണ്ടായിരുന്നു ഈ നീക്കം.

ജില്ലയുടെ ചുമതലക്കാരനായ ഇദ്ദേഹത്തോട് ആലോചിക്കാതെയാണ് 13ന് ഉദ്ഘാടനം നിശ്ചയിച്ചതെന്ന ആരോപണവും ശക്തമാണ്. വേദിയിലെത്തിയപ്പോഴാണ് അധ്യക്ഷപദവിയില്‍നിന്ന് തന്നെ ഒഴിവാക്കിയ വിവരം അനിൽകുമാർ അറിയുന്നത്.

മുന്‍ എം.എൽ.എ എന്നനിലയിലും പട്ടികജാതി-വര്‍ഗ വികസന കോര്‍പറേഷന്‍റെ സ്ഥലത്താണ് പി.എസ്.സി ഓഫിസ് എന്നതിനാലുമാണ് യു.ആർ. പ്രദീപിനെ ക്ഷണിച്ചതെന്നാണ് പി.എസ്.സി അധികൃതരുടെ വിശദീകരണം. എന്നാല്‍, ഈ വാദം സി.പി.ഐ അംഗങ്ങൾ തള്ളുന്നു. രാഷ്ട്രീയക്കാരെ പങ്കെടുപ്പിക്കാന്‍ തീരുമാനം ഉണ്ടായിരുന്നെങ്കില്‍ വേദിയില്‍ ഉണ്ടാകേണ്ടത് സ്ഥലം എം.എല്‍.എയും സി.പി.ഐ നേതാവുമായ പി. ബാലചന്ദ്രനായിരുന്നു. എന്നാല്‍, ഇദ്ദേഹത്തെ ക്ഷണിച്ചില്ല. എന്നാൽ, കോർപറേഷന്റെ എം.ഡിയും സി.പി.എമ്മിന്‍റെ പോഷകസംഘടനയായ കെ.ജി.ഒ.എയുടെ സംസ്ഥാന പ്രസിഡന്‍റുമായ എം.എ. നാസർ വേദിയില്‍ ഇടം പിടിക്കുകയും ചെയ്തു. സി.പി.ഐ അംഗങ്ങളെ നോക്കുകുത്തികളാക്കികൊണ്ടുള്ള ഇത്തരം നടപടികള്‍ വെച്ചുപൊറുപ്പിക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് കമീഷന്‍ അംഗങ്ങളില്‍ ഒരുവിഭാഗം. 

Tags:    
News Summary - PSC and CPI go head to head

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.