പ്രദേശവാസികളും വിനോദസഞ്ചാരികളും ആനയിറങ്കൽ മേഖലയിലെ വനത്തിൽ അതിക്രമിച്ചുകയറുന്നത്​ തടയണമെന്ന്​

കൊച്ചി: പ്രദേശവാസികളും വിനോദസഞ്ചാരികളും ആനയിറങ്കൽ മേഖലയിലെ വനത്തിൽ അതിക്രമിച്ചുകയറുന്നത്​ തടയണമെന്ന്​ ഇടുക്കി ജില്ലതല കർമസേനയുടെ റിപ്പോർട്ട്​. ജില്ലയിൽ വനത്തോടു ചേർന്ന ജനവാസ മേഖലകളിൽ വന്യജീവികൾ നാട്ടിലിറങ്ങുന്നത്​ തടയാൻ സോളാർ വൈദ്യുതി വേലികൾ സ്ഥാപിക്കണമെന്നും മാലിന്യ സംസ്കരണത്തിന് സ്ഥലം ലഭ്യമാക്കണമെന്നും ​കർമസേന കൺവീനർ കൂടിയായ ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറി പി.എ. സിറാജുദ്ദീൻ ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. അരിക്കൊമ്പനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ ഹൈകോടതി നിർദേശ പ്രകാരമാണ് കർമസേന രൂപവത്​കരിച്ചത്​.

ആനയിറങ്കൽ മേഖലയിലെ 301 സെറ്റിൽമെന്റ് കോളനി, 80 ഏക്കർ, പന്നിയാർ, മൂലന്തറ തുടങ്ങിയ വില്ലേജുകളിൽ സോളാർ വൈദ്യുതി വേലികൾ സ്ഥാപിക്കണം. മതിയായ വഴിവിളക്കുകളും സൈൻ ബോർഡുകളും സ്ഥാപിക്കണം. പൊലീസ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘമുണ്ടാക്കണം. കൃഷിയാവശ്യങ്ങൾക്ക് വനം കൈയേറുന്നത്​ തടയുകയും ഇത്തരം കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയും ചെയ്യണം. സഞ്ചാരികളെ ആകർഷിക്കാൻ വനമേഖലയിൽ അനധികൃത ഷെഡുകൾ സ്ഥാപിച്ചത്​ നീക്കണം. മേഖലയിലെ ജനങ്ങൾക്ക്​ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

വനമേഖലയോടു ചേർന്ന് മാലിന്യം തള്ളുന്നതും വനമേഖലയിൽ വേണ്ടത്ര ഭക്ഷണവും വെള്ളവുമില്ലാത്തതും വന്യമൃഗങ്ങൾ നാട്ടിലിറങ്ങാൻ കാരണമാകുന്നുണ്ട്. വനമേഖലകളിൽ ചെറിയ കുളങ്ങൾ നിർമിക്കണം. ഇവിടെ ഈറ്റയും പുല്ലും വെച്ചുപിടിപ്പിക്കുന്നതും ഗുണകരമാണ്. സർക്കാർ അനുവദിച്ചാൽ ഇവ വെച്ചുപിടിപ്പിക്കാൻ തയാറാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചെന്നും കർമസേനയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - prevent encroaching on the anayirankal forest area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT