കൂലി കിട്ടാത്തതിന് റെയിൽവേ ട്രാക്കിൽ ‘കാവിക്കൊടി’ പ്രകടനം: ബിഹാർ സ്വദേശി അറസ്റ്റിൽ

ഫറോക്ക്: നിർത്തിയിട്ട ട്രെയിനിനു മുന്നിലേക്ക് കാവിക്കൊടിയുമായി ചാടി പ്രകടനം നടത്തിയ യുവാവ് പിടിയിൽ. ജോലിചെയ്ത വകയിൽ പണം കിട്ടാനുണ്ടെന്ന് പറഞ്ഞ് ട്രാക്കിൽനിന്ന് മുദ്രാവാക്യം മുഴക്കിയ ബിഹാർ ഈസ്റ്റ് ചമ്പാരൻ നർഹ പാനാപുർ സ്വദേശി മൻദിപ് ഭാരതി (26) ആണ് അറസ്റ്റിലായത്.

ബുധനാഴ്ച രാവിലെ ഒമ്പതിന് ഫറോക്ക് റെയിൽവേ സ്റ്റേഷനിലെത്തിയ മംഗളൂരു-നാഗർകോവിൽ പരശുരാം എക്സ്പ്രസിനു മുന്നിലായിരുന്നു യുവാവിന്റെ പ്രകടനം. ട്രെയിൻ യാത്ര തുടരാനുള്ള സിഗ്നൽ ലഭിച്ച ഉടനെയായിരുന്നു വടിയിൽ കാവിക്കൊടി കെട്ടി യുവാവ് ട്രാക്കിലേക്കിറങ്ങിയത്. സംഭവം ശ്രദ്ധയിൽപെട്ട ഉടൻ എൻജിൻ ഡ്രൈവർ സ്റ്റേഷൻ മാസ്റ്ററെ വയർലസ് വഴി വിവരമറിയിച്ചു. റെയിൽവേ ജീവനക്കാർ ഉൾപ്പെടെയുള്ളവരെത്തി യുവാവിനെ ട്രാക്കിൽനിന്ന് പിടിച്ചുകയറ്റി.

കുറ്റിപ്പുറത്ത് ആശാരിപ്പണിക്കാരനായിരുന്നുവെന്നും അവിടെ ജോലിചെയ്ത വകയിൽ 16,500 രൂപ കിട്ടാനുണ്ടെന്നും ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും യുവാവ് പറഞ്ഞു. പൊലീസിന്റെ ഭാഗത്തുനിന്ന് അനുഭാവപൂർവമായ ഇടപെടൽ ഇല്ലാതിരുന്നതാണ് ട്രെയിൻ തടയാൻ പ്രേരിപ്പിച്ചതെന്നാണ് യുവാവ് പറയുന്നത്. പ്രതിയെ ഫറോക്ക് പൊലീസ് ഇൻസ്പെക്ടർ പി.എസ്. ഹരീഷ് കസ്റ്റഡിയിലെടുത്ത് ആർ.പി.എഫിനു കൈമാറി.

മൊഴിയിൽ അവ്യക്തത ഉള്ളതിനാൽ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ നിജഃസ്ഥിതി അറിയുകയുള്ളൂവെന്ന് ആർ.പി.എഫ് വ്യക്തമാക്കി. ഫറോക്കിൽനിന്ന് ഒമ്പത് മിനുട്ട് വൈകിയാണ് ട്രെയിൻ പുറപ്പെട്ടത്.

Tags:    
News Summary - Protest on railway tracks for non-payment of wages: Bihar man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.