‘സപ്ലൈകോയിൽ മുളകിന് 75 രൂപ, പൊതുവിപണിയിൽ 320’; സർക്കാറിനെതിരെ വിലവിവരപട്ടികയുമായി വി.ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില കുത്തിച്ചുയരുന്നത് നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്ന രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിപണിയിൽ ഇടപെടൽ നടത്തി പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് വി.ഡി സതീശൻ കുറ്റപ്പെടുത്തി. അവശ്യസാധനങ്ങൾക്ക് സപ്ലൈകോയിലും പൊതുവിപണിയിലുമുള്ള വില ചൂണ്ടിക്കാട്ടിയാണ് വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചത്.

ചെറുപയറിന് സപ്ലൈകോയിൽ 74 രൂപയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും എന്നാൽ, പൊതുവിപണിയിൽ 120 രൂപയാണ് വിലയെന്ന് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. അതുപോലെ സപ്ലൈകോയിൽ ഉഴുന്നുപരപ്പിന് 66ഉം കടലക്ക് 43ഉം വൻപയർ 45ഉം മുളകിന് 75ഉം രൂപയാണെങ്കിൽ പൊതുവിപണിയിൽ യഥാക്രമം 130, 160, 120, 320 രൂപയുമാണ്. സാധനങ്ങൾക്ക് ഇരട്ടിയും മൂന്നിരിട്ടിയുമാണ് പൊതുവിപണിയിലെ വില. നെടുമങ്ങാട് സപ്ലൈകോ പീപ്പിൾ ബസാറിൽ മുളക്, വൻപയർ, കടല, ഉഴുന്ന് എന്നിവ ലഭ്യമല്ല.

ഹോർട്ടികോർപ്പ് വഴിയുള്ള കത്തിരിയുടെ (നാടൻ) വില 72 രൂപയാണ്. എന്നാൽ ഇതിന് പൊതുവിപണിയിൽ 50 രുപയാണ്. വഴുതന-52, വെണ്ട-25, പടവലം-35 രൂപയാണെങ്കിൽ പൊതുവിപണിയിൽ യഥാക്രമം 30, 20, 25 രൂപയാണ്. ഈ സാഹചര്യത്തിൽ പച്ചക്കറിയുടെ വില ഹോർട്ടികോർപ് എങ്ങനെ നിയന്ത്രിക്കും.  

സപ്ലൈകോ സാധനം വാങ്ങിച്ചതിന്‍റെ പണം കൊടുക്കാനുണ്ട്. അതിനാൽ, കരാറുകാർ സാധനം നൽകുന്നില്ല. അതിനാൽ, പണം സർക്കാർ നൽകണം. ഓണത്തിന് മുമ്പ് സപ്ലൈകോക്ക് 700 കോടി രൂപയുടെ ആവശ്യമുണ്ട്. കരാറുകാർക്ക് കൊടുക്കാൻ 600 കോടി രൂപയുണ്ട്. 1300 കോടി ആവശ്യമുള്ള സപ്ലൈകോക്ക് സാധനം വാങ്ങിക്കാൻ സർക്കാർ 70 കോടി മാത്രമാണ് അനുവദിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Tags:    
News Summary - Price Rice: VD Satheesan with price list against the Pinarayi government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.