നിലമ്പൂർ: ജില്ല ആശുപത്രിയിൽ പൂർണ ഗർഭിണിയായ യുവതിയെക്കൊണ്ട് ശുചിമുറി കഴുകിപ്പിച്ചെന്ന് ആക്ഷേപം. ഉപയോഗിച്ചശേഷം ബാത്ത് റൂം വൃത്തിയാക്കിയില്ല എന്ന് ആരോപിച്ചായിരുന്നു പൂർണ ഗർഭിണിയുടെ ഗ്ലൂക്കോസ് അഴിച്ചുവെപ്പിച്ചതിനുശേഷം ബാത്ത്റൂം വൃത്തിയാക്കിപ്പിച്ചതെന്നാണ് ആരോപണം. ഈ മാസം 20നാണ് അസം സ്വദേശിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഗര്‍ഭിണികളുടെ വാര്‍ഡിലെ ബാത്ത്റൂം ഉപയോഗിച്ച ശേഷം വൃത്തിയാക്കാതെ പോയെന്നും ഇത് ഇവരാണ് എന്ന് ആരോപിച്ചുമാണ് ആശുപത്രി ജീവനക്കാര്‍ പിറ്റേ ദിവസം പ്രസവ തീയതിയുള്ള 21കാരിയായ അസം സ്വദേശിയെ കൊണ്ടുതന്നെ ബാത്ത് റൂം പൂര്‍ണമായി ശുചിയാക്കിപ്പിച്ചത്.
എന്നാൽ, തങ്ങളല്ല ചെയ്തതെന്ന് യുവതിയും കൂട്ടിരിപ്പുകാരിയായ സ്ത്രീയും പലതവണ പറഞ്ഞെങ്കിലും ജീവനക്കാര്‍ ഇവരെ കേൾക്കാൻ തയാറായില്ല. ഇതോടെ ആശുപത്രിക്ക് പുറത്ത് കാത്തിരിക്കുകയായിരുന്ന യുവതിയുടെ ഭര്‍ത്താവിനെ കൂട്ടിയിരിപ്പുകാരി വിവരം അറിയിച്ചു. ഇവരുടെ കരച്ചിൽകേട്ട് മറ്റുള്ളവര്‍ ഇടപെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
നിലമ്പൂരിലെ കോഴിഫാമിൽ ജോലി ചെയ്യുന്നവരാണിവർ. അതേസമയം, ബാത്ത് റൂമിനുള്ളിൽ ക്ലോസറ്റിന് പുറത്ത് മാലിന്യം കണ്ടു. ഇവിടെ തുണിയിട്ട് മറച്ചതായി കണ്ടിരുന്നു. ഈ തുണിയെടുത്ത് മാറ്റാനാണ് ഇവരോട് ആവശ്യപ്പെട്ടതെന്നാണ് അന്വേഷണത്തിൽ മനസ്സിലായതെന്ന് ആർ.എം.ഒ പറഞ്ഞു.
തുണി ക്ലോസെറ്റിൽ കുടുങ്ങിയാൽ പൈപ്പ് ഉൾപ്പെടെ ബ്ലോക്ക് ആവും. ഇവരെ ആരും അതിന് നിർബന്ധിച്ചിട്ടില്ലെന്നും അവർ സ്വമധേയാ ആണ് ചെയ്തതെന്നുമാണ് നേരിൽ കണ്ട് ചോദിച്ചപ്പോൾ യുവതിയും കൂടെയുള്ളവരും പറഞ്ഞത്. ഇതേക്കുറിച്ച് അവർ പരാതി തന്നിട്ടുമില്ല.എങ്കിലും സംഭവത്തിൽ നഴ്സിങ് സൂപ്രണ്ടിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി ആർ.എം.ഒ ഡോ. ബഹാവുദ്ദീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.