തിരുവനന്തപുരം: ‘വികസിത കേരളം’ എന്ന പ്രമേയത്തിലൂന്നി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്ന ബി.ജെ.പിക്ക് നൂറുദിന കർമപരിപാടി. പാർട്ടി സംസ്ഥാന ഭാരവാഹികളുടെ പ്രഥമ യോഗമാണ് ആഗസ്റ്റ് ഒന്നിന് തുടങ്ങുന്നതരത്തിൽ കർമപരിപാടി ആവിഷ്കരിച്ചത്.
ആഗസ്റ്റ് 10നകം സംസ്ഥാനത്തെ 20,000ത്തിൽപരം വാർഡുകളിൽ പ്രത്യേക സമ്മേളനം ചേർന്ന് വികസന വിഷയങ്ങൾ ചർച്ചചെയ്ത് കുറ്റപത്രവും വികസന രേഖയും തയാറാക്കും. എല്ലാ വാർഡിലും ഇക്കുറി സ്വതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി സ്വാഭിമാന റാലി നടത്തി വികസിത കേരള പ്രതിജ്ഞയെടുക്കും. സമാനന്തരമായി തദ്ദേശ സ്ഥാപനങ്ങളുടെ അഴിമതിക്കെതിരെ തുടർപ്രക്ഷോഭം ആരംഭിക്കും.
കേന്ദ്ര സർക്കാർ ഫണ്ടുകൾ തദ്ദേശ സ്ഥാപനങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ ധവളപത്രമിറക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശും അനൂപ് ആന്റണിയും പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കേരളം ഭരിക്കാൻ കെൽപുള്ള സാന്നിധ്യമായി എൻ.ഡി.എ മാറുമെന്ന രാഷ്ട്രീയ പ്രമേയം ഭാരവാഹിയോഗം അംഗീകരിച്ചു.
യുവമോർച്ച, മഹിള മോർച്ച, കർഷക മോർച്ച, ന്യൂനപക്ഷ മോർച്ച, ഒ.ബി.സി മോർച്ച, എ.ബി.വി.പി തുടങ്ങിയവയുടെ അധ്യക്ഷന്മാരെ പ്രഖ്യാപിക്കുന്നത് വൈകുന്നതിൽ വിമർശനമുയർന്നു. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന് സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.