പ്രിയങ്ക യു.ഡി.എഫ്​ സ്ഥാനാർഥി അരിതയുടെ വീട്ടിലെത്തി; പശു വളർത്തലിനെക്കുറിച്ച്​ ചോദിച്ചറിഞ്ഞു

തിരുവന്തപുരം: സംസ്ഥാനത്തെ യു.ഡി.എഫ്​ തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങൾക്ക്​ ഉണർവേകി കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തി. ആലപ്പുഴ ജില്ലയിലെത്തിയ പ്രിയങ്ക ഗാന്ധി കായംകുളത്തെ യു.ഡി.എഫ്​ സ്ഥാനാർഥി അരിത ബാബുവിനൊപ്പം റോഡ്​​ ഷോയിൽ പ​ങ്കെടുത്തു. അരിത ബാബു കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സ്​ഥാനാർഥികളിലൊരാളാണെങ്കിലും ധൈര്യവതിയും കേരളത്തിന്‍റെ ഭാവിപ്രതീക്ഷയാണെന്നും പ്രിയങ്ക പറഞ്ഞു. 

റോഡ്​ ഷോയിൽ പ​ങ്കെടുക്കുന്നതിനിടെ കായംകുളത്തെത്തിയപ്പോൾ പ്രിയങ്ക അരിതയുടെ വീട്​ സന്ദർശിക്കാൻ താൽപര്യം കാട്ടുകയായിരുന്നു. റോഡ്​ ഷോയ്ക്കി​ടെ അപ്രതീക്ഷിതമായി യാത്ര  അരിതയുടെ വീട്ടിലേക്ക്​ വഴിമാറി. ഈ സമയം,അരിതയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലായിരുന്നു. അവർ പ്രിയങ്കയെ കാണുന്നതിനായി റോഡ്​ ഷോ നടക്കുന്നിടത്തേക്ക്​ പോയതായിരുന്നു. പ്രിയങ്ക വീട്ടിലെത്തുന്ന വിവരമറിഞ്ഞ്​ അവരും തിരിച്ചെത്തി. അൽപസമയം അരിതയുടെ വീട്ടിൽ ചെലവഴിച്ച പ്രിയങ്ക തുടർന്ന്​ ​പശുവളർത്തലിനെക്കുറിച്ചെല്ലാം വിശദമായി ചോദിച്ചറിഞ്ഞു. ഇതിനിടയിൽ നിരവധി പേർ വീട്ടിനകത്തും പരിസരങ്ങളിലുമായി നേതാവിനെ കാണാൻ എത്തിച്ചേർന്നിരുന്നു. ഈ ആവേശനിമിഷങ്ങൾക്ക്​ ശേഷം അരിതയുമൊത്ത്​ വീട്ടിൽനിന്നിറങ്ങി പ്രിയങ്ക റോഡ്​ ഷോ തുടരുകയായിരുന്നു. 

ഒരുമണിക്കൂറോളം നീണ്ട റോഡ്​ഷോ യു.ഡി.എഫ്​ കേന്ദ്രങ്ങൾ വഴിയിലുടനീളം ആവേശത്തോടെയാണ്​ വരവേറ്റത്​. ആലപ്പുഴക്ക്​ പുറമേ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഇന്ന്​ പ്രിയങ്ക പര്യടനം നടത്തും. കരുനാഗപ്പള്ളിയിലെ പൊതുസമ്മേളനത്തിൽ പ​ങ്കെടുത്ത പ്രിയങ്ക സംസ്ഥാന ​സർക്കാറിനെ രൂക്ഷമായഭാഷയിൽ വിമർശിച്ചിരുന്നു.


പിതാവ്​ അസുഖബാധിതനായതോ​െട​ പശുക്കളുടെ പരിപാലനം ഏറ്റെടുത്ത അരിത സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ ശ്രദ്ധ നേടിയിരുന്നു. പുലർച്ചെ എഴുന്നേറ്റ്​ സൊസൈറ്റിയിലും വീടുകളിലും പാൽ വിതരണം ചെയ്​ത ശേഷമാണ്​ അരിത ആലപ്പുഴ ജില്ലാ പഞ്ചായത്ത്​ അംഗമെന്ന നിലയിൽ പ്രവർത്തിച്ചിരുന്നത്​. എൽ.ഡി.എഫിന്‍റെ സിറ്റിങ്​ എം.എൽ.എ യു. പ്രതിഭയോടാണ്​ അരിത മാറ്റുരക്കുന്നത്​. 



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.