ദേശസാത്കൃത റൂട്ടിലെ സ്വകാര്യ പെര്‍മിറ്റ്: തീരുമാനമില്ലാതെ സര്‍ക്കാര്‍


തിരുവനന്തപുരം: 31 ദേശസാത്കൃത റൂട്ടുകളിലെ സ്വകാര്യ പെര്‍മിറ്റും ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി (എല്‍.എസ്.ഒ.എസ്) പെര്‍മിറ്റും സംബന്ധിച്ച കരട് വിജ്ഞാപനത്തിന്‍െറ കാലാവധി തീരാന്‍ മൂന്ന് ദിവസം മാത്രം. കെ.എസ്.ആര്‍.ടി.സിയുടെ കര്‍ക്കശനിലപാടും മറുഭാഗത്ത് സ്വകാര്യ ബസുകളുടെ സമ്മര്‍ദവും ശക്തമായി തുടരുന്നതിനിടെ അന്തിമവിജ്ഞാപന കാര്യത്തില്‍ കൃത്യമായ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ ഇരുട്ടില്‍. സ്വകാര്യ ബസുകളെ സഹായിക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി 2016 ഫെബ്രുവരി എട്ടിന് യു.ഡി.എഫ് സര്‍ക്കാര്‍ ഇറക്കിയ കരട് വിജ്ഞാപനത്തിന്‍െറ കാലാവധി ഫെബ്രുവരി എട്ടിന് അവസാനിക്കും. ഇതിനുമുമ്പേ അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്നതാണ് വ്യവസ്ഥ. നിലവിലെ അനുകൂല വ്യവസ്ഥകള്‍ നിലനിര്‍ത്തി അന്തിമവിജ്ഞാപനമിറക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ താല്‍പര്യം. 

വിഷയത്തില്‍ രാഷ്ട്രീയ തീരുമാനം വേണമെന്ന് ഗതാഗതമന്ത്രി പറയുമ്പോഴും ഒൗദ്യോഗിക തീരുമാനമൊന്നുമുണ്ടായിട്ടില്ല. അതേസമയം കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായി നിജപ്പെടുത്തിയ 241 റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് നല്‍കിയ എല്‍.എസ്.ഒ.എസുകളെ സംരക്ഷിക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ എല്‍.ഡി.എഫിലെ ചില നേതാക്കാള്‍ നീക്കംതുടങ്ങിയെന്നാണ് വിവരം. ഓര്‍ഡിനറി ബസുകള്‍ക്ക് പരമാവധി സര്‍വിസ് നടത്താവുന്ന ദൂരം 140 കിലോമീറ്ററാണ്. ഈ വ്യവസ്ഥ ഒഴിവാക്കി എല്‍.എസ്.ഒ.എസ് എന്ന പേരില്‍ സ്വകാര്യ ബസുകള്‍ക്ക് എത്രദൂരവും ഓടാന്‍ അനുവാദം നല്‍കിയത് കെ.എസ്.ആര്‍.ടി.സിക്ക് വന്‍ സാമ്പത്തികബാധ്യതയുണ്ടാക്കുന്നെന്നും ഈ പെര്‍മിറ്റുകള്‍ പിന്‍വലിക്കണമെന്നുമാണ് മാനേജ്മെന്‍റ് നിലപാട്. എന്നാല്‍, റൂട്ടില്‍ ചെറിയമാറ്റം വരുത്തിയോ സര്‍വിസ് പുനഃക്രമീകരിച്ചോ എല്‍.എസ്.ഒ.എസുകളെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം. 

31 ദേശസാത്കൃത റൂട്ടുകളിലെ സ്വകാര്യ പെര്‍മിറ്റുകളുടെ കാര്യത്തിലും സര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാണ്. ഈ റൂട്ടിലോടുന്ന സ്വകാര്യബസുകളെ ഘട്ടംഘട്ടമായി ഒഴിവാക്കി കെ.എസ്.ആര്‍.ടി.സിക്ക് പ്രാമുഖ്യംകിട്ടുന്ന തരത്തില്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി 2009 മേയ് ഒമ്പതിന് ദേശസാത്കൃത സ്കീം സംബന്ധിച്ച് അന്തിമവിജ്ഞാപനമിറക്കിയിരുന്നു. 31 റൂട്ടുകളിലും 2006 മേയ് ഒമ്പതിനുശേഷം നല്‍കിയ സ്വകാര്യ പെര്‍മിറ്റുകള്‍ അസാധുവാകും, മേയ് ഒമ്പതിന് മുമ്പ് സമ്പാദിച്ച സ്വകാര്യ പെര്‍മിറ്റുകള്‍ കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെടുന്ന മുറക്ക് ഒഴിവാക്കും തുടങ്ങിയ വ്യവസ്ഥകളാണ് ഈ വിജ്ഞാപനത്തിലുണ്ടായിരുന്നത്. എന്നാല്‍, 2016 ഫെബ്രുവരി എട്ടിന് ഈ വ്യവസ്ഥകളെല്ലാം ഒഴിവാക്കി സ്വകാര്യ ബസുകളെ സഹായിക്കുന്ന നിര്‍ദേശങ്ങള്‍ ചേര്‍ത്ത് യു.ഡി.എഫ് സര്‍ക്കാര്‍ കരട് വിജ്ഞാപനമിറക്കി. 

ഈ വിജ്ഞാപനത്തിന്‍െറ കൂടി സമയപരിധിയാണ് എട്ടിന് അവസാനിക്കുന്നത്. ദേശസാത്കൃത റൂട്ടുകളില്‍ ഓടുന്ന സ്വകാര്യ ബസുകള്‍ക്ക് തങ്ങളുടെ മൊത്തം റൂട്ടിന്‍െറ അഞ്ച് ശതമാനം ദൂരം ദേശസാത്കൃത റൂട്ടില്‍ ഓടാമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍, അനുവദിക്കപ്പെട്ട അഞ്ച് ശതമാനത്തില്‍ കൂടുതല്‍ ദൂരം ഉപയോഗപ്പെടുത്തുന്ന ബസുകളില്‍നിന്ന് പ്രതിമാസം 5000 രൂപ കെ.എസ്.ആര്‍.ടി.സിക്ക് വാങ്ങിനല്‍കണമെന്നും മാനേജ്മെന്‍റ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  

Tags:    
News Summary - Private permit in nationlised route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.