അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍: വനിത കമീഷന്‍ പബ്ലിക് ഹിയറിങ് നവംബര്‍ 11ന് കോഴിക്കോട്

തിരുവനന്തപുരം: അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് നവംബര്‍ 11ന് കോഴിക്കോട് പബ്ലിക് ഹിയറിങ് നടത്തുമെന്ന് വനിത കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. വനിത കമീഷന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമീഷന്‍ അധ്യക്ഷ.

അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപികമാരുടെ പ്രശ്‌നങ്ങള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും സങ്കീര്‍ണമായി നിലനില്‍ക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികള്‍ കമ്മിഷനു മുന്‍പാകെ വരുന്നുണ്ട്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ബോധവല്‍ക്കരണം, സ്ത്രീ സുരക്ഷാ സംവിധാനങ്ങളില്‍ പോലീസിന്റെ ഇടപെടല്‍ സംബന്ധിച്ച് കൃത്യമായ ധാരണ നല്‍കുക എന്നിവ വനിത കമ്മിഷന്‍ ലക്ഷ്യമിടുന്നുണ്ട്.

ഏഷ്യയിലെ ആദ്യത്തെ വനിതാ പൊലീസ് സ്‌റ്റേഷന്‍ ആരംഭിച്ചത് 1973ല്‍ കോഴിക്കോട്ടാണ്. ഈ പൊലീസ് സ്‌റ്റേഷന്റെ സുവര്‍ണ ജൂബിലി ആഘോഷം വിവിധ പരിപാടികളോടെ നടത്തുകയാണ്. ഇതിന്റെ ഭാഗമായി സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട സംരക്ഷണ നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതില്‍ പൊലീസിന്റെ ഇടപെടല്‍ സംബന്ധിച്ച് ഒക്ടോബര്‍ 24ന് കോഴിക്കോട് ടൗണ്‍ഹാളില്‍ സെമിനാര്‍ സംഘടിപ്പിക്കും.

നിര്‍ഭയ സെല്ലിലുളള വോളന്റിയര്‍മാര്‍, വനിത പൊലീസ് ഉദ്യോഗസ്ഥര്‍, ലോ കോളജ് വിദ്യാര്‍ഥികള്‍, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്‌സ്, കുടുംബശ്രീ സി.ഡി.എസ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും. കുടുംബ ജീവിതത്തിലെയും ഗാര്‍ഹിക ചുറ്റുപാടുകളിലെയും പ്രശ്‌നങ്ങള്‍, അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് സിറ്റിങില്‍ പരിഗണനക്കെത്തിയ പ്രധാന പരാതികള്‍.

ഗാര്‍ഹിക ചുറ്റുപാടുകളില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ കോഴിക്കോട് ജില്ലയിലും വര്‍ധിച്ച തോതിലുണ്ടെന്നാണ് സിറ്റിങില്‍ വന്ന പരാതികളില്‍ നിന്നും ബോധ്യപ്പെടുന്നത്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങളും വര്‍ധിച്ചു വരുകയാണ്. പൊലീസ് സ്‌റ്റേഷനില്‍ ഇരുകൂട്ടരേയും വിളിച്ചു വരുത്തി പ്രശ്‌നം പരിഹരിച്ചാലും തര്‍ക്കങ്ങള്‍ തുടരുന്നത് ഗൗരവതരമാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചു എന്നുള്ള പരാതിയും സിറ്റിംഗില്‍ പരിഗണിച്ചതായി വനിത കമീഷന്‍ അധ്യക്ഷ പറഞ്ഞു.

സിറ്റിങില്‍ ആകെ 55 പരാതികള്‍ പരിഗണിച്ചു. ഒമ്പത് പരാതികള്‍ തീര്‍പ്പാക്കി. ഏഴ് പരാതികള്‍ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനായി അയച്ചു. നാല് കേസുകള്‍ ജാഗ്രതാ സമിതിക്ക് കൈമാറി. 35 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റി. വനിതാ കമീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, കൗണ്‍സിലര്‍മാരായ സുനിഷ, സബിന, അമിന, വനിതാ സെല്‍ ഉദ്യോഗസ്ഥ വി.കെ. ദിവ്യശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Problems of Women in Unaided Educational Institutions: Women's Commission Public Hearing on November 11, Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.