പി.എസ്.പ്രശാന്ത്

‘സ്വര്‍ണപ്പാളി വിവാദം പ്രതിപക്ഷം സുവർണാവസരമാക്കുന്നു; അയ്യപ്പ സംഗമത്തിന് കിട്ടിയ പിന്തുണയിൽ അസ്വസ്ഥരാണവർ’

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ സുവര്‍ണാവസരമായി പ്രതിപക്ഷവും ബിജെപിയും ഉപയോഗിക്കുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ആഗോള അയ്യപ്പ സംഗമത്തിന് കിട്ടിയ പിന്തുണയിൽ അസ്വസ്ഥരായാണ് ദേവസ്വംബോര്‍ഡിനെതിരെ ആരോപണങ്ങളുയര്‍ത്തുന്നത്. 1998 മുതലുള്ള ദേവസ്വവുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ സമഗ്രാന്വേഷണം നടത്താന്‍ ഹൈകോടതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെടും. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണ സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്ക് നവീകരണത്തിന് കൊണ്ടുപോയതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

“ദേവസ്വം മന്ത്രിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. 1998ലാണ് വിജയ് മല്യ സ്വര്‍ണം പൂശുന്നത്. അന്ന് മുതല്‍ ഇതുവരെയുള്ള കാലയളവില്‍ നടന്ന സംഭവങ്ങളില്‍ സമഗ്രാന്വേഷണം വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടാന്‍ പോകുന്നത്. ഹൈക്കോടതിയില്‍ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഇക്കാര്യം ആവശ്യപ്പെടും. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണ സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്ക് നവീകരണത്തിന് കൊണ്ടുപോയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ സ്വര്‍ണം കൊടുത്തിവിട്ടിട്ടില്ല. അദ്ദേഹത്തോട് ചെന്നൈയിലേക്ക് വരാനാണ് പറഞ്ഞിരിക്കുന്നത്.

38 കിലോയുള്ള 14 പാളികളിലായി 397 ഗ്രാം സ്വര്‍ണമാണ് ഉള്ളത്. ഇതില്‍ 12 പാളികളാണ് കൊണ്ടുപോയത്. അതിലെ സ്വര്‍ണത്തിന്റെ അളവ് 281 ഗ്രാം ആണ്. നവീകരണത്തിന് 10 ഗ്രാം സ്വര്‍ണം ഉപയോഗിച്ചു. കോടതി ഉത്തരവനുസരിച്ച് തിരിച്ചു കൊണ്ടുവന്നു. നവീകരണത്തിന് ശേഷം 14 പാളികളിലായി 407 ഗ്രാം സ്വര്‍ണം ഉണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ 40 വര്‍ഷത്തെ വാറന്‍റിയുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേരിലാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സേവനം തേടേണ്ടി വന്നത്. 10 ഗ്രാമാണ് ഇയാള്‍ സ്‌പോണ്‍സറായി തന്നിരിക്കുന്നത്” -പ്രശാന്ത് പറഞ്ഞു.

അതേസമയം, സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റി നിഷേധിച്ചു. തനിക്ക് തന്നത് ചെമ്പ് പാളിയാണെന്നും ദേവസ്വത്തിന്റെ രേഖകളിലും അതാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് നൽകിയ പാളികളിൽ മുൻപ് സ്വർണം പൂശിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും അത് ഒരു പ്രദർശന വസ്തു ആക്കിയിട്ടില്ല. താൻ പണപ്പിരിവ് നടത്തിട്ടുണ്ടെങ്കിൽ നടപടി എടുക്കട്ടെ. ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ വിളിച്ചാൽ ചെല്ലാൻ താൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - PS Prasanth response on Sabarimala gold row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.