പ്രസവത്തെ തുടർന്ന് മരിച്ച ശിവപ്രിയയുടെ കുഞ്ഞുമായി മുത്തശ്ശി മോളി തിരുവനന്തപുരം മെഡിക്കൽ കോളജിന് മുന്നിൽ
തിരുവനന്തപുരം: മതിയായ ചികിത്സ ലഭിക്കാതെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വേണു എന്ന രോഗി മരിച്ചതിന്‍റെ കോലാഹലം കെട്ടടങ്ങുംമുമ്പ് എസ്.എ.ടി ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചതിൽ ചികിത്സ പിഴവെന്ന് ആരോപണം. തിരുവനന്തപുരം കരിക്കകം ശാന്താ നിവാസിൽ മനുവിന്‍റെ ഭാര്യ ശിവപ്രിയയാണ് (29) മരിച്ചത്. കഴിഞ്ഞ മാസം 22നാണ് ശിവപ്രിയയെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് തന്നെ പ്രസവിച്ചു. മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്തു. അപ്പോൾ പനി ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പനി കൂടിയതിനെ തുടർന്ന് 26ന് വീണ്ടും ആശുപത്രിയിലെത്തി. പിന്നീട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് മരണം.
ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയാണ് ശിവപ്രിയക്കേറ്റ അണുബാധക്ക് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. വീട്ടുകാർ നന്നായി രോഗിയെ ശ്രദ്ധിക്കാത്തതാണ് മരണകാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഡിസ്ചാർജ് ചെയ്യുന്ന സമയത്തും പനി ഉണ്ടായിരുന്നുവെന്നും പിന്നീട് ഓരോ ദിവസവും നില വഷളാവുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. 26ന് വീണ്ടും എസ്.എ.ടിയിൽ കൊണ്ടുവരുമ്പോൾ ആശുപത്രി നടയിൽ വെച്ച് ബോധക്ഷയം വരുകയും ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഉള്ള് പരിശോധിച്ച ശേഷം സ്റ്റിച്ച് പൊട്ടി, ഇൻഫക്ഷൻ ഉണ്ടായി എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്ന് ഭർത്താവ് മനു പറഞ്ഞു. തുടർന്ന് നടത്തിയ രക്തപരിശോധനയിൽ കൗണ്ട് കുറവായതിനാൽ ഡെങ്കിപ്പനി ആണെന്ന് പറയുകയും മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു. തലകറക്കം വന്നതിന് ശേഷം എന്നെ വിളിച്ച് കാണിച്ചു തന്നതാണ്. സംസാരിക്കുകയൊക്കെ ചെയ്തിരുന്നു. പിന്നെ ഓരോ ദിവസവും വയ്യാതായി. പിന്നെ വെന്റിലേറ്ററിലായി. കഴിഞ്ഞ ദിവസം ഭക്ഷണത്തിനായി ട്യൂബ് ഇട്ടു. അതിന് ശേഷം കണ്ണ് തുറന്നിട്ടില്ല. ശ്രദ്ധിക്കാത്തതുകൊണ്ടാണ് ഇങ്ങനെ ആയതെന്നാണ് ഡോക്ടർ പറയുന്നത്. അണുബാധയേറ്റിരിക്കുന്ന ബാക്ടീരിയ ആശുപത്രി മുഖേന മാത്രം ഉണ്ടാകുന്നതാണ്. അതിന്റെ റിപ്പോർട്ടടക്കം കൈയിലുണ്ടെന്നും ഭർത്താവ് പറഞ്ഞു.
