തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്ല് സെലക്‌ട് കമ്മിറ്റിക്ക് അയക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിറണായി വിജയന് കത്തയച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻറെ പ്രഖ്യാപിത നയത്തിൽനിന്നുള്ള വ്യതിയാനത്തിന്റെ ഭാഗമായി സ്വകാര്യ സർവകലാശാലകൾക്ക് കളമൊരുക്കുന്ന ബില്ലുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്ന് കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയെ വാണിജ്യവൽക്കരിക്കാനുള്ള സാഹചര്യം ഒരു കാരണവശാലും ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
കേരളത്തിന് പുറത്ത് നിലവിലുള്ള സ്വകാര്യ സർവകലാശാലകളുടെ പ്രവർത്തനത്തിൽ പ്രകടമായികാണുന്ന ഗുണദോഷങ്ങളെക്കുറിച്ച് വിലയിരുത്തണം. അതോടൊപ്പം വിദ്യാഭ്യാസ വിദഗ്‌ധന്മാരുടേയും പൊതുസമൂഹത്തിന്റെ വിവിധ തലങ്ങളിൽപ്പെട്ടവരുടേയും അഭിപ്രായങ്ങൾ ആരായുകയും വേണം.ഇക്കാര്യങ്ങൾക്കായി ഈ ബില്ല് ഒരു സെലക്‌ട് കമ്മിറ്റിക്ക് റഫർ ചെയ്യുന്നതായിരിക്കും ഉചിതം. അതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ വി.എം. സുധീരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.