പാലക്കാട്: ബി.ജെ.പിയിലെ പൊട്ടിത്തെറി പരസ്യമാക്കി പാലക്കാട് നഗരസഭ മുൻ അധ്യക്ഷയുടെ വിടവാങ്ങൽ കുറിപ്പ്. സ്വന്തം ആളുകളിൽ നിന്നുണ്ടായ പ്രവചനാതീതമായ നീക്കങ്ങൾ അത്ഭുതപ്പെടുത്തിയെന്നും രാഷ്ട്രീയ ജീവിതത്തോട് സന്തോഷത്തേടെയും സമാധാനത്തോടെയും വിടപറയുന്നുവെന്നുമാണ് നഗരസഭ മുൻ അധ്യക്ഷ പ്രിയ അജയൻ ഫേസ്ബുക്കിൽ കുറിച്ചത്.
രാഷ്ട്രീയ രംഗത്തെ കയറ്റിറക്കങ്ങളും ആരെ വിശ്വസിക്കണം ആരെ സൂക്ഷിക്കണം എന്നുള്ള കയ്പേറിയ പാഠങ്ങളും ഈ കാലയളവിൽ ഞാൻ പഠിച്ചുവെന്നും പ്രിയ അജയൻ പറഞ്ഞു.
"പ്രിയപ്പെട്ടവരെ, കൗൺസിലർ എന്ന നിലയിലുള്ള എന്റെ അഞ്ച് വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ഇന്ന് തിരശ്ശീല വീഴുകയാണ്. ആദ്യത്തെ മൂന്നു വർഷം പാലക്കാട് നഗരസഭ ചെയർപേഴ്സൺ എന്ന നിലയിലും, തുടർന്ന് കൗൺസിലറായും സേവനം ചെയ്യാൻ കഴിഞ്ഞത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്.
രാഷ്ട്രീയ രംഗത്തെ കയറ്റിറക്കങ്ങളും, ആരെ വിശ്വസിക്കണം, ആരെ സൂക്ഷിക്കണം എന്നുള്ള കയ്പേറിയ പാഠങ്ങളും ഈ കാലയളവിൽ ഞാൻ പഠിച്ചു. സ്വന്തം ആളുകളുടെ പോലും പ്രവചനാതീതമായ നീക്കങ്ങൾ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എങ്കിലും, ഒരുകാര്യം ഞാൻ അഭിമാനത്തോടെ പറയുന്നു: രാഷ്ട്രീയം നോക്കാതെ സഹായം തേടി വന്ന എല്ലാവർക്കും വേണ്ടി പ്രവർത്തിക്കാൻ സാധിച്ചു .
അതിലൂടെ ജനങ്ങളുടെ മനസ്സിൽ ഒരു നല്ല സ്ഥാനം നേടാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ യാത്രയിൽ എന്നെ പിന്തുണച്ച വോട്ട് ചെയ്ത പ്രിയ ജനങ്ങളോടും, ഒപ്പം നിന്ന സഹപ്രവർത്തകരോടും, ഏറ്റവും പ്രധാനമായി, എൻ്റെ തീരുമാനങ്ങളെ വിശ്വസിച്ച് എല്ലാ പിന്തുണയും നൽകിയ മുനിസിപ്പൽ ജീവനക്കാരോടും എൻ്റെ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. പുതിയ പാഠങ്ങൾ ഉൾക്കൊണ്ട്, ഈ രാഷ്ട്രീയ ജീവിതത്തോട്, ഞാൻ സന്തോഷത്തോടെയും സമാധാനത്തോടെയും വിട പറയുന്നു. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും!"
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.