പാലക്കാട്: കോടിക്കണക്കിന് രൂപയുടെ അനെര്‍ട്ട് പദ്ധതികളുടെ പരിശോധനച്ചുമതല റിന്യൂവബ്ൾ എനർജി കെയർ (ആർ.ഇ.സി) എന്ന സ്വകാര്യ ഏജൻസിയെ ഏൽപിച്ചതിൽ വ്യാപക ക്രമക്കേട്. സർക്കാറിന്റെ ഊർജമിത്ര കേന്ദ്രങ്ങളുടെ കൺസോർട്യം എന്ന നിലയിൽ അനെർട്ടിന്റെ വിവിധ പദ്ധതികളുടെ നിർവഹണച്ചുമതല ഏറ്റെടുത്ത ആർ.ഇ.സിയുടെ മുഖ്യ പങ്കാളി ‘ഊർജമിത്ര വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്വകാര്യ കമ്പനിയാണ്.
ഏതാനും ഊർജമിത്ര കേന്ദ്രങ്ങളൊഴിച്ച് സൗരോർജ മേഖലയിലെ സേവനങ്ങൾ ചെയ്യുന്ന കമ്പനികളുടെ പാർട്ണർമാരും ഡയറക്ടർമാരും അടങ്ങുന്നതാണ് ആർ.ഇ.സി എന്ന കൺസോർട്യമെന്ന് നിയമസഭയിൽ ചോദ്യങ്ങൾക്കുള്ള ഉത്തരമായി സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നു.
‘അനെർട്ടിന്റെ റിന്യൂവബ്ള്‍ എനര്‍ജി സേവനദാതാക്കളായി പ്രവർത്തനപരിചയമുള്ള ഊർജമിത്രയുടെ കണ്‍സോർട്യം ആയതിനാലാണ് ആർ.ഇ.സിയെ തെരഞ്ഞെടുത്തത്’ എന്നായിരുന്നു 2025 മാർച്ച് നാലിലെ ചോദ്യത്തിന് മറുപടിയായി വൈദ്യുതി മന്ത്രി നിയമസഭയിൽ പറഞ്ഞത്.
എന്നാൽ, അനെര്‍ട്ട് ധാരണപത്രം ഒപ്പിട്ട തീയതിക്കുശേഷം 2023 ജൂലൈ 15ന് രജിസ്ട്രേഷൻ ലഭിച്ച ഒരു മൈക്രോ എന്റർപ്രൈസ് സ്ഥാപനം മാത്രമാണ് ആർ.ഇ.സി. കൂടാതെ, കരാർ ഒപ്പിട്ട് 22 മാസം കഴിഞ്ഞ് 2025 ഫെബ്രുവരി 21നു മാത്രമാണ് ഫയലിൽ ഉൾപ്പെടുത്തിയതെന്ന് രേഖകളിൽനിന്ന് വ്യക്തമാണ്. ആർ.ഇ.സി സെക്രട്ടറിതന്നെയാണ് ഊർജമിത്ര വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായി തുടരുന്നതും. ഊർജമിത്ര എന്ന പേര് ദുരുപയോഗംചെയ്ത് കൺസോർട്യത്തിലെ പ്രധാന കമ്പനി അനെർട്ടിന്റെ ഔദ്യോഗിക ഏജൻസിയുടെ ഭാഗമായി മാറുകയായിരുന്നുവെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.