പ്രസവത്തെ തുടർന്ന് യുവതി മരിച്ചത് ചികിത്സ പിഴവ് മൂലമാണെന്നാരോപിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുന്നു
ലേബർ റൂം അണുവിമുക്തമായിരുന്നെന്ന് ആശുപത്രി അധികൃതർ
അണുബാധ ലക്ഷണങ്ങൾ തുടക്കത്തിൽ കാണിച്ചിരുന്നില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദുവും ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സുജയും അറിയിച്ചത്. കുടുംബത്തിന്‍റെ ദുഃഖത്തിൽ വിഷമമുണ്ട്. ലേബർ റൂം അണുവിമുക്തമായിരുന്നു. പ്രസവസമയത്ത് കുഞ്ഞിനും അമ്മക്കും അണുബാധ ലക്ഷണങ്ങൾ ഇല്ലായിരുന്നു. ഡിസ്ചാർജ് ചെയ്യുമ്പോൾ പനി ഇല്ലായിരുന്നു. വീട്ടിൽ പോയ ശേഷമാണ് യുവതി ഛർദിയുമായി വന്നത്. ആശുപത്രിയില്‍ എത്തുമ്പോൾ യുവതിയുടെ തുന്നൽ ഇളകിയ നിലയിലായിരുന്നു. മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ നിന്നാണോ അണുബാധ ഉണ്ടായതെന്ന് പറയാൻ കഴിയില്ലെന്നും ഡോക്ടര്‍മാർ വിശദീകരിച്ചു.
അണുബാധ ഉണ്ടായത് ആശുപത്രിയിൽ നിന്നുതന്നെയെന്ന് ശിവപ്രിയയുടെ സഹോദരൻ ശിവപ്രസാദ്. എസ്.എ.ടി ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം 26ന് വീണ്ടുമെത്തിയ ശിവപ്രിയക്ക് സ്റ്റിച്ചിൽ അണുബാധ എന്നാണ് പറഞ്ഞത്. പിന്നീട് അണുബാധ രക്തത്തിൽ പടർന്നു. ശ്വാസകോശത്തിൽ നീര്‍ക്കെട്ടായതിനെ തുടര്‍ന്ന് വെൻറിലേറ്ററിലേക്ക് മാറ്റണമെന്ന് പറഞ്ഞു. ഒമ്പത് ദിവസം വെന്‍റിലേറ്ററിലായിരുന്നു. രണ്ട് ദിവസം മുമ്പുവരെ കണ്ണ് തുറക്കുമായിരുന്നു. ഭക്ഷണവും മരുന്നും നൽകാൻ തൊണ്ടയിൽ ട്യൂബിടുന്ന ‘ട്രക്കോസ്മി’ ചെയ്തതിന് ശേഷം ഉണര്‍ന്നിട്ടില്ല. സാമ്പിൾ റിസൾട്ട് പ്രകാരം ഹോസ്പിറ്റലിൽനിന്ന് പിടിപെടുന്ന ബാക്ടീരിയ എന്നാണറിഞ്ഞത്. ‘അസിനെറ്റോ ബാക്ട്’ എന്നാണ് പറഞ്ഞത്. ഉപയോഗിച്ച ബ്ലേഡോ, ഗ്ലൗസോ ഉപയോഗിക്കുന്നതിലൂടെ വരാൻ സാധ്യതയുണ്ടെന്നും പറഞ്ഞിരുന്നു. ഒന്നുകിൽ മെഡിക്കൽ കോളജിൽനിന്ന് അല്ലെങ്കിൽ എസ്.എ.ടിയിൽനിന്ന് കിട്ടിയതാകാമെന്നാണ് ഡോക്ടർ പറഞ്ഞതെന്നും സഹോദരൻ പറയുന്നു.
കൈക്കുഞ്ഞുമായും ശിവപ്രിയയുടെ മൂത്ത കുട്ടി രണ്ടര വയസ്സുള്ള ശിവനേത്രയുമായും ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ ഇന്ന് പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അവർ അറിയിച്ചതോടെ സമരം മണിക്കൂറുകൾ നീണ്ടു. ശക്തമായ നടപടി ആവശ്യപ്പെട്ട് കോൺഗ്രസും ബി.ജെ.പിയും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. ബന്ധുക്കളുമായി ആശുപത്രി സൂപ്രണ്ട് നടത്തിയ ചർച്ചയിൽ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്താമെന്നും വിദഗ്ധ സമിതി അന്വേഷിക്കുമെന്നും കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കുമെന്നുമുള്ള ഉറപ്പിലാണ് ഉച്ചക്ക് 12ന് ആരംഭിച്ച പ്രതിഷേധം രാത്രി ഏഴോടെ അവസാനിപ്പിച്ചത്. സംഭവത്തിൽ പ്രത്യേക ടീമിനെ വെച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.