കോർപറേഷൻ ഉപരോധത്തിനിടെ കോൺഗ്രസ്​ അക്രമം; സെക്രട്ടറിക്കടക്കം മർദനമേറ്റു

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാൻറ്​ തീപിടിത്തത്തിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ കൊച്ചി കോർപറേഷൻ ഓഫിസ് ഉപരോധത്തിനിടെ അക്രമം. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്ത പരിപാടിക്കിടെ പൊലീസ്, കോർപറേഷൻ ഉദ്യോഗസ്ഥർ എന്നിവരുമായി കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. മീഡിയവൺ കാമറമാന് കോൺഗ്രസ് പ്രവർത്തകനിൽനിന്ന് മർദനമേറ്റു.

കോർപറേഷൻ ഓഫിസിലേക്ക് ജീവനക്കാരെ കടത്തിവിടാതെ ഗേറ്റിന് മുന്നിൽ തമ്പടിച്ചായിരുന്നു ഉപരോധം. രാവിലെ അഞ്ചിന്​ ആരംഭിച്ച ഉപരോധം വൈകീട്ട് അഞ്ചുവരെ നീണ്ടു. ഓഫിസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാരെ കോൺഗ്രസ് പ്രവർത്തകർ തടയുകയായിരുന്നു. ജീവനക്കാരിൽ ചിലർ പൊലീസ് സഹായത്തോടെ അകത്ത് കയറി. പ്രധാന കവാടം അടക്കരുതെന്ന പൊലീസ് നിർദേശം തള്ളിക്കളഞ്ഞായിരുന്നു കോൺഗ്രസ് പ്രതിഷേധം.

ഓഫിസിലേക്ക് കടത്തിവിടാതിരുന്നതിനെ തുടർന്ന് തൊട്ടടുത്ത് കോർപറേഷന്‍റെ അധീനതയിലുള്ള സുഭാഷ് പാർക്കിലിരുന്ന് ജോലി ചെയ്യാനെത്തിയപ്പോഴായിരുന്നു കോർപറേഷൻ സെക്രട്ടറി എം. ബാബു അബ്ദുൽഖാദറിന് നേരെ അക്രമമുണ്ടായത്. അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാരനായ വിജയകുമാറിനും മർദനമേറ്റു. ജീവനക്കാരെ കോൺഗ്രസുകാർ വളഞ്ഞിട്ട് ആക്രമിക്കുന്ന സ്ഥിതിയുമുണ്ടായി. പത്ത് മണിയോടെ ജോലിക്കെത്തിയ ജീവനക്കാരനെ പിന്നാലെയെത്തി മർദിച്ചശേഷം, രക്ഷപ്പെട്ട് ബസിൽ കയറിയ അദ്ദേഹത്തിന് നേരെ കുപ്പി വലിച്ചെറിയുകയും ചെയ്തു. ജോലിക്കെത്തിയ ഓവർസിയർ സുരേഷിനും മർദനമേറ്റു.

സമരത്തിനിടെ പ്രവര്‍ത്തകര്‍ പൊലീസിനെ അസഭ്യം പറഞ്ഞത് കാമറയിൽ പകർത്തുന്നതിനിടെയാണ് മീഡിയവണ്‍ കാമറമാന്‍ അനില്‍ എം. ബഷീറിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകൻ കൈയേറ്റം ചെയ്​തത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ പിന്നില്‍നിന്ന് ഇടിക്കുകയായിരുന്നു. പല ജീവനക്കാരും പിന്നിലെ വഴിയിലൂടെ ഓഫിസിൽ കയറാൻ ശ്രമിച്ചതോടെ കോൺഗ്രസ് പ്രവർത്തകർ അവിടെയെത്തി തടഞ്ഞു. മർദനം അഴിച്ചുവിട്ടവരെ ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാസ് ഇടപെട്ട് പിൻതിരിപ്പിച്ചെങ്കിലും പ്രവർത്തകർ പലയിടത്തായി തമ്പടിച്ചു.

Tags:    
News Summary - Protest in front of the Kochi Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.