തിരുവനന്തപുരം: പ്രവാസികള്‍ക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുമെന്ന് വൈകുന്നേരങ്ങളിലെ ‘ബഡായി ബംഗ്ലാവി’ലിരുന്നു പറയുന്ന മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ ഒരു ആത്മാർഥതയുമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രവാസികളോടുള്ള അവഗണനക്കെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി ജില്ല കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിനുമുന്നില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കൊറോണ ബാധിച്ച് 103 മലയാളികളാണ് ഗള്‍ഫില്‍ മരിച്ചത്. ഇതില്‍ ബഹുഭൂരിപക്ഷവും ദുര്‍ബല കുടുംബങ്ങളിലെ ഏക അത്താണികളാണ്. ഇവരുടെ കുടുംബങ്ങള്‍ക്ക് പ്രത്യേകം സഹായം നല്‍കണം. ഗള്‍ഫില്‍ എത്തുമ്പോള്‍ നമുക്ക് ആതിഥ്യം അരുളിയിട്ടുള്ളവരാണ് പ്രവാസികള്‍. ദുരിതബാധിതരായി അവര്‍ മടങ്ങിെയത്തിയപ്പോള് അവരിൽനിന്നും ക്വാറൻറീന് ഫീസ് വാങ്ങാനുള്ള തീരുമാനം ക്രൂരതയാണ്. ധിക്കാരപരമായ ഇൗ നീക്കത്തില്‍നിന്ന് സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജീവിതം വഴിമുട്ടിയ പ്രവാസികളിൽനിന്ന് ക്വാറൻറീന് ഫീസ് ഈടാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി. പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. പ്രവാസികള്‍ നമ്മുടെ അതിഥികളാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ലോകകേരള സഭക്ക് വേണ്ടി ധൂര്‍ത്തടിച്ച തുകയുടെ ഒരു പങ്ക് മതിയായിരുന്നു ഇവരെ സംരക്ഷിക്കാനെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. 144 പ്രഖ്യാപിച്ച പാലക്കാട് ജില്ലയിലൊഴികെ 13 ജില്ല കേന്ദ്രങ്ങളിലും പ്രതിഷേധ ധർണ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.